ലണ്ടന്‍: പണം ലാഭിക്കാനായി എന്‍.എച്ച്.എസ് ക്വാളിറ്റി കുറഞ്ഞ സിറിഞ്ച് പമ്പുകള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. ആയിരക്കണക്കിന് രോഗികളുടെ ജീവന്‍ അപകടത്തിലാക്കാന്‍ സാധ്യതയുള്ള ഈ ഉപകരണങ്ങള്‍ നേരത്തെ ആശുപത്രികളില്‍ നിന്ന് ഒഴിവാക്കണമെന്ന് നിര്‍ദേശം ലഭിച്ചവയാണ്. സണ്‍ഡെ ടൈംസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ബ്രിട്ടനിലെ ക്വാളിറ്റി സ്റ്റാന്‍ഡേഡ് അനുസരിച്ച് അഞ്ചില്‍ ഒരു സ്റ്റാര്‍ മാത്രം ലഭിച്ചിട്ടുള്ള സിറിഞ്ച് പമ്പുകളാണ് എന്‍.എച്ച്.എസ് ഉപയോഗിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
സമീപകാലത്ത് ഉണ്ടായിട്ടുള്ള 9 മരണങ്ങള്‍ ഇത്തരം ക്വാളിറ്റി കുറഞ്ഞ പമ്പുകള്‍ മൂലമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടി കാണിക്കുന്നു. മറ്റു രാജ്യങ്ങളില്‍ ഈ പമ്പുകള്‍ നിരോധിച്ചിട്ടുണ്ട്. ഇവ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന മരണങ്ങളുടെ കൃത്യമായ കണക്കുകള്‍ ഇപ്പോഴും ലഭ്യമല്ലെന്നും ഔദ്യോഗിക രേഖകള്‍ ഇല്ലാത്തതിനാല്‍ അവ സ്ഥിരീകരിക്കുക അസാധ്യമാണെന്നും വിദഗ്ദ്ധര്‍ പറയുന്നു. ഗ്രാസിബെ എം.സ് 26, ഗ്രാസിബെ എം.സ് 16എ എന്നീ രണ്ട് പമ്പുകളാണ് എന്‍.എച്ച്.എസ് വിദഗ്ദ്ധരുടെ നിര്‍ദേശം അവഗണിച്ച് ഉപയോഗം തുടരുന്നത്. ഡോക്ടര്‍മാര്‍ക്കും ഇക്കാര്യത്തില്‍ ആശങ്കയുള്ളതായി സണ്‍ഡെ ടൈംസ് വ്യക്തമാക്കുന്നു.
2008ല്‍ എന്‍.എച്ച്.എസ് തന്നെ ഔദ്യോഗികമായി വണ്‍ സ്റ്റാര്‍ റേറ്റിംഗ് നല്‍കിയിട്ടുള്ള പമ്പുകള്‍ നേരത്തെ പിന്‍വലിക്കാന്‍ നിര്‍ദേശം ലഭിച്ചിട്ടുള്ളവയാണ്. രോഗികളുടെ ജീവന്‍ അപകടത്തിലാക്കാന്‍ സാധ്യതയുള്ള ഇവ പിന്‍വലിക്കാന്‍ 2010ല്‍ നാഷണല്‍ പേഷ്യന്റ് സേഫ്റ്റി ഏജന്‍സി എന്‍. എച്ച്.എസിനോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ ഹെല്‍ത്ത് ബോസുമാരും ഇവ അടിയന്തരമായി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇവ പെട്ടന്ന് പിന്‍വലിച്ചാല്‍ എന്‍.എച്ച്.എസിന് ഏതാണ്ട് 37.7 മില്യണ്‍ പൗണ്ടിന്റെ സാമ്പത്തിക നഷ്ടമുണ്ടാകുമായിരുന്നു. അതുകൊണ്ട് പല ഘട്ടങ്ങളായി ഇവ പിന്‍വലിക്കുമെന്നും എന്‍.എച്ച്.എസ് അറിയിച്ചിരുന്നു. എന്നാല്‍ പ്രഖ്യാപനത്തിന് ശേഷവും ഇതുമായി ബന്ധപ്പെട്ട 4 മരണങ്ങളുണ്ടായതായി സണ്‍ഡെ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
Leave a Reply