ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ക്യാൻസർ രോഗികൾക്ക് ശരിയായ ചികിത്സ നൽകാൻ എൻ എച്ച് എസ് പാടുപെടുന്നുവെന്ന് മുതിർന്ന ഡോക്ടർമാർ. യുകെയിലുടനീളമുള്ള ആശുപത്രികൾ ജീവനക്കാരുടെ അഭാവം മൂലം ഈ പ്രതിസന്ധി നേരിടുന്നുണ്ടെന്ന് റോയൽ കോളേജ് ഓഫ് റേഡിയോളജിസ്റ്റ്സ് പറഞ്ഞു. ഇത് മൂലം രോഗികൾ സുപ്രധാന പരിശോധനകൾക്കും ചികിത്സകൾക്കുമായി വളരെക്കാലം കാത്തിരിക്കേണ്ടി വരുന്നു. മിക്ക ക്യാൻസർ യൂണിറ്റുകളിലും റേഡിയോ തെറാപ്പിക്കും കീമോതെറാപ്പിക്കും ഇടയ്ക്കിടെ കാലതാമസം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജീവനക്കാരുടെ ക്ഷാമം പരിഹരിച്ചുകൊണ്ടുള്ള പുതിയ പ്ലാൻ ഉടൻ നടപ്പിലാക്കുമെന്ന് മന്ത്രിമാർ പറഞ്ഞു. അടുത്ത 15 വർഷത്തിനുള്ളിൽ സർക്കാർ ജീവനക്കാരുടെ വിടവ് നികത്തുന്നത് എങ്ങനെ എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള പദ്ധതി പുറത്ത് വിടാനുള്ള താമസം ആരോഗ്യ മേഖലയിൽ ഉള്ളവരിൽ കടുത്ത നിരാശയാണ് ഉണ്ടാക്കിയിരിക്കുന്നത്.
പുറത്ത് വിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഏപ്രിൽ മുതൽ ഇംഗ്ലണ്ടിലെ 22,533 രോഗികൾ ക്യാൻസർ രോഗനിർണയത്തിനോ ചികിത്സയ്‌ക്കോ വേണ്ടി രണ്ട് മാസത്തിലേറെ കാത്തിരിക്കേണ്ടതായി വരുന്നു. മാർച്ചിലെ കണക്കുകൾ നോക്കുമ്പോൾ ഇത് 19,023 ആയി ഉയരും. ക്യാൻസറും മറ്റ് ചികിത്സയ്ക്കുമായി കാത്തിരിക്കുന്ന രോഗികളുടെ വെയ്റ്റിംഗ് ലിസ്റ്റിൽ നിലവിൽ 7.4 ദശലക്ഷം ആളുകളുണ്ട്. ഇത് 2007-ൽ ഈ സംവിധാനം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്.
കോവിഡിന് മുൻപ് തന്നെ ക്യാൻസർ സംബന്ധമായ ചികിത്സ നൽകുന്നതിൽ എൻ എച്ച് എസ് ബുദ്ധിമുട്ടിയിരുന്നു. ലോക്ക്ഡൗൺ മൂലം സ്കാനുകളും ചികിത്സയും ഈ കണക്കുകൾ കുത്തനെ ഉയർത്തി. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലൻഡ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ ജിപിയുടെ അടിയന്തര റഫറൽ കഴിഞ്ഞ് രണ്ട് മാസത്തിനുള്ളിൽ ചികിത്സ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് അധികൃതർ. വെയിൽസിൽ അടിയന്തിരവും അല്ലാത്തതുമായ റഫറലുകൾ എന്നിവ അടിസ്ഥാനം ആക്കിയായിരിക്കും ക്യാൻസർ ചികിത്സ.
Leave a Reply