ഭാര്യയെ തീവച്ചു കൊല്ലാൻ ശ്രമച്ചതിനെത്തുടർന്നു ബംഗാൾ സ്വദേശിയായ യുവാവ് പൊലീസ് പിടിയിൽ. ഗുരുതരമായി പൊള്ളലേറ്റ മുഹസിമ ഹാത്തുണിനെ (21) മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് ജൗഹീറുൽ ഇസ്‌ലാമിനെ (25) പൊലീസ് അറസ്റ്റ് ചെയ്തു. മുഹസിമക്ക് 60 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. പ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് 4.30നാണ് സംഭവം. പെരുന്നാളായിട്ടും വീട്ടിൽ ഭക്ഷണം ഇല്ലായിരുന്നു. വെറുംകയ്യോടെ വീട്ടിലെത്തിയ ജൗഹീറുലും മുഹസിമയും ഇതേ ചൊല്ലി തർക്കം തുടങ്ങി. വീട്ടിൽ കൊണ്ടുചെന്നാക്കാൻ മുഹസിമ ആവശ്യപ്പെട്ടു. മുഹസിമയുടെ കൈവശമുള്ള പണം ജൗഹീറുൽ ചോദിച്ചെങ്കിലും നൽകിയില്ല. പ്രകോപിതനായ ജൗഹിറുൽ സ്റ്റൗവിൽ ഒഴിക്കാൻ സൂക്ഷിച്ച ഡീസൽ മുഹസിമയുടെ മുഖത്തും ദേഹത്തും ഒഴിച്ച് തീകൊളുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. മൂന്നു വർഷം മുന്‍പായിരുന്നു കെട്ടിട നിർമ്മാണ തൊഴിലാളിയായ ജൗഹീറുലിന്റെയും മുഹസിമയുടെയും വിവാഹം. രണ്ടു വയസായ ആൺകുഞ്ഞുണ്ട്. കരുളായി റോഡിൽ വാടക ക്വാർട്ടേഴ്‌സിലാണ് താമസം.
പൊള്ളലേറ്റ് മരണവെപ്രാളവുമായി മുറ്റത്തു കൂടി ഓടിയ മുഹസിമയെ അയൽവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്. വീട്ടിൽ തടഞ്ഞുവച്ച ജൗഹീറുലിനെ എസ്ഐ കെ.കെ.ജയചന്ദ്രൻ എത്തി കസ്റ്റഡിയിലെടുത്തു. നിസാര പരുക്കുള്ള ജൗഹീറുലിന് ജില്ലാ ആശുപത്രിയിൽ ചികിത്സ നൽകി. കുട്ടി വനിതാ പൊലീസുകാരുടെ സംരക്ഷണത്തിലാണ്. വ്യാഴാഴ്ച ശിശുക്ഷേമ സമിതി മുൻപാകെ ഹാജരാക്കും.
Leave a Reply