നൈജീരിയൻ സൈനിക മേധാവി ലഫ്. ജനറൽ ഇബ്രാഹിം അത്തഹിരു വിമാനാപകടത്തിൽ മരിച്ചു. വടക്കൻ സംസ്ഥാനമായ കഡുനയിൽ ഔദ്യോഗിക സന്ദർശനത്തിനായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അദ്ദേഹം സുരക്ഷാ വെല്ലുവിളികൾ നേരിട്ടിരുന്നതായി പ്രസിഡന്റ് മുഹമ്മദ് ബുഹാരി പറഞ്ഞു.
കഡുന വിമാനത്താവളത്തിന് സമീപമാണ് സൈനിക മേധാവി അടക്കമുള്ളവർ സഞ്ചരിച്ച വിമാനം തകർന്നുവീണത്. വെള്ളിയാഴ്ചയുണ്ടായ അപകടത്തിൽ സൈനിക മേധാവിക്കൊപ്പം മറ്റു ചില സൈനിക ഉദ്യോഗസ്ഥരും മരിച്ചു. അപകടകാരണത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചതായും നൈജീരിയൻ വ്യോമസേന പ്രസ്താവനയിൽ പറഞ്ഞു.
നൈജീരിയൻ വ്യോമസേനയുടെ വിമാനം തകർന്ന് ഏഴു പേർ മരിച്ചിട്ട് മൂന്നു മാസം പിന്നിടുമ്പോഴാണ് അടുത്ത അപകടമുണ്ടായത്. രാജ്യം നേരിടുന്ന സുരക്ഷാ വെല്ലുവിളികൾ അവസാനിപ്പിക്കാൻ നമ്മുടെ സൈന്യം ഒരുങ്ങുന്നതിനിടെയേറ്റ മാരകമായ പ്രഹരം ആണിതെന്ന് ബുഹാരി അനുശോചന സന്ദേശത്തിൽ വിശേഷിപ്പിച്ചു.
കഴിഞ്ഞ ജനുവരിയിലാണ് ഇബ്രാഹിം അത്തഹിരു സൈനിക മേധാവിയായി നിയമിതനാകുന്നത്. ബോക്കോഹറാം അടക്കമുള്ള ഭീകരസംഘടനകളും കലാപകാരികളും നടത്തുന്ന അക്രമങ്ങളെ അടിച്ചമർത്താൻ കഴിയാത്ത നൈജീരിയൻ ഭരണകൂടത്തിനിടെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനിടെയാണ് അത്തഹിരുവിനെ ബുഹാരി നിയമിക്കുന്നത്.
ബോക്കോഹാമും ഇസ്ലാമിക് സ്റ്റേറ്റും ഒരു ദശാബ്ദക്കാലം നൈജീരിയയിൽ കലാപം സൃഷ്ടിച്ചു. ആക്രമണങ്ങളെ ഭയന്ന് ഏകദേശം രണ്ട് ലക്ഷത്തോളം പേർ ആഭ്യന്തര പലായനം നടത്തി. 30,000ലേറെ ആളുകൾ കൊല്ലപ്പെടുകയും ചെയ്തു.
Leave a Reply