ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടീഷ് റീറ്റെയിലർമാരിൽ നിന്ന് വാങ്ങിയ 90 ശതമാനം തേൻ സാമ്പിളുകളും ആധികാരിക പരിശോധനകളിൽ പരാജയപ്പെട്ടതായുള്ള വിവരങ്ങൾ പുറത്തുവന്നു. ഹണി ഓതൺറ്റിസിറ്റി നെറ്റ്‌വർക്കിൻ്റെ യുകെ ഘടകം കഴിഞ്ഞ മാസം ശേഖരിച്ച 30 സാമ്പിളുകളിൽ നടത്തിയ പരിശോധനകളിൽ ആണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. ഇതിൽ 25 സാമ്പിളുകൾ സൂപ്പർമാർക്കറ്റുകൾ ഉൾപ്പെടെയുള്ള വൻകിട കച്ചവടക്കാരിൽ നിന്നാണ് ശേഖരിച്ചത്. 5 സാമ്പിളുകൾ തേനീച്ച കർഷകരിൽ നിന്ന് നേരിട്ടാണ് ശേഖരിച്ചത്.
ചില്ലറ വ്യാപാരികളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ 25 -ൽ 24 ഉം മായം കലർന്നതാണെന്നാണ് കണ്ടെത്തിയത്. തേനീച്ച കർഷകരിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ പ്രശ്നങ്ങൾ ഒന്നും കണ്ടെത്തിയിട്ടില്ല . തേനീച്ച കർഷകരിൽ നിന്ന് ശേഖരിക്കുന്ന തേനിൽ പിന്നീട് മായം കലർന്നതായാണ് ഇതിൽനിന്ന് മനസ്സിലാക്കുന്നത്. അതായത് വിതരണ ശൃംഖലയിൽ വ്യാപകമായ രീതിയിൽ തിരിമറി നടത്തുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
യുകെയിലെ തേൻ ഇറക്കുമതിക്കാരും ചില വിദഗ്ധരും അത്തരം പരിശോധനയുടെ വിശ്വാസ്യതയെ വെല്ലുവിളിക്കുന്നുണ്ട് . എന്നാൽ തേനിൽ വിലകുറഞ്ഞ പഞ്ചസാര സിറപ്പുകൾ വ്യാപകമായി ചേർക്കപ്പെടുന്നു എന്ന ആരോപണവും ശക്തമാണ്. യുകെയിൽ നിന്നുള്ള 10 തേൻ സാമ്പിളുകൾ ഉൾപ്പെടെ ഇറക്കുമതി ചെയ്ത സാമ്പിൾ ഉൽപ്പന്നങ്ങളിൽ 46% വ്യാജമാണെന്ന് സംശയിക്കുന്നതായി കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ഒരു ഇ.യു അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു . വില കുറഞ്ഞതും മായം കലർന്നതുമായ ഇറക്കുമതി ചെയ്ത തേൻ മാർക്കറ്റിൽ സർവ്വ വ്യാപകമാണെന്നും ഇത് യഥാർത്ഥ തേൻ ഉത്പാദകരുടെ ബിസിനസിനെ തുരങ്കം വയ്ക്കുന്നതാണെന്നും സോമർസെറ്റ് തേനീച്ച വളർത്തുകാരിയും ഹണി ഓതൺറ്റിസിറ്റി നെറ്റ്‌വർക്ക് യുകെ ചെയർമാനുമായ ലിൻ ഇൻഗ്രാം പറഞ്ഞു.
Leave a Reply