ലണ്ടന്‍: എന്‍എച്ച്എസ് ആശുപത്രികളില്‍ ചികിത്സക്ക് പണമീടാക്കുന്നത് വര്‍ദ്ധിക്കുന്നു. ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ അനുസരിച്ച് ഇന്‍ഡിപ്പെന്‍ഡന്റ് പത്രത്തിന് ലഭിച്ച രേഖകളാണ് ഇത് വ്യക്തമാക്കുന്നത്. ഇതി എന്‍എച്ച്എസ് സ്വകാര്യവല്‍ക്കരണത്തിന്റെ തെൡവാണെന്ന ആരോപണമാണ് ഉയരുന്നത്. പണം നല്‍കുന്ന രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതനുസരിച്ച് സൗജന്യ ചികിത്സ സ്വീകരിക്കുന്നവര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടാനുള്ള സാധ്യതയും ഉയരുമെന്ന വിമര്‍ശനമാണ് പ്രധാനമായും ഉയരുന്നത്.

ലണ്ടനിലെ പ്രശസ്തമായ ക്യാന്‍സര്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ പ്രൈവറ്റ് രോഗികളില്‍ നിന്ന് ലഭിച്ച പണം കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ക്കിടെ ഇരട്ടിയായെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. പണം വാങ്ങിയുള്ള ചികിത്സയുടെ അളവ് വര്‍ദ്ധിപ്പിക്കാന്‍ നിയമപരമായി അനുവാദം ലഭിച്ചതിനു ശേഷമുള്ള കണക്കാണ് ഇത്. എന്നാല്‍ ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് സര്‍ക്കാര്‍ നിശബ്ദമായി പുറത്തു വിട്ട കണക്കുകള്‍ പറയുന്നത്. 2011-12 വര്‍ശത്തിലുണ്ടായ വരുമാനത്തിന്റെ മൂന്നിരട്ടിയാണ് 2016-17 വര്‍ഷത്തില്‍ എന്‍എച്ച്എസ് ഇംഗ്ലണ്ട് സ്വകാര്യ ചികിത്സയിലൂടെ നേടിയത്.

എന്‍എച്ച്എസ് വിഭാവനം ചെയ്യുന്ന ചികിത്സാ രീതികളില്‍ നിന്ന് വ്യത്യസ്തമായി പണം വാങ്ങിയുള്ള ചികിത്സക്ക് പ്രാധാന്യം നല്‍കുന്നുവെന്നതാണ് ഇത് വെളിപ്പെടുത്തുന്നത്. എന്നാല്‍ ഈ കണക്കുകള്‍ രഹസ്യമാക്കി വെക്കാനാണ് ശ്രമിക്കുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. 2012ല്‍ കണ്‍സര്‍വേറ്റീവ്-ലിബറല്‍ ഡെമോക്രാറ്റ് സഖ്യസര്‍ക്കാര്‍ പ്രഖ്യാപിച്ച ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ ആക്ട് അനുസരിച്ച് സ്വകാര്യ ചികിത്സയിലൂടെ 2 ശതമാനം വരുമാനം നേടാനുള്ള അനുവാദം മാത്രമാണ് നല്‍കിയിരുന്നുത്. പിന്നീട് ഈ പരിധി 49 ശതമാനമായി ഉയര്‍ത്തിയിരുന്നു.