ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിൽ ഈസ്റ്റ് ലണ്ടൻ റെസ്റ്റോറൻ്റിൽ വച്ച് അക്രമികളുടെ വെടിയേറ്റ യുകെ മലയാളി പെൺകുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി. കുട്ടി മാതാപിതാക്കളുടെ ശബ്ദത്തോട് പ്രതികരിക്കുകയും കൈകൾ അനക്കുകയും ചെയ്‌തതായുള്ള വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ബിർമിംഗ്ഹാമിൽ നിന്നുള്ള കുടുംബം, സുഹൃത്തുക്കളെ സന്ദർശിക്കാൻ ഹാഫ്-ടെം ലണ്ടനിൽ എത്തിയതായിരുന്നു. ഈ സമയം കുട്ടിക്ക് വിശന്നതിനെ തുടർന്ന് യാത്രാമധ്യേ ഹാക്ക്‌നിയിലെ ടർക്കിഷ് റസ്‌റ്റോറൻ്റിൽ കയറുകയായിരുന്നു. ഇവിടെ വച്ചാണ് അപ്രതീക്ഷിതമായ ആക്രമണത്തിന് വിനയ, അജീഷ് ദമ്പതികളുടെ മകൾ ലിസ്സെൽ മരിയ ഇരയായത്.

കിംഗ്‌സ്‌ലാൻഡ് ഹൈ സ്‌ട്രീറ്റിലെ എവിൻ റസ്‌റ്റോറൻ്റിൽ രാത്രി 9 മണിക്കാണ് ആക്രമണം നടന്നത്. ഒരു ഡ്യുക്കാറ്റി മോൺസ്റ്റർ മോട്ടോർബൈക്കിലെത്തിയ അക്രമി കടയിൽ ഉണ്ടായിരുന്ന തുർക്കി വംശജരായ മൂന്ന് പേർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതിനിടയിൽ പെട്ട പെൺകുട്ടിയ്ക്ക് തലയ്ക്ക് വെടിയേൽക്കുകയായിരുന്നു.

പെൺകുട്ടി ഉൾപ്പെടെയുള്ളവർക്ക് നേരെ നിറയൊഴിച്ച് രക്ഷപ്പെട്ട അക്രമികളെ പിടികൂടാനാകാത്തതിൽ കടുത്ത പ്രതിഷേധമാണ് ഉയർന്നു വരുന്നത്. ലണ്ടനിൽ നടന്ന വെടിവെപ്പ് വൻ വാർത്താ പ്രാധാന്യത്തോടെ ബിബിസി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ വാർത്തയാക്കി. ദി ഗാർഡിയൻ പത്രം കേരളത്തിൽ അജീഷിന്റെ ബന്ധുക്കളെ സംബന്ധിച്ച് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഐടി പ്രൊഫഷണലായി ജോലി ചെയ്യുന്നതിനാണ് കുടുംബം ബർമിംഗ്ഹാമിലേക്ക് മാറിയതെന്ന് കുട്ടിയുടെ അമ്മാവൻ പറഞ്ഞതായി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. പെൺകുട്ടിയുടെ പരുക്കിന്റെ ഗൗരവം ആദ്യം മറ്റുള്ളവരിൽ നിന്ന് മറച്ചുവെച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടിക്ക് കേരളത്തിലെ ബന്ധുക്കളുമായി വളരെ വൈകാരികമായ അടുപ്പം ഉണ്ടായിരുന്നു. ഒന്നിടവിട്ട ദിവസങ്ങളിൽ കേരളത്തിലുള്ള മുത്തശ്ശനെയും മുത്തശ്ശിയേയും അവൾ വിളിക്കുമായിരുന്നു എന്നും അവർ വേദനയോടെ പറഞ്ഞു.

ഇതിനിടെ അക്രമികൾ ഓടിച്ചിരുന്നതെന്ന് കരുതുന്ന ബൈക്കിന്റെ ചിത്രം പോലീസ് പുറത്തുവിട്ടു . ഗുണ്ടകൾ തമ്മിലുള്ള കുടിപ്പകയിൽ അബദ്ധത്തിൽ പെൺകുട്ടിക്ക് വെടിയേറ്റതെന്നാണ് പോലീസ് കരുതുന്നത്. പരിക്കേറ്റവരിൽ ഒരാളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. 2021-ൽ വെംബ്ലിയിൽ മോഷണം പോയ ഡുക്കാറ്റി മോൺസ്റ്ററാണ് വെടിവയ്പ്പിന് ഉപയോഗിച്ച മോട്ടോർ ബൈക്കെന്ന് പോലീസ് പറഞ്ഞു. വെള്ള ബോഡിയും ചുവന്ന ഷാസിയും ചുവന്ന ചക്രങ്ങളുമാണ് ബൈക്കിനുള്ളത്. ബുധനാഴ്ച രാത്രി 9.20 ന് ഷൂട്ടിംഗ് നടന്നപ്പോൾ DP21OXY എന്ന രജിസ്ട്രേഷൻ പ്ലേറ്റ് ആണ് വാഹനത്തിന് ഉണ്ടായിരുന്നത്.