ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ജോലിക്കെത്തുന്ന മലയാളികൾ ഉൾപ്പെടെയുള്ള വിദേശ നേഴ്സുമാർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കുന്ന നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. വിദേശത്തു നിന്ന് എൻഎച്ച് എസിൽ ജോലിക്കെത്തുന്ന നേഴ്സുമാർക്ക് ആദ്യത്തെ 5 വർഷം പല ആനുകൂല്യങ്ങൾക്കും അർഹതയില്ലാത്തതാണ് അവരെ കൂടുതൽ സാമ്പത്തിക പ്രശ്നങ്ങളിലേയ്ക്ക് തള്ളി വിടുന്നത്. റോയൽ കോളേജ് ഓഫ് നേഴ്സിംഗ് (ആർസിഎൻ)ന്റെ റിപ്പോർട്ട് അനുസരിച്ച് പലരും പണം കടം വാങ്ങുവാൻ നിർബന്ധിതരാകുകയും ക്രെഡിറ്റ് കാർഡ് അടച്ചു തീർക്കാൻ ബുദ്ധിമുട്ടുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത് . പലരും തീരെ നിവൃത്തിയില്ലാതെ ഭക്ഷണമില്ലാതെ കഴിയേണ്ട അവസ്ഥ വരെ ഉണ്ടാകും എന്ന ഗുരുതര സ്ഥിതി വിശേഷം ഉണ്ടെന്ന് ആർസിഎൻ റിപ്പോർട്ടിൽ പറയുന്നു.
തുടക്കത്തിൽ നേഴ്സുമാർ താത്കാലിക വിസയിലാണ് യുകെയിൽ എത്തുന്നത്. അതുകൊണ്ട് തന്നെ ആദ്യത്തെ 5 വർഷ കാലത്തേയ്ക്ക് കുട്ടികളുടെ ആനുകൂല്യം, ഭവന ആനുകൂല്യം, യൂണിവേഴ്സൽ ക്രെഡിറ്റ് എന്നിവ ക്ലെയിം ചെയ്യുന്നതിന് അവർക്ക് അർഹത ഉണ്ടായിരിക്കുകയില്ല. അതായത് പബ്ലിക് ഫണ്ടുകളിൽ നിന്നുള്ള ഒരു ആനുകൂല്യവും ആദ്യകാലങ്ങളിൽ നേഴ്സുമാർക്ക് ലഭിക്കുന്നില്ല. ആദായ നികുതിയും ദേശീയ ഇൻഷുറൻസും അടച്ചിട്ടും വിദേശത്തുനിന്ന് എത്തിയ നേഴ്സുമാർക്ക് പല ആനുകൂല്യങ്ങളും നിഷേധിക്കുന്നത് കടുത്ത അനീതിയാണെന്ന് റോയൽ കോളേജ് ഓഫ് നേഴ്സിംഗ് പറഞ്ഞു.
മലയാളികൾ ഉൾപ്പെടെയുള്ള 3000 ത്തിലധികം വിദേശ നേഴ്സുമാരുടെ ഇടയ്ക്ക് നടത്തിയ ഒരു സർവേ അടിസ്ഥാനമാക്കിയാണ് ആർസിഎൻ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്. ഇത്തരം നയങ്ങൾ യുകെയിൽ ജോലിക്ക് വരുന്ന ആളുകളെ ശിക്ഷിക്കുന്ന നടപടിയാണെന്ന് ആർസിഎൻ റിപ്പോർട്ടിൽ പറയുന്നു. നിലവിലെ വ്യവസ്ഥകൾ കുടിയേറ്റക്കാരോടുള്ള കടുത്ത വിവേചനമാണെന്ന ആക്ഷേപം ശക്തമാണ്. വിദേശത്തു നിന്ന് എത്തുന്ന എൻഎച്ച്എസ് നേഴ്സുമാർ എല്ലാവിധ നികുതികൾ അടച്ചിട്ടും തങ്ങളുടെ സഹപ്രവർത്തകർ ചെയ്യുന്ന എല്ലാ ജോലികൾ ചെയ്തിട്ടും അവർക്ക് സുപ്രധാന ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് കടുത്ത അനീതിയാണെന്ന് ഇംഗ്ലണ്ടിലെ ആർ സി എന്നിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ പട്രീഷ്യ മാർക്വിസ് പറഞ്ഞു.
Leave a Reply