ന്യൂസ് ഡെസ്ക്, മലയാളം യുകെ
നൂതന സാങ്കേതികവിദ്യകളെയും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനെയും അമിതമായി ആശ്രയിക്കുന്നതിന് എൻഎച്ച്എസിനെ വിമർശിച്ച് വിദഗ്ദ്ധർ. ചികിത്സയ്ക്കായി സാങ്കേതിക വിദ്യയെ ആശ്രയിക്കുന്നതിന് പകരം ക്യാൻസർ ചികിത്സയുടെ അടിസ്ഥാന വശങ്ങളിൽ എൻഎച്ച്എസ് ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. പ്രമുഖ കാൻസർ ഡോക്ടർമാരുടെയും അക്കാദമിക് വിദഗ്ധരുടെയും ലാൻസെറ്റ് ഓങ്കോളജിയിലെ റിപ്പോർട്ട് അനുസരിച്ച് എൻഎച്ച്എസ് ക്യാൻസർ പരിചരണത്തിൽ പിന്നോട്ട് പോവുകയാണെന്ന് പറയുന്നു. മറ്റ് വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ക്യാൻസർ ബാധ മൂലമുള്ള മരണ നിരക്കും രാജ്യത്ത് കൂടുതലാണ്.
2015 ഡിസംബറിൽ രണ്ട് മാസത്തിനുള്ളിൽ രോഗം സ്ഥിരീകരിച്ച 85% ക്യാൻസർ രോഗികൾക്കെങ്കിലും ചികിത്സ നൽകണമെന്ന ലക്‌ഷ്യം എൻഎച്ച്എസിന് ഇതുവരെയും നിർവഹിക്കാൻ കഴിഞ്ഞിട്ടില്ല. നാലാഴ്ച് വരെ ചികിത്സ വൈകുന്നത് മരണസാധ്യത 10 ശതമാനം വരെ വർദ്ധിപ്പിക്കും. അതേസമയം നിലവിൽ ലക്ഷക്കണക്കിന് രോഗികൾക്ക് അത്യാവശ്യ ക്യാൻസർ ചികിത്സയ്ക്കായി മാസങ്ങളോളം കാത്തിരിക്കേണ്ടതായി വരുന്നുണ്ട്. രോഗം സ്ഥിരീകരിച്ച് 62 ദിവസത്തിനുള്ളിൽ ചികിത്സ ലഭിച്ചത് 67 ശതമാനം രോഗികൾക്ക് മാത്രമാണ്.
രോഗനിർണ്ണയത്തിലും ചികിത്സയിലും കാലതാമസം, ചികിത്സയിലുള്ള വീഴ്ച് എന്നിവയാണ് മരണ നിരക്ക് ഉയരാനുള്ള കാരണങ്ങളായി റിപ്പോർട്ടിൽ പറയുന്നത്. പ്രശ്‌നത്തിൻെറ തീവ്രത മനസിലാക്കി എൻഎച്ച്എസ് പ്രവർത്തിക്കണമെന്ന് വിദഗ്ദ്ധർ പറയുന്നു. ഇത്തരം വിഷയങ്ങളിൽ എഐ പോലുള്ള സാങ്കേതിക വിദ്യകൾ എൻഎച്ച്എസ് മേധാവികൾ അമിതമായി ആശ്രയിക്കുന്നതിനെയും വിദഗ്ദ്ധർ കുറ്റപ്പെടുത്തി.
Leave a Reply