ന്യൂകാസിൽ: സങ്കീർണമായ ഹൃദ്രോഗങ്ങളുമായി ജീവിതത്തിനും മരണത്തിനുമിടയിൽ പോരാടിയ നൂറുകണക്കിന് കുട്ടികൾക്ക് പുതുജീവൻ നൽകിയ ശസ്ത്രക്രിയാ വിദഗ്ധൻ അസിഫ് ഹസന് പ്രൈഡ് ഓഫ് ബ്രിട്ടൻ പുരസ്കാര വേദിയിൽ ഹൃദയസ്പർശിയായ ആദരം. ന്യൂകാസിലിലെ ഫ്രീമാൻ ആശുപത്രിയിൽ ഔദ്യോഗിക ജീവിതകാലത്ത് 400ലേറെ കുട്ടികളുടെ ഹൃദയമാറ്റ ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകിയ വിരമിച്ച ഡോക്ടറെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്കാരം നൽകിയാണ് ആദരിച്ചത്. മറ്റുള്ളവർക്ക് അസാധ്യമെന്നു തോന്നിയിരുന്ന അതീവ സങ്കീർണവും അപകടസാധ്യതയേറിയതുമായ ശസ്ത്രക്രിയകൾ ഏറ്റെടുത്ത് കുട്ടികളുടെ ജീവൻ രക്ഷിച്ച അദ്ദേഹത്തിന്റെ സേവനത്തിനുള്ള അംഗീകാരമായിരുന്നു ഇത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മൂന്നു പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിനിടെ 4,000ലേറെ ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയകൾ നടത്തിയ അസിഫ് ഹസൻ, ഇതിൽ ഏകദേശം 3,000 ശസ്ത്രക്രിയകൾക്ക് മുഖ്യസർജനായി നേതൃത്വം നൽകി. 1995ൽ ഫ്രീമാൻ ആശുപത്രിയിൽ കൺസൾട്ടന്റ് കാർഡിയോതൊറാസിക് സർജനായി ചുമതലയേറ്റ അദ്ദേഹം കുട്ടികളുടെ ഹൃദയമാറ്റ ചികിത്സാ വിഭാഗത്തെ ലോകശ്രദ്ധയിലേക്ക് ഉയർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. ദാതാവിന്റെ ഹൃദയം ലഭിക്കുന്നതുവരെ കുട്ടികളെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ സഹായിക്കുന്ന മെക്കാനിക്കൽ ഹാർട്ട് സപ്പോർട്ട് സംവിധാനങ്ങളുടെ വികസനത്തിലും അദ്ദേഹത്തിന്റെ പ്രവർത്തനം ശ്രദ്ധേയമായി. വിദേശ രാജ്യങ്ങളിലെ ജീവകാരുണ്യ ശസ്ത്രക്രിയാ ക്യാംപുകളിലും പങ്കെടുത്ത അദ്ദേഹം പുതിയ തലമുറയിലെ നിരവധി ഹൃദയശസ്ത്രക്രിയാ വിദഗ്ധർക്ക് പരിശീലനവും നൽകി.

പുരസ്കാരച്ചടങ്ങിലെ ഏറ്റവും വികാരനിർഭരമായ നിമിഷം, അസിഫ് ഹസൻ രക്ഷിച്ച 19 മുൻ രോഗികൾ വേദിയിൽ അദ്ദേഹത്തിന് അപ്രതീക്ഷിതമായി മുന്നിലെത്തിയതായിരുന്നു. അവരിൽ ഒരാളാണ് സെബ് ഹോളിങ്സ്‌വർത്ത്. ജന്മനാ ഗുരുതരമായ ഹൃദയവൈകല്യമുണ്ടായിരുന്ന സെബിന് നാലുമാസം പ്രായമുള്ളപ്പോഴാണ് അസിഫ് ആദ്യ ശസ്ത്രക്രിയ നടത്തിയത്. 13-ാം വയസ്സിൽ വീണ്ടും ശസ്ത്രക്രിയ വേണ്ടിവന്നപ്പോഴും സെബിനും കുടുംബത്തിനും ആശ്രയമായത് അദ്ദേഹം തന്നെ. മാതാപിതാക്കൾക്ക് പൂർണ വിശ്വാസം നൽകുന്ന ശാന്തമായ പെരുമാറ്റവും കുട്ടികൾക്ക് കാര്യങ്ങൾ മനസ്സിലാകുന്ന വിധത്തിൽ വിശദീകരിക്കാനുള്ള ക്ഷമയും അസിഫിനെ വ്യത്യസ്തനാക്കിയെന്ന് സെബിന്റെ അമ്മ നഡീൻ പറഞ്ഞു. വിരമിച്ചെങ്കിലും ആയിരക്കണക്കിന് കുട്ടികളിലും അവരുടെ കുടുംബങ്ങളിലും അദ്ദേഹം സൃഷ്ടിച്ച മാറ്റം ഇന്നും തുടരുകയാണ്.