ആധുനിക സിടി സ്‌കാനറുകളുടെയും പരിശീലനം സിദ്ധിച്ച റേഡിയോളജിസ്റ്റുകളുടെയും ക്ഷാമം എന്‍എച്ച്എസില്‍ രൂക്ഷമാണെന്ന് വിദഗ്ദ്ധര്‍. ഇതേത്തുടര്‍ന്ന് നിരവധി രോഗികള്‍ ശരിയായ ചികിത്സ കിട്ടാതെ മരിക്കുന്നുണ്ടെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഹാര്‍ട്ട് അറ്റാക്കുമായി ആശുപത്രികളില്‍ എത്തുന്ന ആയിരക്കണക്കിന് രോഗികള്‍ക്ക് ഈ പ്രതിസന്ധി മൂലം വിശദമായ പരിശോധനകള്‍ നടത്താന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. കഴിഞ്ഞ വര്‍ഷം മാത്രം നെഞ്ചുവേദനയുമായി ആശുപത്രിയിലെത്തിയ 56,289 പേര്‍ക്ക് സിടി സ്‌കാന്‍ ടെസ്റ്റ് നടത്താന്‍ കഴിഞ്ഞില്ല. റോയല്‍ കോളേജ് ഓഫ് റേഡിയോളജിസ്റ്റ്‌സിന്റെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. വിട്ടുമാറാത്ത നെഞ്ചുവേദനയുമായി എത്തുന്നവര്‍ക്ക് ഈ പരിശോധന നിര്‍ബന്ധമായും നടത്തിയിരിക്കണമെന്നാണ് എന്‍എച്ച്എസ് മാനദണ്ഡങ്ങള്‍ പറയുന്നത്.
ഈ പരിശോധനയ്ക്കായുള്ള വെയിറ്റിംഗ് ലിസ്റ്റ് യുകെയില്‍ പലയിടത്തും 26 ആഴ്ച വരെ നീളുന്നുണ്ടെന്ന് ആര്‍സിആര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ആന്‍ജിന എന്ന നെഞ്ചുവേദനയുമായെത്തിയവരില്‍ പരിശോധന നടത്താന്‍ കഴിയാതിരുന്നവരുടെ യഥാര്‍ത്ഥ എണ്ണം 1,32,000 ആണെന്നും ആര്‍സിആര്‍ വിലയിരുത്തുന്നു. സ്‌കാന്‍ പരിശോധന നേരത്തേ നടത്താന്‍ കഴിഞ്ഞാല്‍ രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയും. അടുത്ത ആഞ്ചു വര്‍ഷത്തിനുള്ളില്‍ ഹൃദയാഘാതം വന്ന് മരിക്കാനുള്ള സാധ്യത പകുതിയായി കുറയ്ക്കാനും പരിശോധനയിലൂടെ സാധിക്കുമെന്ന് റേഡിയോളജിസ്റ്റുകള്‍ വ്യക്തമാക്കുന്നു. റേഡിയോളജിസ്റ്റുകളും ഉപകരണങ്ങളും ആവശ്യത്തിനുണ്ടെങ്കില്‍ ആയിരക്കണക്കിനാളുകളെ മരണത്തില്‍ നിന്ന് രക്ഷിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്നാണ് ആര്‍സിആര്‍ അവകാശപ്പെടുന്നത്.
ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധനയിലൂടെ രോഗികള്‍ക്ക് മരുന്നു മാത്രം മതിയാകുമോ അതോ ശസ്ത്രക്രിയ ആവശ്യമാകുമോ എന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ കഴിയുമെന്ന് ആര്‍സിആര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ.ആന്‍ഡ്രൂ ബീല്‍ പറയുന്നു. ആര്‍ട്ടറികളിലെ ബ്ലോക്കുകള്‍ ഉള്‍പ്പെടെയുള്ളവ കണ്ടെത്താന്‍ ഇതിലൂടെ കഴിയും. ഇതു മാത്രമല്ല, നെഞ്ചു വേദന ഹൃദയാഘാതത്തിന്റെ ലക്ഷണമല്ലെന്നും അടുത്ത അഞ്ചു വര്‍ഷത്തേക്ക് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നും രോഗിക്ക് അറിയാന്‍ കഴിഞ്ഞാല്‍ അതുണ്ടാക്കുന്ന ആശ്വാസം എത്ര വലുതായിരിക്കുമെന്നും അദ്ദേഹം ചോദിക്കുന്നു.
Leave a Reply