ലണ്ടന്‍: ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളില്‍ ചികിത്സ തേടുന്ന വിദേശീയരില്‍ നിന്ന് പണമീടാക്കണമെന്ന് ഭൂരിപക്ഷം ഡോക്ടര്‍മാരും അഭിപ്രായപ്പെടുന്നതായി സര്‍വേ. സൗജന്യ ചികിത്സക്ക് അര്‍ഹരല്ലാത്തവര്‍ക്ക് മുന്‍കൂര്‍ പണമടച്ച് ചികിത്സകള്‍ സ്വീകരിക്കാനുള്ള സംവിധാനം സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു. ഇത്തരക്കാരില്‍ നിന്ന് ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളില്‍ പണമീടാക്കാനും പദ്ധതിയുണ്ടായിരുന്നെങ്കിലും പ്രതിഷേധങ്ങള്‍ ഭയന്ന് അവ നടപ്പിലാക്കിയിട്ടില്ല. എന്നാല്‍ ഇത്തരം ചാര്‍ജുകള്‍ ഏര്‍പ്പെടുത്തണമെന്നാണ് 583 ഡോക്ടര്‍മാരില്‍ നടത്തിയ സര്‍വേ വ്യക്തമാക്കുന്നത്.

സര്‍വേയില്‍ പങ്കെടുത്ത 63 ശതമാനം പേരും ഫീസുകള്‍ ഏര്‍പ്പെടുത്തുന്നതിനെ അനുകൂലിച്ചു. യുകെയില്‍ റസിഡന്റ്‌സ് അല്ലാത്തവര്‍ക്ക് എ ആന്‍ഡ് ഇകളിലും ജിപി ക്ലിനിക്കുകളിലും ഫീസുകള്‍ ഏര്‍പ്പെടുത്തണമെന്നാണ് ഇവരില്‍ 74 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത്. അപ്പോയിന്റ്‌മെന്റുകള്‍ തെറ്റിക്കുന്നവരില്‍ നിന്ന് പണമീടാക്കണമെന്ന നിര്‍ദേശവും ഡോക്ടര്‍മാര്‍ നല്‍കി. വിദേശ രോഗികള്‍ക്ക് ഫീസ് ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നാണ് വിവരം.

ബ്രിട്ടീഷ് നികുതിദായകരാണ് എന്‍എച്ച്എസിനെ വളര്‍ത്തിയതെന്നും സൗജന്യ ചികിത്സക്ക് അര്‍ഹരല്ലാത്തവരില്‍ നിന്ന് ഫീസ് ഈടാക്കേണ്ടത് അത്യാവശ്യമാണെന്നും ഹെല്‍ത്ത് മിനിസ്റ്റര്‍ ലോര്‍ഡ് ഓ’ ഷോഗ്നെസ്സി പറഞ്ഞു. 2013 മുതല്‍ പ്ലാന്‍ഡ് കെയര്‍ സ്വീകരിച്ച വിദേശികളില്‍ നിന്ന് ഈടാക്കിയ ഫീസ് നാലിരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ട്. 89 മില്യന്‍ പൗണ്ടില്‍ നിന്ന് 358 മില്യന്‍ പൗണ്ടായാണ് ഇത് ഉയര്‍ന്നത്. എന്നാല്‍ അടിയന്തര ചികിത്സ വേണ്ടി വരുന്ന ഘട്ടങ്ങളില്‍ എ ആന്‍ഡ് ഇയിലെ ഫീസുകള്‍ നിര്‍ബന്ധമാക്കരുതെന്ന അഭിപ്രായവും ഉയരുന്നുണ്ട്.