ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രെസ്റ്റ് ക്യാൻസർ രോഗത്തിന്റെ അവസാനഘട്ടത്തിലെത്തി നിൽക്കുന്ന രോഗികൾക്ക് പുതിയൊരു മരുന്ന് പുറത്തിറക്കിയിരിക്കുകയാണ് എൻഎച്ച്എസ്. ഈ മരുന്നിലൂടെ കീമോതെറാപ്പി ഒരു പരിധിവരെ ഇത്തരം രോഗികൾക്ക് ഒഴിവാക്കാൻ സാധിക്കും. മറ്റ് ഹോർമോൺ മരുന്നുകൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന 2500 സ്ത്രീകൾക്ക് ഉടൻതന്നെ മരുന്ന് ലഭ്യമാക്കുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആൻഡ് കെയർ എക്സലൻസ് അറിയിച്ചിട്ടുണ്ട്.


‘അബെമസിക്ലിബ് ‘ എന്ന് പേരുള്ള ഈ മരുന്ന് ദിവസം രണ്ടു നേരം വീതമാണ് കഴിക്കേണ്ടത്. ബ്രെസ്റ്റ് ക്യാൻസറിന്റെ സെക്കൻഡറി സ്റ്റേജിലെത്തി നിൽക്കുന്ന എല്ലാ സ്ത്രീകൾക്കും സന്തോഷം നൽകുന്ന ഒരു വാർത്തയാണ് പുതിയ മരുന്ന് നൽകുന്നതെന്ന് ചാരിറ്റി ബ്രെസ്റ്റ് ക്യാൻസർ ഓർഗനൈസേഷൻ ചീഫ് എക്സിക്യൂട്ടീവ് ബറോനെസ്സ് ഡലിത് മോർഗൻ വ്യക്തമാക്കി. ലഭ്യമായ മറ്റു മരുന്നുകളേക്കാൾ പാർശ്വഫലങ്ങൾ കുറഞ്ഞ ഈ മരുന്ന്, രോഗികൾക്ക് തങ്ങളുടെ അവസാന നാളുകളിൽ വേദനയില്ലാതെ കഴിയുവാൻ സഹായിക്കുമെന്നും അവർ പറഞ്ഞു. അധികം പാർശ്വഫലങ്ങൾ ഉള്ള കീമോതെറാപ്പിയെ അവസാന സ്റ്റേജിലുള്ള രോഗികൾക്ക് ഇനി മുതൽ ആശ്രയിക്കേണ്ടി വരില്ല എന്നാണ് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നത്.

വേർസിനിയോസ് എന്ന ബ്രാൻഡ് നെയിമിൽ അറിയപ്പെടുന്ന ഈ മരുന്നിന്റെ 56 ടാബ് ലെറ്റുകൾക്ക് 3000 പൗണ്ടാണ് വില. എന്നാൽ എൻഎച്ച്എസ് ഇത് വളരെയധികം ഡിസ്കൗണ്ട് റേറ്റിലാണ് ജനങ്ങളിൽ എത്തിക്കുന്നത്. ഈ മരുന്ന് ഒരിക്കലും ബ്രെസ്റ്റ് ക്യാൻസറിനുള്ള ഒരു ശാശ്വത പരിഹാരമല്ല. മറിച്ച് അവസാനഘട്ടത്തിലെത്തി നിൽക്കുന്ന രോഗികൾക്ക് ആശ്വാസം നൽകുന്നതാണ് ഈ മരുന്ന്. ചില ബ്രസ്റ്റ് ക്യാൻസർ സെല്ലുകൾ ഈസ്ട്രജൻ ഹോർമോൺ ഉപയോഗിച്ചാണ് വർദ്ധിക്കുന്നത്. എന്നാൽ ഈ മരുന്ന് ബ്രെസ്റ്റ് ക്യാൻസർ സെല്ലുകളെ ഈസ്ട്രജന് ഉപയോഗപ്പെടുത്തുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നു. നിലവിൽ ലഭ്യമായ മരുന്നുകൾക്ക് എല്ലാം തന്നെ വളരെയധികം പാർശ്വഫലങ്ങളുമുണ്ട്. അവസാനഘട്ടത്തിലെത്തി നിൽക്കുന്ന ക്യാൻസർ രോഗികൾക്ക് പ്രതീക്ഷ നൽകുന്നതാണ് പുതിയതായി എൻഎച്ച്എസ് പുറത്തിറക്കിയിരിക്കുന്ന ഈ മരുന്ന്.