ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജൂലൈ നാലിന് നടന്ന പൊതു തിരഞ്ഞെടുപ്പിലെ ഒരു മുഖ്യ ചർച്ചാവിഷയമായിരുന്നു എൻഎച്ച്എസ്സിന്റെ കെടുകാര്യസ്ഥത. കോവിഡും പണിമുടക്കും മൂലം എൻ എച്ച് എസിൻ്റെ പ്രവർത്തനം താളം തെറ്റിയത് മാത്രമല്ല പ്രശ്നങ്ങൾക്ക് കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. മതിയായ ജീവനക്കാരുടെ അഭാവം എൻഎച്ച്എസ്സിന്റെ പ്രവർത്തനങ്ങളുടെ താളം തെറ്റിക്കുന്ന മുഖ്യ ഘടകമാണ്. എൻഎച്ച്എസ്സിന്റെ പ്രവർത്തനങ്ങൾ സാധാരണ ഗതിയിൽ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ലേബർ പാർട്ടി തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ അവകാശപ്പെട്ടിരുന്നു.


ഒക്ടോബർ മുപ്പതിന് അവതരിപ്പിക്കുന്ന ബഡ്ജറ്റിൽ എൻഎച്ച്എസ്സിന്റെ പ്രവർത്തനങ്ങൾക്ക് എത്രമാത്രം തുക വകയിരുത്തുമെന്നത് യുകെ മലയാളികൾ ഉൾപ്പെടെയുള്ള എൻഎച്ച്എസ് ജീവനക്കാർ ഉറ്റു നോക്കുന്നത് . ബഡ്ജറ്റിൽ 4 ശതമാനം വർദ്ധനവ് ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ ആണ് നിലവിൽ പുറത്തു വന്നിരിക്കുന്നത്. എന്നാൽ 18 മാസം വരെ നീണ്ടുനിൽക്കുന്ന വെയിറ്റിംഗ് ലിസ്റ്റ് കുറയ്ക്കാൻ ഈ തുക അപര്യാപ്തമാണെന്ന വിമർശനം ശക്തമാണ്. എന്നാൽ കഴിഞ്ഞ സർക്കാരിൻറെ കാലത്ത് 0.2 ശതമാനം വർദ്ധനവ് മാത്രമാണ് ഉണ്ടായിരുന്നത് എന്നാണ് ഗവൺമെൻറ് അനുകൂലികൾ വിമർശനത്തിന് മറുപടിയായി പറയുന്നത്.


യുകെയിലെ ബഹുഭൂരിപക്ഷം മലയാളികളും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. അവരിൽ തന്നെ ഭൂരിപക്ഷം പേരും എൻഎച്ച്എസ്സിന്റെ കുടക്കീഴിലാണ് ജോലി ചെയ്യുന്നത്. അതുകൊണ്ട് തന്നെ എൻഎച്ച്എസിനെ ബാധിക്കുന്ന എല്ലാ പ്രശ്നങ്ങളും യുകെ മലയാളികളെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമായ കാര്യമാണ്. നിലവിൽ സർക്കാർ മുന്നോട്ട് വച്ച 5.5 ശതമാനം ശമ്പള വർദ്ധനവ് നേഴ്സുമാർ ഉൾപ്പെടെയുള്ള എൻഎച്ച്എസ് ജീവനക്കാർ നിരാകരിച്ചിരുന്നു. ജൂനിയർ ഡോക്ടർമാരുടെ സമരം അവസാനിപ്പിക്കാൻ ശമ്പള വർദ്ധനവ് സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. പണിമുടക്കുകളിലേയ്ക്ക് ജീവനക്കാർ പോകാതെ ന്യായമായ ശമ്പള വർദ്ധനവ് നടപ്പാക്കാൻ എൻഎച്ച്എസിന് കഴിയണമെങ്കിൽ ഭേദപ്പെട്ട തുക സർക്കാർ ബഡ്ജറ്റിൽ വകയിരുത്തേണ്ടതായി വരും.