ലണ്ടന്‍: എന്‍എച്ച്എസ് നേതൃത്വത്തിന്റെ പുതിയ തീരുമാനം മൂലം രോഗികള്‍ക്ക് ജീവന്‍രക്ഷാ മരുന്നുകള്‍ ലഭിക്കാന്‍ കാത്തിരിക്കേണ്ടി വന്നേക്കും. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ എക്‌സലന്‍സ് അംഗീകാരം നല്‍കിയ മരുന്നാണെങ്കിലും എന്‍എച്ച്എസ് നേതൃത്വത്തിന് ഇവ നല്‍കുന്നത് താമസിപ്പിക്കാനാവുന്ന വിധത്തിലുള്ള തീരുമാനമാണ് നിലവില്‍ വരുന്നത്. എന്‍എച്ച്എസ് ഓരോ വര്‍ഷവും വാങ്ങുന്ന 20 മില്യന്‍ പൗണ്ടിനു മേല്‍ വിലയുള്ള മരുന്നുകള്‍ക്കാണ് ഈ നിയന്ത്രണം ബാധകമാവുക.
ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന വില കുറഞ്ഞ മരുന്നുകളും കുറച്ചു പേര്‍ മാത്രം ഉപയോഗിക്കുന്ന വിലയേറിയ മരുന്നുകളും ഈ പരിധിയില്‍ വരുമെന്നതിനാല്‍ മിക്ക മരുന്നുകളും രോഗികളില്‍ എത്തണമെങ്കില്‍ ഇത്തരം അനുവാദം ആവശ്യമായിവരും. ക്യാന്‍സര്‍ രോഗികള്‍ മുതല്‍ പ്രമേഹരോഗികള്‍ വരെ ഉപയോഗിക്കുന്ന മരുന്നുകള്‍ ഇപ്രകാരം നിയന്ത്രിക്കപ്പെട്ടേക്കും.
നിലവില്‍ നൈസ് അംഗീകരിച്ച മരുന്നുകള്‍ എന്‍എച്ച്എസിന് ലഭിക്കണമെങ്കില്‍ മൂന്ന് മാസത്തെ സമയം ആവശ്യമാണ്. പുതിയ നീക്കമുസരിച്ച് ഇത്തരം മരുന്നുകള്‍ രോഗികളില്‍ എത്തിക്കാനുള്ള സമയം നീട്ടി നല്‍കണമെന്ന് എന്‍എച്ച്എസിന് നൈസിനോട് ആവശ്യപ്പെടാം. ഈ സമയത്തിനുള്ളില്‍ മരുന്ന് നിര്‍മാണക്കമ്പനികളുമായി വിലകുറയ്ക്കുന്ന വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാല്‍ സാമ്പത്തിക നേട്ടം മാത്രം മുന്നില്‍ക്കണ്ടുള്ള ഈ നീക്കത്തെ ചാരിറ്റികള്‍ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശിക്കുകയാണ്. ചില രോഗികള്‍ക്ക് സേവനം നിഷേധിക്കുന്ന വിധത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് ഇവര്‍ പറയുന്നു. ഫലപ്രദമായതും വിലക്കുറവുള്ളതുമായ മരുന്നുകള്‍ക്കാണ് നൈസ് അംഗീകാരം നല്‍കുന്നത്. ഇതിനായി മൂന്നു വര്‍ഷം വരെ താമസം നേരിട്ടേക്കാമെന്നതിനാല്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് പുതിയ മരുന്നുകള്‍ നിഷേധിക്കപ്പെടാന്‍ ഈ നീക്കം കാരണമായേക്കാമെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.