ലണ്ടന്‍: ഓപ്പറേഷനുകള്‍ക്കും മറ്റുമായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് എന്‍എച്ച്എസിനെ വന്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. 9 വര്‍ഷത്തിനിടെ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ എന്‍എച്ച്എസ് കടന്നുപോകുന്നതെന്നാണ് റിപ്പോര്‍ട്ട്. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ക്ക് 18 ആഴ്ച വരെ കാത്തിരിപ്പ് സമയമാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഒരു വര്‍ഷത്തിനു മേല്‍ വെയ്റ്റിംഗ് ലിസ്റ്റില്‍ തുടരുന്ന രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

മൂന്നര മാസമെന്ന പരിധിയും കഴിഞ്ഞ ശസ്ത്രക്രിയകള്‍ക്കായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണം 409,000 വരുമെന്നാണ് പുതിയ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. 2008 സെപ്റ്റംബറിലായിരുന്നു ഇതിനു മുമ്പ് ഇത്തരത്തില്‍ ഒരു പ്രതിസന്ധിയുണ്ടായിട്ടുള്ളത്. ഓഗസ്റ്റില്‍ രേഖപ്പെടുത്തിയ പുതിയ കണക്കുകള്‍ എന്‍എച്ച്എസ് നേരിടുന്ന മറ്റൊരു വലിയ പ്രതിസന്ധിയുടെ സൂചന കൂടിയാണ്. സാധാരണ ഗതിയില്‍ രോഗികളെ പരിചരിക്കാന്‍ പ്രശ്‌നങ്ങള്‍ നേരിടുന്നത് വിന്ററിലാണ്. പക്ഷേ സമ്മറില്‍ ഇത്രയും പ്രശ്‌നം നേരിട്ടെങ്കില്‍ വിന്റര്‍ ആശങ്ക നിറഞ്ഞതാകുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്.

ജീവനക്കാര്‍ കൊഴിഞ്ഞു പോകുന്നതും ഫണ്ടുകളുടെ കുറവും മൂലം താളം തെറ്റിയ എന്‍എച്ച്എസിന്റെ പ്രകടനം അതിന്റെ ഏറ്റവും മോശം അവസ്ഥയിലായിരുന്നു കഴിഞ്ഞ വിന്ററില്‍ നടത്തിയത്. മഞ്ഞുകാലത്തെ രോഗങ്ങള്‍ വര്‍ദ്ധിക്കുകയും കൂടുതല്‍ രോഗികള്‍ എത്തുകയും ചെയ്യുന്നതോടെ ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളില്‍ ഉള്‍പ്പെടെ തിരക്ക് വര്‍ദ്ധിക്കുമെന്നാണ് സൂചന. ഇത് അടിയന്തര ചികിത്സ ആവശ്യമായവര്‍ക്ക് പോലും കാര്യമായ ശ്രദ്ധ നല്‍കുന്നതില്‍ വീഴ്ചയ്ക്ക് കാരണമാകുമെന്ന ആശങ്കയാണ് ഉയരുന്നത്.