എന്‍എച്ച്എസ് ആശുപത്രികളില്‍ നിന്ന് രോഗികള്‍ക്ക് നല്‍കുന്ന വോക്കിംഗ് എയിഡുകളും വീല്‍ച്ചെയറുകളും മറ്റും ആവശ്യത്തിനു ശേഷം തിരികെ നല്‍കണമെന്ന് നിര്‍ദേശം. ഉപയോഗം അവസാനിച്ചാല്‍ ലിവിംഗ് റൂമുകളില്‍ ഉപേക്ഷിക്കപ്പെടുകയും പിന്നീട് ലാന്‍ഡ്ഫില്ലുകളില്‍ ഒടുങ്ങുകയും ചെയ്യുന്ന ഇത്തരം ഉപകരണങ്ങള്‍ ആശുപത്രികളില്‍ തിരികെ നല്‍കിയാല്‍ അവ മറ്റു രോഗികള്‍ക്ക് നല്‍കാന്‍ കഴിയുമെന്ന് ഹെല്‍ത്ത് മിനിസ്റ്റര്‍ സ്റ്റീവ് ബാര്‍ക്ലേ പറഞ്ഞു. ഇത്തരം മെഡിക്കല്‍ ഉപകരണങ്ങള്‍ തിരികെ വാങ്ങണമെന്നും റീസൈക്കിള്‍ ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്നവ അപ്രകാരം ചെയ്യണമെന്നും മിനിസ്റ്റര്‍ പറഞ്ഞു. എന്‍എച്ച്എസിന്റെ കാര്‍ബണ്‍ ഫുട്പ്രിന്റ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ ക്രച്ചസ് ആംനസ്റ്റിക്ക് തുടക്കമിട്ടിരിക്കുന്നത്. ആവശ്യം കഴിഞ്ഞ വീല്‍ച്ചെയറുകളും വോക്കിംഗ് എയിഡുകളും വീണ്ടും ഉപയോഗിക്കുന്ന ആശുപത്രികളുടെ മഹത്തായ മാതൃകകള്‍ നമുക്കു മുന്നിലുണ്ട്. രാജ്യത്തെ മറ്റ് ആശുപത്രികളും ഈ മാതൃക പിന്തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇത്തരം ഉപകരണങ്ങള്‍ ഒരിക്കല്‍ ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞാല്‍ അത് പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് നാം ബോധവാന്‍മാരായിരിക്കണം. ആവശ്യം കഴിഞ്ഞ വീടുകളില്‍ വെറുതെയിട്ടിരിക്കുന്ന ഈ ഉപകരണങ്ങള്‍ നിങ്ങള്‍ തിരികെ നല്‍കിയാല്‍ അത് മറ്റുള്ളവരെ സഹായിക്കുക മാത്രമല്ല ചെയ്യുന്നത്, എന്‍എച്ച്എസിനും വലിയ സഹായമായിരിക്കും. നികുതിദായകന്റെ പണം ശരിയായി വിനിയോഗിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്തുക കൂടിയാണ് ഇതിലൂടെ സാധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോക്കിംഗ് എയിഡുകളുടെ പുനരുപയോഗം എന്‍എച്ച്എസിന് പതിനായിരക്കണക്കിന് പൗണ്ടിന്റെ ലാഭമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. എന്‍എച്ച്എസ് ഈ ഉപകരണങ്ങള്‍ തിരികെ വാങ്ങുമോ എന്ന കാര്യം പോലും രോഗികള്‍ക്ക് അറിയില്ലെന്ന് പേഷ്യന്റ്‌സ് അസോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് റെയ്ച്ചല്‍ പവര്‍ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പലപ്പോഴും ഉപകരണങ്ങള്‍ തിരികെ വാങ്ങുമ്പോള്‍ എന്‍എച്ച്എസിനു മേലുള്ള വിശ്വാസം പോലും രോഗികള്‍ക്ക് നഷ്ടപ്പെടുകയാണ്. എന്നാല്‍ ഉപയോഗം കഴിഞ്ഞ ഉപകരണങ്ങള്‍ രോഗികള്‍ തിരികെ നല്‍കുന്ന സംസ്‌കാരമുള്ള ഒരു എന്‍എച്ച്എസിനെ കാണാന്‍ തങ്ങള്‍ക്ക് ആഗ്രഹമുണ്ടെന്നും അവര്‍ പറഞ്ഞു. മിഡ് എസെക്‌സ് ഹോസ്പിറ്റല്‍ സര്‍വീസസ് എന്‍എച്ച്എസ് ട്രസ്റ്റിലാണ് നിലവില്‍ ഈ പദ്ധതിയുള്ളത്. തിരികെ ലഭിക്കുന്ന ഉപകരണങ്ങള്‍ അണുവിമുക്തമാക്കി ഉപയോഗിക്കുകയോ റീസൈക്കിള്‍ ചെയ്യുകയോ ആണ് ഇവിടത്തെ രീതി. രോഗികള്‍ക്ക് നല്‍കിയ 21 ശതമാനം ക്രച്ചസും 61 ശതമാനം ഫ്രെയിമുകളും കഴിഞ്ഞ വര്‍ഷം ഇവിടെ തിരികെയെത്തിയിട്ടുണ്ട്.