ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്ത്യയുമായി ഒരു ബില്യൻ പൗണ്ട് വിലമതിക്കുന്ന പുതിയ വ്യാപാര നിക്ഷേപ പദ്ധതികൾ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു. ഇതുവഴി ഇന്ത്യയിൽ നിന്നും 533 മില്യൺ പൗണ്ടിൻെറ പുതിയ നിക്ഷേപം യുകെയിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ 6000 തൊഴിലവസരങ്ങൾ രാജ്യത്ത് സൃഷ്ടിക്കപ്പെടും ഭാവിയിൽ ഇന്ത്യയും യുകെയും തമ്മിൽ ഒരു സ്വതന്ത്ര വ്യാപാര കരാറിന് വഴിയൊരുക്കാൻ പുതിയ വ്യാപാര നിക്ഷേപ ഇടപാടുകൾ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇന്ത്യയിൽ കോവിഡ് -19 രൂക്ഷമായ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൻെറ ഇന്ത്യൻ സന്ദർശനം ആദ്യം വെട്ടിച്ചുരുക്കുകയും പിന്നീട് മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. എങ്കിലും ഇന്ത്യൻ പ്രധാനമന്ത്രിയുമായി ഓൺലൈൻ മീറ്റിങ്ങിലൂടെ കാര്യങ്ങൾ ചർച്ച ചെയ്യുമെന്ന് ബോറിസ് ജോൺസൺ അറിയിച്ചിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രിയുമായി നടത്താനിരുന്ന വെർച്യുൽ മീറ്റിങ്ങിന് മുന്നോടിയായി പ്രഖ്യാപിച്ച കരാറിൽ സെറം ഇൻസ്റ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ 240 മില്യൺ പൗണ്ടിൻെറ നിക്ഷേപം ഉൾപ്പെടുന്നത് കോവിഡ് വാക്സിൻെറ ക്ലിനിക്കൽ പരീക്ഷണങ്ങൾ, ഗവേഷണങ്ങൾ, വാക്സിൻ നിർമ്മാണം എന്നീ കാര്യങ്ങളെ വളരെ സഹായിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. കോഡജെനിക്സുമായി സംയുക്തമായി ഒരു ഡോസ് നാസൽ വാക്സിൻ വികസിപ്പിക്കുന്നതിനുള്ള പ്രാരംഭ പരീക്ഷണം സെറം യുകെയിൽ ആരംഭിച്ചുകഴിഞ്ഞിരുന്നു.

പുതിയ നിക്ഷേപ പദ്ധതിയുടെ ഭാഗമായി സാങ്കേതിക മേഖലയിലും ആരോഗ്യമേഖലയിലും ഒട്ടേറെ സംരംഭങ്ങൾ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ഇൻഫോസിസ്, എച്ച്സി‌എൽ ടെക്നോളജീസ്, എംഫാസിസ് തുടങ്ങിയ സ്ഥാപനങ്ങളിൽ ആയിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡും ലോക്ക്ഡൗൺ മൂലം സമ്പദ്‌വ്യവസ്ഥയ്ക്ക് ഏൽപ്പിച്ച പ്രഹരത്തെ മറികടക്കാനും ബ്രിട്ടീഷ് , ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനും പുതിയതായി സൃഷ്ടിക്കപ്പെട്ട 6000 ത്തിലധികം തൊഴിലവസരങ്ങൾ പ്രയോജനപ്പെടുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. യുകെയും ഇന്ത്യയും തമ്മിൽ പ്രതിവർഷമുള്ള 23 ബില്യൻ പൗണ്ട് വ്യാപാരം 2030 ഓടെ ഇരട്ടിയാക്കാനാണ് യുകെ സർക്കാർ ലക്ഷ്യമിടുന്നത്.