ന്യൂസ് ഡെസ്ക് മലയാളം യുകെ

ടൈപ്പ് 1 പ്രമേഹത്തിന് പുതിയ ചികിത്സാ രീതികൾ കണ്ടെത്തി ഇംഗ്ലണ്ടിലെ എൻഎച്ച്എസ് മേധാവികൾ. നിലവിലുള്ള ചികിത്സാ രീതികളെ അപേക്ഷിച്ച് പുതിയ കണ്ടെത്തൽ വളരെ മുൻപന്തിയിൽ ആണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. നിലവിൽ, മിക്ക ടൈപ്പ് 1 പ്രമേഹ രോഗികളും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് ഇൻസുലിൻ മരുന്നുകളോ ദിവസേനയുള്ള ഒന്നിലധികം കുത്തിവയ്പ്പുകളോ വഴിയാണ്. എന്നാൽ ഹൈബ്രിഡ് ക്ലോസ്ഡ്-ലൂപ്പ് സിസ്റ്റം എന്ന് വിളിക്കപ്പെടുന്ന പുതിയ ഗാഡ്‌ജെറ്റ്, സാധാരണ കുത്തിവയ്പുകളിൽ നിന്ന് രോഗികൾക്ക് മോചനം നൽകുന്നു.

പുതിയ കണ്ടെത്തൽ രക്തത്തിലെ ഇടയ്ക്കിടയ്ക്കുള്ള ഗ്ലുക്കോസിൻെറ തോത് നോക്കുന്നതിൻെറ ആവശ്യകത ഇല്ലാതാക്കുന്നു. ഉറക്ക രീതികൾ, വ്യായാമം, അസുഖം, ഭക്ഷണക്രമം എന്നിവയെ ആശ്രയിച്ച് ഇവ ഓരോ രോഗികളിലും വ്യത്യസ്‌തപ്പെടാം. പുതിയ ഗാഡ്‌ജെറ്റ് രക്തത്തിലെ പഞ്ചസാരയെ തുടർച്ചയായി നിരീക്ഷിക്കുകയും ഒരു രോഗിക്ക് എത്ര ഡോസ് ഇൻസുലിൻ ആവശ്യമാണെന്ന് പ്രവചിക്കുകയും ചെയ്യുന്നു. സിസ്റ്റം ഒരു രോഗിയുടെ ഫോണിലെ ഒരു ആപ്പിലേക്ക് ലിങ്ക് ചെയ്യുകയും ഒരു വ്യക്തിയുടെ ശരീരത്തിന് കാലക്രമേണ എന്താണ് വേണ്ടതെന്ന് മനസിലാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവിൻെറ സ്‌ഥിരത നിലനിർത്താനും ഇത് സഹായിക്കുന്നു.

ജീവനു ഭീഷണിയാകുന്ന ഹൈപ്പോഗ്ലൈസെമിക് ആക്രമണങ്ങളുടെ അപകടസാധ്യത പുതിയ കണ്ടെത്തൽ കുറയ്ക്കും. പുതിയ ഗാഡ്‌ജെറ്റ് വളരെ പെട്ടെന്ന് തന്നെ ഈ രോഗാവസ്ഥയിലുള്ള 36,000 കുട്ടികൾക്ക് നൽകാനുള്ള ഒരുക്കത്തിലാണ് അധികൃതർ. രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ രക്തത്തിലെ പഞ്ചസാര സ്ഥിരമായി നിലനിർത്തുന്നതിലൂടെ – വൃക്കരോഗം, ഹൃദ്രോഗം എന്നിവയുൾപ്പെടെയുള്ള ഈ അവസ്ഥയുമായി ബന്ധപ്പെട്ട സങ്കീർണതകൾ ജീവിതകാലം മുഴുവൻ ഒഴിവാക്കാനാകും.