ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻഎച്ച്എസിൽ രോഗികളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന് ആരോപണ വിധേയനായ ഡോക്ടർ കുറ്റക്കാരനാണെന്ന് കണ്ടെത്തി. റോയൽ കോൺവാൾ ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റിൽ 2015 മുതൽ 2020 വരെ ജോലി ചെയ്തിരുന്ന ഡോ. യൂലിയു സ്റ്റാൻ ആണ് ലൈംഗിക സംതൃപ്തിക്കായി രോഗികളെ ഉപയോഗിച്ചതായി കണ്ടെത്തിയത്. ഇത് കൂടാതെ ഇയാൾ അറിവോടെയുള്ള സമ്മതം നേടാതെയും മറ്റ് മാർഗങ്ങൾ നിർദ്ദേശിക്കാതെയും പുരുഷന്മാർക്കും ആൺകുട്ടികൾക്കും മലാശയ സംബന്ധമായ പരിശോധനകൾ നിർദ്ദേശിച്ചതായും കോടതി കണ്ടെത്തി. ഡോക്ടറുടെ ഈ നടപടികൾ ലൈംഗിക പ്രേരിതവും അനാവശ്യവും ആയി കണക്കാക്കപ്പെടുന്നവയാണെന്ന് ട്രസ്റ്റ് സമ്മതിച്ചു.
ഇതിന് പിന്നാലെ റോയൽ കോൺവാൾ ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റ് ഡോ. യൂലിയു സ്റ്റാൻ ഇരകളോട് ക്ഷമാപണം നടത്തി. ഡോ. യൂലിയു സ്റ്റാൻ്റെ പ്രവർത്തികളിൽ ഉത്തരവാദിത്തം ഏറ്റെടുത്ത ട്രസ്റ്റ് തങ്ങളുടെ ഖേദം പ്രകടിപ്പിച്ചു. ഡോ. യൂലിയു സ്റ്റാൻ ട്രോമ ആൻഡ് ഓർത്തോപീഡിക്‌സിൽ ലോക്കം സീനിയർ ഹൗസ് ഓഫീസറായി ജോലി ചെയ്‌ത് വരികയായിരുന്നു. പരാതികൾ ഉയർന്നു വന്നതിന് പിന്നാലെ ഇയാൾ തൻ്റെ ലൈംഗിക സംതൃപ്തിക്കായി രോഗികളെ അനാവശ്യമായ നടപടിക്രമങ്ങൾക്ക് വിധേയമാക്കിയതായി കോടതി കണ്ടെത്തി.
2024 ഫെബ്രുവരിയിൽ ട്രസ്റ്റ് ഡോ. യൂലിയു സ്റ്റാൻ്റെ മെഡിക്കൽ രജിസ്‌ട്രേഷൻ നിർത്തലാക്കുകയും പിന്നീട് ക്യാൻസൽ ചെയ്യുകയും ചെയ്‌തു. കഴിഞ്ഞ വേനൽക്കാലത്ത് 200 ഓളം വ്യക്തികൾക്ക് അയച്ച ക്ഷമാപണ കത്തിൽ ഡോ. സ്റ്റാൻ്റെ കുറിപ്പടിയിലും മലാശയ മരുന്നുകളുടെ അഡ്മിനിസ്ട്രേഷനിലും ഉണ്ടായ അശ്രദ്ധ ട്രസ്റ്റ് സമ്മതിച്ചു. കേസിൽ നൂറുകണക്കിന് ഇരകൾ ഉണ്ടെന്നും ദുരനുഭവം നേരിട്ടവർ മുന്നോട്ടുവന്ന് പിന്തുണ തേടണമെന്നും അഭിഭാഷകൻ അറിയിച്ചു.
Leave a Reply