ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : കൊറോണ വൈറസ് ബാധിതനായ ക്യാപ്റ്റൻ സർ ടോം മൂറിനെ ബെഡ്ഫോർഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വസിക്കാൻ ബുദ്ധിമുട്ട് നേരിട്ടതിനെത്തുടർന്നാണ് മൂറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇന്നലെ വൈകുന്നേരം മൂറിന്റെ മകളാണ് ട്വിറ്ററിലൂടെ ഈ വിവരം പങ്കുവച്ചത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി വീട്ടിൽ ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നുവെന്നും ഇപ്പോൾ ശ്വസനത്തിന് അധിക സഹായം ആവശ്യമാണെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു. എങ്കിലും രോഗബാധിതനായ മൂറിനെ ഐസിയുവിൽ പ്രവേശിപ്പിച്ചിട്ടില്ല.
കൊറോണ വൈറസ് പാൻഡെമിക്കിനിടയിൽ രാജ്യത്തുടനീളമുള്ള രോഗികളെ പരിചരിക്കുന്ന എൻഎച്ച്എസിനായി 1,000 ഡോളർ സമാഹരിക്കാനാണ് യോർക്ക്ഷെയറിലെ കീഗ്ലിയിൽ നിന്നുള്ള 99 കാരൻ ആദ്യം ഉദ്ദേശിച്ചിറങ്ങിത്തിരിച്ചത്. എന്നാൽ തന്റെ ഉദ്യമം പൂർത്തിയാക്കിയപ്പോൾ എൻഎച്ച്എസിനായി സമാഹരിച്ചത് 17 മില്യൺ പൗണ്ട് ആണ്. കോവിഡ് -19 കാലഘട്ടത്തിൽ എൻഎച്ച്എസിനായി പണം സ്വരൂപിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ വിദൂരത്തുള്ള ആളുകളെ വരെ ഏറെ പ്രചോദിപ്പിച്ചു. അദ്ദേഹത്തിന്റെ നൂറാം ജന്മദിനത്തിൽ കേണൽ പദവി നൽകുകയും ചെയ്തിരുന്നു. ക്രാൻഫീൽഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഓണററി ഡോക്ടറേറ്റും ലഭിക്കുകയുണ്ടായി.
അതേസമയം ഇംഗ്ലണ്ടിലെ എല്ലാ കെയർ ഹോമുകൾക്കും കോവിഡ് വാക്സിൻ വാഗ്ദാനം ചെയ്തു. കെയർ ഹോമിൽ കഴിയുന്നവർക്ക് അധികം വൈകാതെ തന്നെ വാക്സീൻ ലഭിക്കും. 90 ലക്ഷം ആളുകൾക്ക് ഇതിനകം വാക്സിൻ ആദ്യ ഡോസ് ലഭിച്ചു. 490,000 പേർക്ക് രണ്ട് ഡോസുകൾ ലഭിച്ചു. പകർച്ചവ്യാധിയിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി വാക്സീനാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു.
Leave a Reply