ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- പ്രസവ നടപടികളിലെ മോശം പരിചരണവും, അപകടങ്ങളും സാധാരണമാകുന്നുവെന്ന ഹെൽത്ത് റെഗുലേറ്ററിന്റെ റിപ്പോർട്ടിനെ തുടർന്ന്, രോഗികളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന് എൻ എച്ച് എസ് മെറ്റേണിറ്റി സ്റ്റാഫുകൾക്ക് അടിയന്തര പരിശീലനം നിർബന്ധമാക്കുവാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഗർഭിണികളുടെയും ശിശുക്കളുടെയും പരിചരണ നിലവാരം ഉയർത്തുന്നതിനുള്ള സർക്കാർ നടപടികളുടെ ഭാഗമായി, ഇംഗ്ലണ്ടിലുടനീളമുള്ള ഒമ്പത് മെറ്റേണിറ്റി യൂണിറ്റുകളിലെ ഒബ്‌സ്റ്റെട്രീഷ്യൻമാർ, മിഡ്‌വൈഫുമാർ, ഒബ്‌സ്റ്റട്രിക് അനസ്‌തെറ്റിസ്‌റ്റുകൾ എന്നിവരെല്ലാം തന്നെ തിങ്കളാഴ്ച മുതൽ അധിക പരിശീലനം നേടേണ്ടതുണ്ട്. തുടക്കത്തിലെ ഈ നടപടി വിജയിച്ചാൽ, രാജ്യത്തെ മറ്റ് എല്ലാ സ്ഥലങ്ങളിലേക്കും ഇത് വ്യാപിപ്പിക്കാനാണ് സർക്കാർ തീരുമാനം. 131 മെറ്റേണിറ്റി യൂണിറ്റുകളിലെ ഇൻസ്പെക്ഷനു ശേഷം പ്രസിദ്ധീകരിച്ച കെയർ ക്വാളിറ്റി കമ്മീഷൻ (സി ക്യു സി ) റിപ്പോർട്ട് ഈ മേഖലയിലെ പ്രശ്നങ്ങൾ വ്യക്തമായി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ തുടർന്നാണ് സർക്കാർ അടിയന്തര പരിശീലനം ഉറപ്പാക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രസവസമയത്ത് കുഞ്ഞ് കാണിക്കുന്ന അസ്വസ്ഥതകളുടെ ലക്ഷണങ്ങൾ എങ്ങനെ നന്നായി പെട്ടെന്ന് തിരിച്ചറിയാമെന്ന് ഈ പരിശീലനം മെറ്റേണിറ്റി സ്റ്റാഫുകളെ പഠിപ്പിക്കും. ഇതിലൂടെ അവർക്ക് കൂടുതൽ വേഗത്തിൽ പ്രവർത്തിക്കാനാകും. സിസേറിയൻ സമയത്ത് കുഞ്ഞിൻ്റെ തല അമ്മയുടെ പെൽവിസിൽ ആഴത്തിൽ തങ്ങിനിൽക്കുമ്പോൾ ഉണ്ടാകുന്ന പ്രസവസംബന്ധമായ അത്യാഹിതങ്ങൾ കൈകാര്യം ചെയ്യാനും ഇത് ജീവനക്കാരെ സഹായിക്കും. ഈ സർക്കാർ എൻഎച്ച്എസുമായി ചേർന്ന് പ്രസവ പരിചരണം അടിയന്തിരമായി മെച്ചപ്പെടുത്തുന്നതിനും, സ്ത്രീകളുടെ ശബ്ദം ശരിയായി കേൾക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും ജീവനക്കാർക്ക് ആവശ്യമായ പിന്തുണ നൽകുന്നതിനും ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് രോഗികളുടെ സുരക്ഷ, സ്ത്രീകളുടെ ആരോഗ്യം, മാനസികാരോഗ്യം എന്നിവ കൈകാര്യം ചെയ്യുന്ന മന്ത്രി ഗില്ലിയൻ മെറോൺ പറഞ്ഞു. ശിശുക്കളിൽ തടയാനാവുന്ന മസ്തിഷ്ക പരിക്കുകൾ ഒഴിവാക്കുന്നതിനുള്ള ഒരു നിർണായക ചുവടുവെപ്പാണിത്. എല്ലാ സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും സുരക്ഷിതവും വ്യക്തിപരവും അനുകമ്പയുള്ളതുമായ പരിചരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സർക്കാർ പരിശ്രമിക്കുകയാണെന്നും അവർ വ്യക്തമാക്കി.

പ്രസവസമയത്ത് കുഞ്ഞുങ്ങളുടെ മസ്തിഷ്ക ക്ഷതം കുറയ്ക്കുന്നതിനുള്ള മെറ്റേണിറ്റി സ്റ്റാഫിൻ്റെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിൽ പരിശീലനം പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കും. ജനിക്കുന്ന സമയത്ത് മസ്തിഷ്ക ക്ഷതമേറ്റ കുഞ്ഞുങ്ങൾ ഉൾപ്പെട്ട കേസുകൾ തീർപ്പാക്കാൻ കഴിഞ്ഞ 11 വർഷമായി എൻ എച്ച് എസ് 4.1 ബില്യൺ പൗണ്ടാണ് ചെലവഴിച്ചത്. മെറ്റേണിറ്റി യൂണിറ്റുകൾ തെറ്റുകളിൽ നിന്ന് പഠിക്കുന്നില്ലെന്ന വിമർശനങ്ങളും ധാരാളമായി ഉയർന്നിട്ടുണ്ട്. അധിക പരിശീലനത്തിനുള്ള ഗവൺമെൻ്റിൻ്റെ പദ്ധതികളെ സ്വാഗതം ചെയ്യുന്നതായും പ്രസവത്തിലെ മസ്തിഷ്ക ക്ഷതം കുറയ്ക്കുന്നതിൽ ആശുപത്രികൾ ഇതിനകം തന്നെ പുരോഗതി കൈവരിക്കുന്നുണ്ടെന്നും എൻഎച്ച്എസ് ഇംഗ്ലണ്ടിൻ്റെ മെറ്റേണിറ്റി നാഷണൽ ക്ലിനിക്കൽ ഡയറക്ടർ ഡൊണാൾഡ് പീബിൾസ് പറഞ്ഞു