അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

കൊറോണവൈറസ് തുടച്ചുനീക്കാൻ എല്ലാവരിലേയ്ക്കും പ്രതിരോധകുത്തിവെയ്പ്പ് എത്തിക്കുക എന്ന മഹാ യജ്ഞത്തിലാണ് രാജ്യം. അനധികൃത കുടിയേറ്റക്കാർക്ക് എങ്ങനെ പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകാൻ സാധിക്കും എന്നത് നേരത്തെ തന്നെ ചർച്ചയായിരുന്നു . നടപടികളെ ഭയന്ന് പ്രതിരോധ കുത്തിവെയ്പ്പിനായി അനധികൃത കുടിയേറ്റക്കാർ മുന്നോട്ടു വരില്ല എന്നതായിരുന്നു ഏറ്റവും വലിയ തടസ്സം. എന്നാൽ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാൻ മുന്നോട്ടു വരുന്ന അനധികൃത താമസക്കാർക്ക് പൊതുമാപ്പ് നൽകാൻ പദ്ധതി തയ്യാറാക്കുകയാണ് ഹോം ഓഫീസ്.

ബ്രിട്ടനിൽ അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തെക്കുറിച്ച് കൃത്യമായ കണക്കുകൾ ലഭ്യമല്ല . അനൗദ്യോഗിക കണക്കുകൾ പ്രകാരം ഏകദേശം 1.3 മില്യൺ അനധികൃത കുടിയേറ്റക്കാരാണ് ബ്രിട്ടനിലുള്ളത്. പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാൻ രജിസ്റ്റർ ചെയ്യുന്ന നിയമവിരുദ്ധ കുടിയേറ്റക്കാർക്കെതിരെ ഹോം ഓഫീസ് ഒരു നടപടിയും സ്വീകരിക്കില്ല. വൈറസിനെ തുടച്ചുനീക്കാൻ എല്ലാവർക്കും പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകേണ്ടതുണ്ടെന്ന പൊതു തത്വത്തെ മുൻനിർത്തിയാണ് ഈ നടപടി.

ഇതിനിടെ ശനിയാഴ്ച നൽകിയ 550,000 പ്രതിരോധകുത്തിവെയ്പ്പുകൾ ഉൾപ്പെടെ രാജ്യത്ത് ഇതുവരെ 12 ദശലക്ഷത്തിലധികം ആളുകൾക്ക് പ്രതിരോധ കുത്തിവെയ്പ്പിൻെറ ഒരു ഡോസ് എങ്കിലും നൽകാൻ സാധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഫെബ്രുവരി 15-നകം മുൻഗണനാ ഗ്രൂപ്പുകളിലെ 15 ദശലക്ഷം ആളുകൾക്ക് പ്രതിരോധ കുത്തിവെയ്പ്പിൻെറ ആദ്യ ഡോസ് നൽകാനാണ് യുകെ ലക്ഷ്യമിടുന്നത്. ഇന്നലെ രാജ്യത്തെ 373 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത് .യുകെയുടെ പ്രതിദിന കോവിഡ് വ്യാപനം കുറയുന്നതിൻെറ സൂചനകൾ കണ്ടു തുടങ്ങിയതായി ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നു. ഇന്നലെ 15845 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.