ലണ്ടന്‍: എന്‍എച്ച്എസ് ജീവനക്കാര്‍ 3.9 ശതമാനം വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ട് രംഗത്ത്. എന്‍എച്ച്എസ് ജീവനക്കാരും ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയനുകളും ഇക്കാര്യം ഉന്നയിച്ചുകൊണ്ട് ചാന്‍സലര്‍ക്ക് കത്തയച്ചു. കുറച്ചു വര്‍ഷങ്ങളായി നിലവിലുള്ള നിയന്ത്രണങ്ങള്‍ മൂലമുള്ള പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ 800 പൗണ്ട് എങ്കിലും അധികം നല്‍കണമെന്നാണ് ആവശ്യം. നാണയപ്പെരുപ്പം കൂടി കണക്കിലെടുത്താല്‍ 2010 മുതല്‍ 15 ശതമാനം കുറവാണ് ശമ്പളത്തില്‍ ഉണ്ടായിരിക്കുന്നതെന്ന് ജാവനക്കാര്‍ പറയുന്നു. 14 യൂണിയനുകള്‍ സംയുക്തമായാണ് ഈ ആവശ്യമുന്നയിച്ചത്.
പോലീസ് ഉദ്യോഗസ്ഥര്‍ക്കും ജയില്‍ ജീവനക്കാര്‍ക്കുമുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ പ്രത്യേക വിഭാഗങ്ങളെ മാത്രം തെരഞ്ഞെടുത്ത് ശമ്പളനിയന്ത്രണം നീക്കുന്നത് ശരിയായ രീതിയല്ലെന്നും യൂണിയനുകള്‍ പറഞ്ഞു. എല്ലാ യൂണിയനുകളിലുമായി 10 ലക്ഷത്തിലേറെ അംഗങ്ങളുണ്ട്. എന്നാല്‍ ഡോക്ടര്‍മാരുടെ സംഘടനയായ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ഈ കത്തല്‍ ഒപ്പ് വെച്ചിട്ടില്ല. ശമ്പള നിയന്ത്രണം നീക്കിയാല്‍ ഇപ്പോള്‍ എന്‍എച്ച്എസ് നേരിടുന്ന ജീവനക്കാരുടെ കുറവ് പരിഹരിക്കപ്പെടുമെന്നും യൂണിയനുകള്‍ വ്യക്തമാക്കുന്നു.
40,000 പോസ്റ്റുകള്‍ എന്‍എച്ച്എസില്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന് ഈ വര്‍ഷം ആദ്യം റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു. അടുത്ത വര്‍ഷത്തോടെ ശമ്പളവര്‍ദ്ധനവ് നടപ്പാക്കണമെന്നാണ് യൂണിയനുകള്‍ ആവശ്യപ്പെടുന്നത്. ശമ്പളവര്‍ദ്ധനവ് ഈ നിരക്കില്‍ നടപ്പാക്കിയാല്‍ സര്‍ക്കാരിന് 2.5 ബില്യന്‍ പൗണ്ട് അധികമായി കണ്ടെത്തേണ്ടി വരും.
പോലീസില്‍ 1 ശതമാനം വേതന വര്‍ദ്ധനവും 1 ശതമാനം ബോണസുമാണ് നല്‍കിയത്. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് 1.7 ശതമാനമാണ് വര്‍ദ്ധിപ്പിച്ചത്. നിലവിലുള്ള ബജറ്റില്‍ നിന്ന് തന്നെയാണ് ഇതിനുള്ള പണം കണ്ടെത്തിയത്. ഈ നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് എന്‍എച്ച്എസ് ജീവനക്കാര്‍ ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെടുന്നത്.
Leave a Reply