ലണ്ടന്‍ : 45000 ഓളം എന്‍എച്ച്എസ് ജൂനിയര്‍ ഡോക്ടര്‍മാരുടെ ആദ്യ 24 മണിക്കൂര്‍ വോക്കൌട്ട് സമരം നടക്കാനിരിക്കെ പതിനായിരക്കണക്കിനു രോഗികള്‍ വലയും. ചൊവ്വാഴ്ചത്തെ 4000 ഓപ്പറേഷനുകള്‍ മാറ്റിവച്ചു. കുട്ടികളെയും പ്രായമായവരെയും കാന്‍സര്‍ രോഗികളെയും സമരം ബാധിക്കും. ഔട്ട് പേഷ്യന്റ് വിഭാഗം സ്തംഭിക്കും. എങ്കിലും നിലപാട് മാറ്റത്തിന് ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട് തയാറായിട്ടില്ല.
ഇംഗ്ലണ്ടിലെ 160 ഹോസ്പിറ്റല്‍ ട്രസ്റ്റുകളെയും സമരം ബാധിക്കും. ചൊവ്വാഴ്ച രാവിലെ എട്ടിന് സമരം ബാധിക്കും. ഓപ്പറേഷനുകള്‍ മാറ്റിവച്ചത് രോഗികളെ അറിയിച്ചു കഴിഞ്ഞു. നാല് പതിറ്റാണ്ടിനു ശേഷം നടക്കുന്ന സമരം എന്‍എച്ച്എസിന്റെ താളം തെറ്റിക്കും. സമരത്തിനെതിരെ ഇന്‍ഡസ്ട്രിയല്‍ ആക്ഷന്‍ എടുക്കുമെന്ന് ആണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഭീഷണിക്ക് വഴങ്ങേണ്ടതില്ല എന്നാണു ജൂനിയര്‍ ഡോക്ടര്‍മാരുടെ നിലപാട്.
കഴിഞ്ഞമാസം നടക്കേണ്ട സമരം അവസാന മണിക്കൂറിലെ ചര്‍ച്ചയെ തുടര്‍ന്ന് മാറ്റി വയ്ക്കുകയായിരുന്നു. ചൊവ്വാഴ്ചയ്ക്ക് പുറമേ ജനുവരി 26, ഫെബ്രുവരി 10 തീയതികളിലും സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ 1, ഡിസംബര്‍ 8, ഡിസംബര്‍ 9 തീയതികളില്‍ ഡോക്റ്റര്‍മാര്‍ പ്രഖ്യാപിച്ച സമരമായിരുന്നു മാറ്റിയത്. ജൂനിയര്‍ ഡോക്ടര്‍മാരില്‍ 98 ശതമാനത്തിന്റെയും പിന്തുണ സമരത്തിനുണ്ടായിരുന്നു.
രാവിലെ എട്ട് മണി മുതല്‍ 24 മണിക്കൂര്‍ നേരത്തേക്ക് എമര്‍ജന്‍സി കെയര്‍ സേവനം ഒഴിച്ച് മറ്റുള്ളവയില്‍ നിന്ന് വിട്ടു നില്‍ക്കാനായിരുന്നു ഡോക്ടര്‍മാരുടെ തീരുമാനം. പുതിയ കോണ്‍ട്രാറ്റിലെ ദോഷകരമായ ശുപാര്‍ശകള്‍ ഒഴിവാക്കാന്‍ ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട് തയാറാകാത്ത സാഹചര്യത്തില്‍ ജനുവരി 13 ന് സമരം നടത്തുമെന്നു ജൂനിയര്‍ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ഇതുമായി മുന്നോട്ടു പോവുകയാണ് അവര്‍. സര്‍ക്കാരുമായി ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ചര്‍ച്ച നടത്തുന്നുണ്ട്.
ആഴ്ചയില്‍ 56 മണിക്കൂര്‍ സമയം ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുന്ന സര്‍ക്കാരിന്റെ പുതിയ കോണ്‍ട്രാറ്റിന്റെ വിവരങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിനും കൂട്ടത്തോടെ രാജ്യം വിടാനും തീരുമാനിച്ചത്. ആയിരക്കണക്കിന് ജൂനിയര്‍ ഡോക്ടര്‍മാര്‍ ആണ് വിദേശത്തേയ്ക്ക് പോകാന്‍ ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ മുമ്പാകെ ഇതിനോടകം അപേക്ഷിച്ചത്. ‘അപകടകരമായ ജോലി സമയം’ എന്ന് വിശേഷിപ്പിച്ചാണ് ശനിയാഴ്ചയും വീക്കെണ്ട് വൈകുന്നേരവും ജോലിചെയ്യാന്‍ നിര്‍ബന്ധിക്കുന്ന കോണ്‍ട്രാറ്റിനെതിരെ ഇവര്‍ രംഗത്തുവന്നത്.
തിങ്കള്‍ മുതല്‍ വെള്ളിവരെ രാവിലെ 7 മുതല്‍ വൈകിട്ട് ഏഴു വരെയുള്ള ഡ്യൂട്ടിക്ക് പകരം പുതിയ കോണ്‍ട്രാറ്റ് അനുസരിച്ച് തിങ്കള്‍ മുതല്‍ ശനിവരെ രാവിലെ 7 മുതല്‍ രാത്രി 10 വരെ എന്നതാണ് നിര്‍ദ്ദേശം. അധിക വേതനമില്ലാതെ കൂടുതല്‍ സമയം ജോലിചെയ്യാന്‍ നിര്‍ബന്ധിക്കുകയാണ് എന്നാണ് പരാതി. വീക്കെണ്ടില്‍ 20 ശതമാനം കൂടുതല്‍ മരണം ഉണ്ടാകുന്നു എന്ന കണ്ടെത്തലിനു പിന്നാലെയാണ് ഡ്യൂട്ടി സമയം കൂട്ടി പുനക്രമീകരിച്ചത്.