ന്യൂസ് ഡെസ്ക് മലയാളം യുകെ

പോർട്ട് ടാൽബോട്ടിലെ ടാറ്റാ സ്റ്റീൽ കമ്പനിക്ക് നിലവിലെ ഗവൺമെൻറ് നൽകുന്നതിനേക്കാൾ മികച്ച പിന്തുണ നൽകുമെന്ന് ലേബർ പാർട്ടി നേതാവ് സർ കെയർ സ്‌റ്റാർമർ പറഞ്ഞത് വൻ ചർച്ചകൾക്കാണ് വഴി വച്ചിരിക്കുന്നത്. ഗ്രീൻ സ്റ്റീലിലേക്ക് മാറാൻ ടാറ്റാ സ്റ്റീലിന് 500 മില്യൻ പൗണ്ട് ഋഷി സുനക് സർക്കാർ അനുവദിച്ചിരുന്നു. ഗവൺമെൻറ് സഹായത്തോടെയുള്ള ആധുനികവൽക്കരണം പകുതിയോളം ജീവനക്കാർക്ക് ആണ് തൊഴിൽ നഷ്ടത്തിന് കാരണമാകുന്നത്.


പരമ്പരാഗത രീതിയിൽ നിന്ന് ആധുനികവത്കരണത്തിലേക്ക് സ്റ്റീൽ കമ്പനികൾ മാറുമ്പോൾ പകുതിയോളം പേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്നത് ജീവനക്കാരുടെ ഇടയിൽ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഗവൺമെന്റിന്റെ പിന്തുണയോടെയാണ് ആധുനികവത്കരണം കമ്പനികൾ നടപ്പിലാക്കുന്നത്. ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് സ്റ്റീൽ കമ്പനിക്ക് 300 മില്യൺ പൗണ്ട് വാഗ്ദാനം നൽകുമെന്ന വാർത്ത ഇന്ന് പുറത്തു വന്നിരുന്നു. ബ്രിട്ടീഷ് സ്റ്റീൽ കമ്പനിയിൽ ഏകദേശം 2500 പേർക്കാണ് തൊഴിൽ നഷ്ടം ഉണ്ടാകുമെന്നത് കണക്കാക്കിയിരിക്കുന്നത്.

സ്റ്റീൽ വ്യവസായ മേഖലയിൽ യുകെയിൽ തന്നെ ടാറ്റാ സ്റ്റീൽ ഏകദേശം 8000 പേർക്കാണ് ജോലി നൽകുന്നത്. പോർട്ട് ടാൽ ബോട്ടിൽ തന്നെ 4000 പേരാണ് ജോലി ചെയ്യുന്നത്. ഗവൺമെന്റിന്റെ വൻ ധനസഹായം മേടിച്ചുള്ള ആധുനികവത്കരണം മൂലം ഉണ്ടാകുന്ന തൊഴിൽ നഷ്ടങ്ങളെ തുടർന്ന് യൂണിയനുകൾ കടുത്ത പ്രതിഷേധമാണ് ഉയർത്തിയിരിക്കുന്നത്. ഋഷി സുനക് സർക്കാരിനെ അപേക്ഷിച്ച് സ്റ്റീൽ വ്യവസായത്തിനോട് മെച്ചപ്പെട്ട സമീപനമായിരിക്കും ലേബർ പാർട്ടി പുലർത്തുക എന്ന് പറയുമ്പോഴും തൊഴിൽ നഷ്ടങ്ങളെക്കുറിച്ച് പ്രതിപക്ഷ നേതാവ് മൗനം പാലിക്കുകയായിരുന്നു ചെയ്തത് . സ്റ്റീൽ വ്യവസായ രംഗത്തെ ആധുനികവൽക്കരണത്തിന്റെ ഭാഗമായുണ്ടാകുന്ന തൊഴിൽ നഷ്ടങ്ങൾ ആ മേഖലയിൽ കൂടുതൽ സമരങ്ങൾ തുറക്കാനുള്ള സാധ്യത ഉണ്ടെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.