ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്കോട്ട്‌ ലൻഡിൽ ഉടനീളം എൻഎച്ച്എസ് നേഴ്സുമാർക്കും ഹെൽത്ത് കെയർ ജീവനക്കാർക്കും 5.5 ശതമാനം ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചു. മിഡ്‌വൈഫ്‌മാർ, പാരാമെഡിക്കുകൾ, അനുബന്ധ ആരോഗ്യ പ്രൊഫഷണലുകൾ, പോർട്ടർമാർ എന്നിവരുൾപ്പെടെ ഏകദേശം 170,000 ജീവനക്കാർക്ക് 2024-25 ലെ ശമ്പള വർദ്ധനവ് മുൻകാല പ്രാബല്യത്തോടെ ഏപ്രിൽ മാസം മുതൽ ലഭിക്കും. നിർദിഷ്ട ശമ്പള വർദ്ധനവ് നടപ്പിലാക്കുന്നതിന് 448 മില്യൺ പൗണ്ട് ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഡോക്ടർമാരുടെ വേതനം പ്രത്യേക കരാർ ആയി ചർച്ച ചെയ്യുന്നതിനാൽ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


മാസങ്ങളായി ചെലുത്തിയ സമ്മർദ്ദഫലമായാണ് ശമ്പള വർധനവിന് സർക്കാർ തയ്യാറായിരിക്കുന്നത് എന്ന് സ്കോട്ട്ലൻഡിലെ റോയൽ കോളേജ് ഓഫ് നഴ്സിംഗ് (ആർസിഎൻ) ഡയറക്ടർ കോളിൻ പൂൾമാൻ പറഞ്ഞു. ശമ്പള വർദ്ധനവ് നേരത്തെ നടപ്പിലാക്കേണ്ടതായിരുന്നുവെന്നും ഇത്രയും കാലം കാത്തിരുത്തിയത് അന്യായമാണെന്നുമാണ് യൂണിയൻറെ നിലപാട്. ആർസിഎൻ ഉൾപ്പെടെയുള്ള യൂണിയനുകൾ ഇംഗ്ലണ്ടിൽ സമരം നടത്തിയപ്പോഴും സ്കോട്ട് ലൻഡിൽ സമരം നടന്നിരുന്നില്ല. എന്നിരുന്നാലും ഇവിടെയും പരിചരണത്തിനായുള്ള വെയ്റ്റിംഗ് ലിസ്റ്റ് വളരെ കൂടുതലാണ്. നിലവിൽ 7 ലക്ഷം പേരോളമാണ് വിവിധ ചികിത്സകൾക്കായി സ്കോട്ട് ലൻഡിൽ കാത്തിരിക്കുന്നത്.


സ്കോട്ട്‌ ലൻഡിൽ നേഴ്സുമാർക്കും ഹെൽത്ത് കെയർ സ്റ്റാഫുകൾക്കും എൻഎച്ച്എസ് നടപ്പിലാക്കിയ ശമ്പള പരിഷ്കരണം ഇംഗ്ലണ്ടിലേതിന് സമാനമാണ്. കഴിഞ്ഞമാസം അവസാനം എൻ എച്ച് എസ് ഇംഗ്ലണ്ട് ശമ്പള പരിഷ്കരണം പ്രഖ്യാപിച്ചിരുന്നു . നേഴ്സുമാർക്ക് 5.5 ശതമാനം മാത്രം ശമ്പള വർദ്ധനവ് ലഭിക്കുമ്പോൾ ജൂനിയർ ഡോക്ടർമാർക്ക് അതിൻറെ നാലിരട്ടിയിലേറെ ശമ്പള വർദ്ധനവ് ആണ് ഇംഗ്ലണ്ടിൽ ലഭിക്കുന്നത്. ജൂനിയർ ഡോക്ടർമാർക്കായി 22 % വരെ ശമ്പള വർദ്ധനവിന്റെ പാക്കേജ് ആണ് ഇംഗ്ലണ്ടിൽ സർക്കാർ മുന്നോട്ട് വച്ചത്. മലയാളികളിൽ ഭൂരിഭാഗവും ജോലി ചെയ്യുന്ന നേഴ്സിംഗ് മേഖലയിലെ ശമ്പള വർദ്ധനവിൽ നിരാശരാണ് മിക്ക മലയാളി നേഴ്സുമാരും. പണപ്പെരുപ്പത്തിനും ജീവിത ചിലവ് വർദ്ധനവിനും ആനുപാതികമായ ശമ്പള വർധനവ് ലഭിച്ചില്ലെന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. വരും ദിവസങ്ങളിൽ തങ്ങളുടെ അംഗങ്ങൾക്കിടയിൽ ശമ്പള വർദ്ധനവിനെ കുറിച്ച് അഭിപ്രായ സർവേ നടത്തുമെന്ന് ആർസിഎൻ അറിയിച്ചു.