ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച്എസ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ സ്ഥിതി ഗുരുതരമാകുകയാണെങ്കിൽ എന്തു ചെയ്യണം. തങ്ങളുടെ പ്രിയപ്പെട്ടവരുടെ ആരോഗ്യ അവസ്ഥ വഷളാവുകയാണെങ്കിൽ നിലവിൽ ചികിത്സിക്കുന്ന ടീം തന്നെ തുടർന്നാൽ മതിയാകുമോ? രോഗിയുടെ ആരോഗ്യം വഷളാകുമ്പോൾ അടുത്ത ബന്ധുക്കൾ എപ്പോഴും നേരിടുന്ന പ്രതിസന്ധിയാണ് മുകളിൽ പറഞ്ഞിരിക്കുന്ന ചോദ്യങ്ങൾ. എന്നാൽ അടുത്ത ഏപ്രിൽ മാസം മുതൽ രോഗികളുടെ നിലവിലെ ചികിത്സയിൽ രോഗം വഷളാവുകയാണെങ്കിൽ എന്ത് ചെയ്യണമെന്നതിനെ കുറിച്ചുള്ള വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ എൻഎച്ച്എസ് പുറത്തിറക്കി.

രോഗികളുടെ ആരോഗ്യസ്ഥിതി വഷളാവുകയാണെങ്കിൽ മറ്റൊരു മെഡിക്കൽ ഏജൻസികളുടെ നിരീക്ഷണവും അവലോകനവും ഏപ്രിൽ മാസം മുതൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ ഉറപ്പാക്കാനാണ് എൻഎച്ച്എസ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. മാർത്താസ് റൂൾ എന്നാണ് പുതിയ നടപടി ക്രമത്തിന് നാമകരണം നടത്തിയിരിക്കുന്നത്. 13 വയസ്സ് മാത്രം പ്രായമുള്ള മാർത്ത മിൽസ് 2021-ൽ ലണ്ടനിലെ കിംഗ്സ് കോളേജ് ഹോസ്പിറ്റലിൽ സെപ്സിസ് ബാധിച്ചാണ് മരിച്ചത്. മാർത്തയെ തീവ്ര പരിജന വിഭാഗത്തിൽ എത്തിക്കുന്നതിൽ അന്ന് ചികിത്സ നൽകിയവർക്ക് സാധിച്ചില്ല . മാർത്തയുടെ മോശമായ രോഗാവസ്ഥയെ കുറിച്ച് പ്രതികരിക്കാൻ എൻഎച്ച്എസ് സംവിധാനം പരാജയപ്പെടുകയാണ് ചെയ്തത്.


മാർത്തയുടെ മരണശേഷം ചികിത്സാ പരാജയത്തിനെതിരെ അവളുടെ മാതാപിതാക്കളായ മെറോപ്പും പോളും വിപുലമായ പ്രചരണമാണ് നടത്തിയത്. അങ്ങനെയാണ് രോഗിയുടെ അവസ്ഥയെക്കുറിച്ച് മറ്റൊരു മെഡിക്കൽ ടീമിൽനിന്ന് അടിയന്തിര ക്ലിനിക്കൽ അവലോകനം നടത്താൻ രോഗികളെയോ അവരുടെ കുടുംബാംഗങ്ങളെയോ അനുവദിക്കുന്ന സംവിധാനത്തിനായി വ്യാപകമായ പിന്തുണ ലഭിച്ചത് . ഏപ്രിൽ മാസം മുതൽ മാർത്താസ് റൂൾ നടപ്പിലാക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും തങ്ങളുടെ മകൾക്ക് ഉണ്ടായ ദുരനുഭവം മറ്റു രോഗികൾക്ക് സംഭവിക്കുന്നത് തടയാൻ ഇത് ഇടയാക്കുമെന്ന് മാർത്തയുടെ മാതാപിതാക്കൾ പറഞ്ഞു.

പുതിയ നടപടിക്രമങ്ങളുടെ ഭാഗമായി ആരോഗ്യ പ്രവർത്തകർ രോഗികളുടെ ആരോഗ്യത്തെക്കുറിച്ചുള്ള ദൈനംദിന വിവരങ്ങൾ അവരുടെ മാതാപിതാക്കളിൽ നിന്നോ കുടുംബാംഗങ്ങളിൽ നിന്ന് നേരിട്ട് രേഖപ്പെടുത്തണമെന്ന് നിഷ്കർഷിക്കപ്പെടുന്നു. രോഗിയുടെ പെരുമാറ്റത്തിലെ എന്തെങ്കിലും അസ്വാഭാവികത ആരോഗ്യ പ്രവർത്തകർക്ക് മനസ്സിലാക്കാൻ ഇത് ഉപകരിക്കും .