സ്വന്തം ലേഖകൻ

ലണ്ടൻ : ലോകത്തെങ്ങും കൊറോണ വൈറസ് പടർന്നുപിടിച്ചതോടെ ലോക്ക്ഡൗണിലാണ് മിക്ക രാജ്യങ്ങളും. ലോക്ക്ഡൗണിൽ പല പ്രതിസന്ധികളും ഉടലെടുത്തെങ്കിലും പ്രകൃതി കൂടുതൽ സുന്ദരിയായി മാറിയത് ഈ കാലത്താണ്. വാഹനങ്ങൾ അധികം ഓടാത്തതിനാൽ യുകെയിലെ ചില പ്രദേശങ്ങളിൽ നൈട്രജൻ ഡൈ ഓക്സൈഡ് അളവ് (എക്‌സ്‌ഹോസ്റ്റ് ഫ്യൂമുകൾ) 50 ശതമാനത്തിലധികം കുറഞ്ഞു. കാലാവസ്ഥയും മെച്ചപ്പെട്ടതോടെ മലിനീകരണം ഇല്ലാതെ ആകാശം നീല നിറത്തിൽ കാണപ്പെട്ടു. മനുഷ്യസഞ്ചാരവും വാഹനസഞ്ചാരവും കുറഞ്ഞതോടെ പ്രഭാതത്തിൽ പക്ഷികളുടെ കലകളാരവവും കേൾക്കാൻ തുടങ്ങി. കൂടുതൽ തേനീച്ച, പക്ഷികൾ, അണ്ണാൻ, കുറുക്കൻ, ബാഡ്ജറുകൾ എന്നിവ പൂന്തോട്ടങ്ങളിലേക്ക് തിരിച്ചെത്തിയതായി ആളുകൾ ശ്രദ്ധിച്ചു. തേനീച്ചകളുടെ സഞ്ചാരത്തിനും തേൻ ശേഖരണത്തിനും ലോക്ക്ഡൗൺ കാലം സഹായകമായി മാറി. പ്രകൃതിയിൽ ഉണ്ടായ ഈ മാറ്റം മനുഷ്യരാശിക്ക് മുഴുവനായുള്ള സന്ദേശമാണ്.

 

ആകാശത്ത് വിമാനങ്ങൾ കുറവായതിനാൽ, രാത്രിയിൽ ആകാശത്തിന്റെ ഫോട്ടോ എടുക്കാൻ പുറപ്പെടുന്ന ഫോട്ടോഗ്രാഫർമാരുടെ എണ്ണവും കൂടിവരുന്നു. ന്യൂകാസിലിലെ കടൽതീരത്ത് സന്ദർശകർ കുറവായതിനാൽ കടൽകൊക്കുകൾ മീൻ പിടിക്കുന്ന കാഴ്ചയും രൂപപ്പെട്ടു. നമ്മുടെ ഗ്രഹത്തിന്റെ ചൂടിൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടോയോ എന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം പരിശോധിക്കുന്നുണ്ട്. പക്ഷികളുടെയും മൃഗങ്ങളുടെയും ഈ തിരിച്ചുവരവും മലിനീകരണം ഇല്ലാത്തതിനാൽ തെളിഞ്ഞ ആകാശവും സമുദ്രവും മനുഷ്യന് നൽകുന്നത് വലിയ സന്ദേശമാണ്. പ്രകൃതിയുടെ യഥാർത്ഥ സൗന്ദര്യം വെളിപ്പെട്ടുവന്ന ചിത്രങ്ങളും ലോക്ക്ഡൗൺ കാലത്തെ മനോഹര കാഴ്ചകളായി.