ന്യൂസ് ഡെസ്ക്, മലയാളം യുകെ
കഴിഞ്ഞ കുറേ കാലമായി യുകെ മലയാളി സമൂഹത്തിൽ ഉണ്ടാകുന്ന പല മരണങ്ങളുടെ പിന്നിലും ക്യാൻസർ അല്ലെങ്കിൽ ഹൃദയസംബന്ധമായ രോഗങ്ങളായിരുന്നു. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ നേരത്തെ കണ്ടെത്താൻ സാധിക്കാത്തത് അപകടസാധ്യത വളരെയധികം വർദ്ധിപ്പിക്കുന്നുണ്ട്. ഹൃദ്രോഗ സാധ്യത വളരെ നേരത്തെ തിരിച്ചറിയുന്നതിനുള്ള ആർട്ടിഫിഷ്യൽ ഇൻറലിജൻസ് റ്റൂൾ ഉപയോഗിക്കാൻ എൻഎച്ച്എസ് സജ്ജമായതായുള്ള വാർത്തകൾ പുറത്തുവന്നു. ഒരാളുടെ രോഗസാധ്യതയും അപകടാവസ്ഥയും വളരെ നേരത്തെ മനസ്സിലാക്കി വിദഗ്ധ ചികിത്സ നൽകുന്നതിന് ഈ ഉപകരണത്തിന് സാധിക്കും. എഐ-ഇസിജി റിസ്ക് എസ്റ്റിമേഷൻ അഥവാ എയർ എന്നറിയപ്പെടുന്ന പുതിയ സാങ്കേതികവിദ്യ, ഇലക്ട്രോ കാർഡിയോഗ്രാം (ഇസിജി) ടെസ്റ്റുകളുടെ ഫലങ്ങൾ വിശകലനം ചെയ്താണ് ഹൃദയത്തിൻറെ അതിസങ്കീർണമായ വിവരങ്ങൾ ഡോക്ടർമാർക്ക് കൈമാറുന്നത്.
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഈ ഉപകരണം രോഗികളുടെ ജീവൻ രക്ഷിക്കുന്നതിനും വിദഗ്ധ ചികിത്സ നൽകുന്നതിന് ഡോക്ടർമാരെ സഹായിക്കുന്നതിനും വിപ്ലവകരമായ മാറ്റങ്ങൾ ചികിത്സാരംഗത്ത് വരുത്തും എന്നാണ് ആരോഗ്യവിദഗ്ധർ പ്രതീക്ഷിക്കുന്നത്. രോഗികളുടെ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ നേരത്തെ കണ്ടുപിടിച്ച്, തുടർ പരിശോധനകൾ വേണമോ, പ്രത്യേക ചികിത്സ ആവശ്യമാണോ എന്നിവ ഡോക്ടർമാരെ അറിയിക്കുന്നതിനാണ് ഈ ഉപകരണത്തിന്റെ പ്രധാന ലക്ഷ്യം ഇതിൻറെ പരീക്ഷണം ആദ്യഘട്ടത്തിൽ ലണ്ടനിലെ ഇമ്പീരിയൽ കോളേജ് ഹെൽത്ത് കെയർ എൻഎച്ച്എസ് ട്രസ്റ്റിലും ചെൽസി ആൻഡ് വെസ്റ്റ്‌മിൻസ്റ്റർ എൻഎച്ച്എസ് ട്രസ്റ്റിലും ആരംഭിക്കും. ആദ്യഘട്ടത്തിൽ നൂറുകണക്കിന് രോഗികൾക്ക് ഇതിൻറെ പ്രയോജനം ലഭിക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ലാൻസെറ്റ് ഡിജിറ്റൽ ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ 78% കേസുകളിലും ഇസിജിക്ക് ശേഷമുള്ള 10 വർഷത്തിനുള്ളിൽ ഒരു രോഗിയുടെ മരണസാധ്യത കൃത്യമായി തിരിച്ചറിയാൻ എയറിന് കഴിയുമെന്ന് കണ്ടെത്തിയത് വലിയ പ്രതീക്ഷയാണ് ശാസ്ത്രലോകത്തിന് നൽകിയിരിക്കുന്നത്. 189,539 രോഗികളിൽ നിന്നുള്ള 1.16m ECG ടെസ്റ്റ് ഫലങ്ങളുടെ ഡാറ്റാസെറ്റ് ഉപയോഗിച്ച് ഗവേഷകർ എയറിനെ പരിശീലിപ്പിച്ചു. ഹൃദയരോഗ ചികിത്സയിൽ ഇത് പുതിയ ഒരു ചുവടുവെയ്‌പ്പാണെന്ന് ലണ്ടനിലെ ഇംപീരിയൽ കോളേജിലെ കാർഡിയാക് ഇലക്‌ട്രോഫിസിയോളജിയിലെ റീഡറും ഇംപീരിയൽ കോളേജ് ഹെൽത്ത്‌കെയർ എൻഎച്ച്എസ് ട്രസ്റ്റിലെ കൺസൾട്ടൻ്റ് കാർഡിയോളജിസ്റ്റുമായ ഡോ.ഫു സിയോങ് എൻജി പറഞ്ഞു. അടുത്ത ഏതാനും വർഷത്തിന് ഉള്ളിൽ എൻ എച്ച് എസിൽ എവിടെയെങ്കിലും ഇസിജി ഉള്ള ഏതൊരാളുടെയും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ പെട്ടെന്ന് കണ്ടെത്തുന്നത് ചികിത്സാരംഗത്ത് വിപ്ലവം സൃഷ്ടിക്കുമെനാണ് ആരോഗ്യ വിദഗ്ധർ പ്രതീക്ഷിക്കുന്നത്.
Leave a Reply