ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- മെയ്‌ 17 മുതൽ ബ്രിട്ടനിൽ നിന്ന് ട്രാഫിക് ലൈറ്റ് മാതൃകയിലുള്ള സിസ്റ്റം അനുസരിച്ച് അന്താരാഷ്ട്ര യാത്രയ്ക്കുള്ള അനുമതി നൽകാനുള്ള പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ തീരുമാനത്തിനെതിരെ ശക്തമായി പ്രതികരിച്ചു സ്കോട്ടീഷ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയോൻ. ഈ സിസ്റ്റമനുസരിച്ച്, രാജ്യങ്ങളെ കൊറോണ ബാധയുടെ തീവ്രതയനുസരിച്ച് മഞ്ഞ, പച്ച, ചുമപ്പ് എന്നിവയായി തരംതിരിച്ച്, യാത്രകൾക്കുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കപ്പെടുന്നു. എന്നാൽ ഈ സംവിധാനം പുതിയ വേരിയന്റ് വൈറസ് പടരുന്നതിന് കാരണമാകുമെന്ന് നിക്കോള സ്റ്റർജിയോൻ ആരോപിച്ചു. അനാവശ്യമായ കാരണങ്ങൾക്ക് ജനങ്ങളെ അന്താരാഷ്ട്ര യാത്രകൾക്ക് അനുവദിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ ആവുകയില്ലെന്ന് അവർ പറഞ്ഞു. കൂടുതൽ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നാണ് സ്റ്റർജിയോൻ ആവശ്യപ്പെടുന്നത്. ഇതോടൊപ്പംതന്നെ ബോറിസ് ജോൺസന്റെ ഇന്ത്യാ യാത്രയ്ക്ക് എതിരെയും അവർ ശക്തമായി പ്രതികരിച്ചു.


കോവിഡ് വൈറസിന് പലതരത്തിലാണ് മ്യുട്ടേഷൻ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതിനാൽ തന്നെ മറ്റു രാജ്യങ്ങളിലേക്കുള്ള യാത്രകൾ പുതിയ തരത്തിലുള്ള സ്ട്രെയിനുകളെ ബ്രിട്ടണിലേക്ക് കൊണ്ടുവരുന്നതിന് ഇടയാകും. കൂടുതൽ ജാഗ്രത പാലിക്കേണ്ട സമയമാണ് ഇതെന്നും നിക്കോള സ്റ്റർജിയോൻ ഓർമിപ്പിച്ചു. ഇതോടൊപ്പംതന്നെ ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും ഉയർന്നു വരുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഗ്രീൻ ലിസ്റ്റിൽ പെട്ട രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് തിരിച്ചുവരുമ്പോൾ ക്വാറന്റൈൻ ഇനി ആവശ്യമില്ല. യെല്ലോ ലിസ്റ്റിൽ പെട്ട രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് തിരിച്ചുവരുമ്പോൾ പത്ത് ദിവസത്തെ ക്വാറന്റൈൻ ആവശ്യമാണ്. റെഡ് ലിസ്റ്റിൽ പെട്ട രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് നിർബന്ധമായും ഹോട്ടൽ ക്വാറന്റൈൻ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ സംവിധാനത്തിന് എതിരെ ആണ് സ്കോട്ടീഷ് ഫസ്റ്റ് മിനിസ്റ്റർ പ്രതികരിച്ചിരിക്കുന്നത്.