ന്യൂസ് ഡെസ്ക്.
ചെസ് രംഗത്തെ അത്ഭുത പ്രതിഭയായി വിശേഷിപ്പിക്കപ്പെട്ട ബാലനെ ബ്രിട്ടൺ നാടുകടത്താനൊരുങ്ങുന്നു. ഒൻപതു വയസുകാരനായ ശ്രേയാസ് റോയലാണ് ബ്രിട്ടണിൽ തുടരാൻ ഉള്ള അവകാശത്തിനായി പൊരുതുന്നത്. ചെസ് രംഗത്തെ മികച്ച പ്രകടനം കണക്കിലെടുത്ത് കഴിഞ്ഞ നവംബറിൽ ലണ്ടനിൽ നടന്ന വേൾഡ് ചാമ്പ്യൻഷിപ്പിൽ ആദ്യം നീക്കം നടത്താൻ ശ്രേയാസിന് സംഘാടകർ അവസരം നൽകിയിരുന്നു. ഭാവിയുടെ വാഗ്ദാനമായാണ് ശ്രേയാസിനെ ചെസ് ലോകം വിശേഷിപ്പിക്കുന്നത്. സെപ്റ്റംബറിൽ ശ്രേയാസിന്റെ പിതാവിന്റെ വിസാ കാലാവധി അവസാനിക്കുന്നതിനാൽ ഈ പ്രതിഭയ്ക്ക് ബ്രിട്ടണിൽ തുടരാനുള്ള അവസരം നഷ്ടപ്പെടും.
ശ്രേയാസിന്റെ മാതാപിതാക്കളായ ജിതേന്ദ്ര സിംഗും അഞ്ജുവും 2012ലാണ് സൗത്ത് ഈസ്റ്റ് ലണ്ടനിൽ താമസമാക്കിയത്. അന്ന് ശ്രേയാസിന് മൂന്നു വയസായിരുന്നു പ്രായം. ശ്രേയാസിന്റെ പിതാവ്, 38 കാരനായ ജിതേന്ദ്ര, തന്റെ മകൻ രാജ്യത്തിന്റെ സമ്പത്താണെന്നും ബ്രിട്ടൺ വിടുക എന്നത് അവനെ സംബന്ധിച്ചിടത്തോളം വലിയ ഷോക്കായിരിക്കുമെന്നും ബ്രിട്ടണിൽ തുടരാൻ അനുവദിക്കണമെന്നും ഹോം ഓഫീസിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ബ്രിട്ടണിൽ തുടരാൻ സാധിച്ചില്ലെങ്കിൽ അത് ശ്രേയാസിന്റെ ചെസ് ജീവിതത്തിന്റെ അന്ത്യം കുറിക്കുമെന്നും ലോക ചാമ്പ്യനായ മാഗ്നസ് കാൾസനെപ്പോലെയാകണമെന്ന് ആഗ്രഹിക്കുന്ന ശ്രേയാസിന്റെ സ്വപ്നങ്ങൾ ഇതോടെ ഇല്ലാതാകുമെന്നും ജിതേന്ദ്ര പറയുന്നു.
Leave a Reply