കോഴിക്കോട്: സ്‌കൂളില്‍ നിന്നും പാമ്പു കടിയേറ്റ് ഷെഹ്‌ല ഷെറിന്‍ എന്ന അഞ്ചാംക്ലാസുകാരി ദാരുണമായി കൊല്ലപ്പെട്ട സംഭവം കേരള മാനസാക്ഷിയെ ഞെട്ടിച്ചത് സ്‌കൂള്‍ അധികൃതരുടെ അനാസ്ഥ കൂടി പുറത്തുവന്നതോടെയാണ്. ക്ലാസ് മുറിയില്‍ നിന്ന് എന്തോ കടിച്ചുവെന്ന് ഷെഹ്‌ല തന്നെ പറഞ്ഞിട്ടും സ്‌കൂള്‍ അധികൃതര്‍ കുട്ടിയെ ആശുപത്രിയിലേക്കെത്തിക്കാന്‍ ശ്രമിച്ചില്ല എന്ന് മാത്രമല്ല, ഇത് പറഞ്ഞ മറ്റു കുട്ടികളെ വിരട്ടിയോടിക്കുകയും ചെയ്തു ഷിജിന്‍ എന്ന അധ്യാപകന്‍. ഇക്കാര്യം പുറത്തറിയുന്നത് നിദ ഫാത്തിമയെന്ന സ്‌കൂളിലെ തന്നെ ഏഴാംക്ലാസുകാരിയുടെ ചാനല്‍ ബൈറ്റുകള്‍ പുറത്തുവന്നതോടെയാണ്.
സഹപാഠിക്കായി ഉറച്ച ശബ്ദത്തില്‍ കൃത്യമായി സംസാരിച്ച നിദയുടെ വാക്കുകള്‍ തന്നെയാണ് വിഷയത്തിന്റെ ഗൗരവം കേരള മനസാക്ഷിയെ ബോധ്യപ്പെടുത്തിയത്. വാക്കുകള്‍ ഏറെ വൈറലായതോടെ പലരും ആ കൊച്ചു മിടുക്കിയുടെ ഫോട്ടോ ഡിപിയാക്കിയും കവര്‍ ഫോട്ടോയാക്കിയും വലിയ പിന്തുണയാണ് അവള്‍ക്ക് നല്‍കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ദേശീയ പാത 766 അടച്ചിടുന്നതിനുള്ള നീക്കവുമായി മുന്നോട്ടുപോയപ്പോള്‍ ബത്തേരിയില്‍ ദിവസങ്ങളോളം നീണ്ടുനിന്ന സമരം സംസ്ഥാനം കണ്ട ഏറ്റലും വലിയ സമരങ്ങളിലൊന്നായി മാറിയിരുന്നു. ഇതിന്റെ മുന്‍നിരയിലുണ്ടായിരുന്ന നിദയുടെ ഫോട്ടോ പോസ്റ്റ് ചെയ്ത് കൊണ്ടാണ് പലരും ഇപ്പോള്‍ പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നതും.
ന്യായത്തിന് വേണ്ടി ഉറച്ച ശബ്ദത്തില്‍ സംസാരിച്ചത് ഒരു പെണ്‍കുട്ടി ആയതുകൊണ്ടും അവളുടെ വാക്കുകള്‍ ഏറെ ശ്രദ്ധേയമായതുകൊണ്ടും പല തരത്തിലുമുള്ള കുത്തുവാക്കുകള്‍ വരുംദിവസങ്ങളില്‍ നേരിടേണ്ടി വന്നേക്കുമെന്നും അങ്ങനെ സംഭവിച്ചാല്‍ ഷെഹ്‌ലയ്ക്ക് നല്‍കിയ എല്ലാ പിന്തുണയും നിദയ്ക്കും നല്‍കുമെന്നും സമൂഹമാധ്യമങ്ങളില്‍ പലരും മുന്‍കൂട്ടി പറയുന്നു.
”പാമ്പുകടിച്ചതാണ്, ആശുപത്രിയില്‍ കൊണ്ടുപോകണംന്ന് ഷഹ്‌ല കരഞ്ഞു പറഞ്ഞിട്ടും സാറുമ്മാര്‍ അവുളുടെ ഉപ്പ വരുന്നത് വരെ കാത്തിരുന്നു. അവളുടെ കാലില്‍ നിന്ന് ചോരവരുന്നുണ്ടായിരുന്നു. ക്ലാസ് മുറിയില്‍ ചെരിപ്പിടാന്‍ സമ്മതിക്കില്ല, പക്ഷെ മാഷുമ്മാര്‍ക്ക് ചെരിപ്പിടാം. ഈ സ്‌കൂളിന് സ്‌കൂളെന്ന പേരെയുള്ളു, എന്തോ ഇതാണ്. ഞങ്ങളെ കൊണ്ടാണ് ബാത്ത്‌റൂമുകളെല്ലാം കഴുകിക്കാറുള്ളത്. പരാതിപറയാന്‍ ചെന്നാല്‍ അധ്യാപകര്‍ വിരട്ടിയോടിക്കും. സാറുമ്മാരെ വിശ്വാസമുള്ളത് കൊണ്ടല്ലേ ഞങ്ങളുടെ വീട്ടീന്ന് ഇങ്ങോട്ടേ പറഞ്ഞു വിടുന്നത്”. ഇങ്ങനെയായിരുന്നു ഷെഹ്‌ലയുടെ മരണത്തിന് ശേഷം കഴിഞ്ഞ ദിവസം നിദ ഫാത്തിമയുടെ വാക്കുകള്‍.
Leave a Reply