ന്യൂസ് ഡെസ്ക്, മലയാളം യുകെ

ദന്ത ചികിത്സാ മേഖലയിൽ മതിയായ ജീവനക്കാർ ഇല്ലാത്തതു മൂലം എൻഎച്ച്എസ് കടുത്ത പ്രതിസന്ധിയെയാണ് നേരിടുന്നത്. ഇതിനെ മറികടക്കാൻ പുതിയതായി പരിശീലനം ലഭിച്ച ദന്ത ഡോക്ടർമാരോട് നിർബന്ധമായും എൻഎച്ച്എസിൽ പ്രവർത്തിക്കാൻ നിർദ്ദേശം നൽകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. സ്വകാര്യ ക്ലിനിക്കുകളിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഡെന്‍റിസ്റ്റുകളെ തടയാനും എന്‍എച്ച്എസിലെ ഡെന്‍റൽ സേവനങ്ങൾ ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടിയുമായി സർക്കാർ മുന്നോട്ട് വന്നിരിക്കുന്നത് . എന്‍എച്ച്എസിൽ സേവനം ചെയ്യുന്നവരുടെ ക്ഷാമം നേരിടുകയും പല ഭാഗത്തും ഡെന്‍റല്‍ സേവനങ്ങള്‍ ലഭ്യമല്ലാത്ത അവസ്ഥ രൂപപ്പെടുകയും ചെയ്തതോടെയാണ് ഈ കര്‍ശന നീക്കം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


നിലവിൽ ഒരു ദന്ത ഡോക്ടറെ പരിശീലിപ്പിക്കുന്നതിനായി 200,000 പൗണ്ട് വരെ സർക്കാരിൽ നിന്ന് ചിലവഴിക്കുന്നതാണ് കണക്കുകൾ കാണിക്കുന്നത്. എന്നാല്‍ പഠനം പൂർത്തിയാക്കിയ ശേഷം എന്‍എച്ച്എസിനായി ജോലി ചെയ്യണമെന്ന നിബന്ധനയില്ല. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഓരോ ദന്തഡോക്ടറും ഏകദേശം 2,300 രോഗികളെ ചികിത്സിക്കേണ്ടതായി വരുന്നുണ്ട്. പലസ്ഥലങ്ങളിലും ദന്ത ചികിത്സയ്ക്കായി നീണ്ട ക്യൂവാണ് രൂപപ്പെടുന്നത്. നിലവിൽ ഇംഗ്ലണ്ടിലെ ജനറൽ ഡെൻ്റൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 35,000 ദന്തഡോക്ടർമാരിൽ മൂന്നിലൊന്ന് പേരും എൻഎച്ച്എസിന് വേണ്ടി ഒരു ജോലിയും ചെയ്യുന്നില്ല.


മതിയായ ഡോക്ടർമാരുടെ അഭാവവും കാത്തിരുപ്പ് സമയം കൂടുന്നതിനും പരിഹാരമായി നേരെത്തെ ഒട്ടേറെ കാര്യങ്ങൾ സർക്കാർ നടപ്പിലാക്കിയിരുന്നു. ഇതിന്റെ ഭാഗമായി അധികമായി രോഗികളെ ചികിത്സിക്കുന്നതിന് ദന്തഡോക്ടർമാർക്ക് കൂടുതൽ വേതനം നൽകുന്ന പദ്ധതി നിലവിൽ വന്നിരുന്നു . ഇതുകൂടാതെ നിലവിൽ ദന്ത ഡോക്ടർമാരുടെ സേവനം ഇല്ലാത്ത സ്ഥലങ്ങളിൽ മൂന്ന് വർഷത്തേയ്ക്ക് ജോലി ചെയ്യുന്നതിന് 20000 പൗണ്ട് ഡോക്ടർമാർക്ക് വാഗ്ദാനം ചെയ്യുന്ന പുതിയ പദ്ധതിയും നടപ്പിലാക്കിയിരുന്നു. ദന്ത ചികിത്സാ മേഖലയിൽ സമൂല മാറ്റങ്ങൾ വരുത്താനുള്ള ബോണസ് സ്കീം ഉൾപ്പെടെയുള്ള പദ്ധതികൾക്കായി 200 മില്യൺ പൗണ്ട് നിക്ഷേപം ആണ് എൻഎച്ച്എസ് നടത്തിയത് .