സ്‌നോബോംബ് കാലാവസ്ഥാ മുന്നറിയിപ്പിനു മുന്നോടിയയി വിന്ററില്‍ അസുഖങ്ങളുണ്ടാകാതിരിക്കാന്‍ ടിപ്പുകള്‍ അവതരിപ്പിച്ച് എന്‍എച്ച്എസ്. ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് ഈ വര്‍ഷവും വരും എന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്നത്. ജനങ്ങള്‍ വ്യായാമം ചെയ്യുകയും വൈറ്റമിന്‍ ഡി കഴിക്കുകയും വേണമെന്ന് എന്‍എച്ച്എസ് നിര്‍ദേശങ്ങളില്‍ പറയുന്നു. അമിത ശൈത്യത്തില്‍ നിന്ന് രക്ഷപ്പെടാനാണ് ഈ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. ജനുവരി അവസാനത്തോടെ താപനില പൂജ്യത്തിലും താഴെയെത്തുമെന്നും 2006ലെ യൂറോപ്യന്‍ കോള്‍ഡ് വേവിന് സമാനമായിരിക്കും അവസ്ഥയെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് എന്‍എച്ച്എസ് നടപടി. കഴിഞ്ഞ വര്‍ഷം ബീസ്റ്റ് ഫ്രം ദി ഈസ്റ്റും എമ്മ ചുഴലിക്കാറ്റും മൂലം എന്‍എച്ച്എസ് ആശുപത്രികള്‍ രോഗികളെക്കൊണ്ട് നിറഞ്ഞിരുന്നു.

എന്‍എച്ച്എസ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍

വീടുകള്‍ക്ക് ഉള്‍വശം 18 ഡിഗ്രി വരെയായി നിലനിര്‍ത്തുക

പനി, ജലദോഷം, ന്യുമോണിയ, ഹാര്‍ട്ട് അറ്റാക്ക് തുടങ്ങിയവ വരാതിരിക്കാന്‍ ചൂടുള്ള അന്തരീക്ഷം നിലനിര്‍ത്തേണ്ടതുണ്ട്. ഡിപ്രഷന്‍ പോലെയുള്ള മാനസിക പ്രശ്‌നങ്ങളും കടുത്ത ശൈത്യത്തില്‍ ഉടലെടുത്തേക്കാം. അതിനാല്‍ മുറികളിലെ താപനില കുറഞ്ഞത് 18 ഡിഗ്രി വരെയെങ്കിലുമായി നിലനിര്‍ത്തണം. തണുത്ത വായു ശ്വസിക്കുന്നത് ചെസ്റ്റ് ഇന്‍ഫെക്ഷന്‍ വരുത്തിയേക്കാം. അതിനാല്‍ തണുത്ത കാറ്റ് അകത്തു കയറാതെ ജനലുകള്‍ അടച്ചിടണം.

പ്രായമായവരെ ശ്രദ്ധിക്കുക

അതിശൈത്യം ഏറ്റവും കൂടുതല്‍ ബാധിക്കുക പ്രായമായവരെയാണ്. അതുകൊണ്ടു തന്നെ ബന്ധുക്കളും സുഹൃത്തുക്കളും അയല്‍ക്കാരുമായ പ്രായമുള്ളവരെ പ്രത്യേകം ശ്രദ്ധിക്കണം. ഇവരെ ഇടക്ക് സന്ദര്‍ശിക്കുന്നത് നന്നായിരിക്കുമെന്നും എന്‍എച്ച്എസ് പറയുന്നു.

അത്യാവശ്യ മരുന്നുകള്‍ ശേഖരിക്കുക

വിന്റര്‍ മാസങ്ങളില്‍ അത്യാവശ്യമായ മരുന്നുകള്‍ ശേഖരിച്ചാല്‍ ഡോക്ടറെയോ നഴ്‌സിനെയോ കാണുന്നത് ഒഴിവാക്കാനാകും. ജലദോഷം, ചുമ, ചെവിയിലെ അണുബാധ, സൈനസൈറ്റിസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പാരസെറ്റമോള്‍, ഐബൂപ്രൂഫെന്‍ തുടങ്ങിയവ ധാരാളമാണ്. വൈറ്റമിനുകള്‍ കഴിക്കുന്നത് രോഗപ്രതിരോധ ശേഷി കൂട്ടും. വെയില്‍ ലഭിക്കാത്ത മാസങ്ങളായതിനാല്‍ വൈറ്റമിന്‍-ഡി സപ്ലിമെന്റുകള്‍ അനിവാര്യമാണ്.

വിന്ററില്‍ ഇന്‍ഫ്‌ളുവന്‍സ വ്യാപകമായി കാണാറുണ്ട്. ഇത് എന്‍എച്ച്എസിന് സമ്മര്‍ദ്ദമേറ്റുകയും ചെയ്യും. പനി ബാധിച്ചവരില്‍ നിന്നാണ് മറ്റുള്ളവരിലേക്ക് ഇത് പകരുന്നത്. ഇത് ഒഴിവാക്കാന്‍ മൂക്ക് തുടക്കാനും മറ്റും ഉപയോഗിക്കുന്ന ടിഷ്യൂ എത്രയും വേഗം ബിന്നില്‍ നിക്ഷേപിക്കുക.

വ്യായാമം വിന്റര്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ വലിയൊരു പ്രതിവിധിയാണ്. വീടുകള്‍ക്കുള്ളിലാണെങ്കിലും വ്യായാമം മുടക്കാതിരിക്കുക. വ്യായാമം ശരീര താപനില ഉയര്‍ത്തും. ആസ്ത്മ രോഗികള്‍ ഇന്‍ഹേലറുകള്‍ എപ്പോഴും ഒപ്പം കരുതണമെന്നും എന്‍എച്ച്എസ് നിര്‍ദേശിക്കുന്നു.