ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇംഗ്ലണ്ടിലെ എൻ എച്ച് എസിൽ ആദ്യമായി മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് അന്ധത തടയാനുള്ള മരുന്ന് നൽകാൻ തീരുമാനമായി. കണ്ണിന്റെ പിൻഭാഗത്ത് അസാധാരണമായ രക്തക്കുഴലുകളുടെ വളർച്ച മൂലമുണ്ടാകുന്ന പാടുകൾ തടയാൻ റാണിബിസുമാബ് എന്ന കുത്തിവയ്പ്പിന് കഴിയും. ഇത് ലേസർ തെറാപ്പിക്ക് പകരമായി ചെയ്യാം. കണ്ണിന്റെ റെറ്റിനയെ ബാധിക്കുന്ന ഈ കാഴ്ച പ്രശ്‌നം പരിഹരിക്കാൻ മാസം തികയാത്ത കുട്ടികളിൽ ലേസർ തെറാപ്പി അനുയോജ്യമല്ലാത്ത സാഹചര്യത്തിൽ ഈ കുത്തിവയ്പ്പ് ഏറെ സഹായകമാണ്. ശരിയായ ചികിത്സയിലൂടെ റെറ്റിനോപ്പതി ഓഫ് പ്രീമെച്യുരിറ്റി (ആർഒപി) എന്ന അവസ്ഥ ഒഴിവാക്കാവുന്നതാണ്.
മാസം തികയാതെ ജനിക്കുന്നതോ ഭാരക്കുറവോ ഉള്ള എല്ലാ കുട്ടികളേയും കണ്ണ് പരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്. ഇതിൽ കാഴ്ച നഷ്ടപ്പെടാൻ ഇടയാക്കുന്ന കേടുപാടുകൾ ഒഴിവാക്കാൻ 20-ൽ ഒരാൾക്ക് ചികിത്സ ആവശ്യമായി വന്നേക്കാം. പുതിയ രക്തക്കുഴലുകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന വാസ്കുലർ എൻഡോതെലിയൽ ഗ്രോത്ത് ഫാക്‌ടറിന്റെ പ്രവർത്തനത്തെ തടയാനാണ് റാണിബിസുമാബ് കണ്ണിൽ കുത്തിവയ്ക്കുന്നത്. രക്തക്കുഴലുകളുടെ അസാധാരണ വളർച്ച റെറ്റിനയെ മൂടുന്ന ടിഷ്യുവായി മാറും. ഇത് കാഴ്ച്ച ശക്തിയെ പൂർണമായി ഇല്ലാതാക്കും.
ഇംഗ്ലണ്ടിൽ പ്രതിവർഷം 20 കുഞ്ഞുങ്ങൾക്കെങ്കിലും ലേസർ തെറാപ്പിക്ക് പകരം കുത്തിവയ്പ്പ് ആവശ്യമായി വന്നേക്കാം. ലേസർ തെറാപ്പിക്ക് വിധേയരാകാൻ കഴിയാത്ത കുട്ടികൾക്ക് ഇത്തരം ചികിത്സാ രീതികൾ ഏറെ സഹായകരമാണെന്ന് എൻ എച്ച് എസ് ചീഫ് എക്സിക്യൂട്ടീവ് അമൻഡ പ്രിച്ചാർഡ് പറഞ്ഞു. മാസം തികയാതെ ജനിക്കുന്ന പല കുഞ്ഞുങ്ങളെയും റെറ്റിനോപ്പതി ബാധിക്കുന്നതിനാൽ പുതിയ ചികിത്സാ രീതി ദേശീയതലത്തിൽ അവതരിപ്പിക്കുന്നത് തികച്ചും അഭിനന്ദനീയമാണെന്നും അവർ കൂട്ടിച്ചേർത്തു.
Leave a Reply