ഏഴു വയസുള്ള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഇന്ത്യന്‍ വംശജന്റെ ബ്രിട്ടീഷ് പൗരത്വം എടുത്തു കളഞ്ഞു. ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്താനും തീരുമാനമായിട്ടുണ്ട്. ആര്‍എസ്ഡി എന്ന പേരില്‍ അറിയപ്പെടുന്ന ഇയാള്‍ 1997ലാണ് ഇന്ത്യയില്‍ നിന്ന് യുകെയില്‍ എത്തിയത്. 2004ല്‍ ഇയാള്‍ക്ക് ബ്രിട്ടീഷ് പൗരത്വം അനുവദിച്ചു. 2011ലാണ് ബന്ധുവായ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2003നും 2010നുമിടയില്‍ ഇയാള്‍ കുട്ടിയെ ഗ്രൂമിംഗിനും ലൈംഗിക ചൂഷണത്തിനും ഇരയാക്കിയെന്നാണ് തെളിഞ്ഞത്. ഇതേത്തുടര്‍ന്ന് കോടതി ഇയാള്‍ക്ക് 14 വര്‍ഷത്തെ തടവുശിക്ഷ നല്‍കുകയും സെക്ഷ്വല്‍ ഒഫെന്‍ഡേഴ്‌സ് ലിസ്റ്റില്‍ ഇയാളുടെ പേര് ജീവപര്യന്തം ചേര്‍ക്കുകയും ചെയ്തു.

യുകെ പൗരത്വത്തിനായി അപേക്ഷ നല്‍കിയ സമയത്ത് ഇയാള്‍ ഒരു കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് വ്യക്തമായതിനെത്തുടര്‍ന്നാണ് ഇയാളുടെ പൗരത്വം റദ്ദാക്കാന്‍ ഹോംസെക്രട്ടറി തീരുമാനിച്ചത്. ഇത്തരത്തിലുള്ള ആദ്യ കേസാണ് ഇതെന്നും വിലയിരുത്തപ്പെടുന്നു. 2003ല്‍ അപേക്ഷ നല്‍കുന്നതിനു മുമ്പും പൗരത്വം ലഭിച്ചതിനു ശേഷവും വര്‍ഷങ്ങളോളം പീഡനം തുടര്‍ന്നുവെന്നാണ് വ്യക്തമായത്. ഈ കുറ്റകൃത്യം മറച്ചുവെച്ച് ബ്രിട്ടീഷ് പൗരത്വത്തിന് ശ്രമിച്ചുവെന്നത് അംഗീകരിക്കാനാകാത്ത കുറ്റമാണ്. ഇത് നിങ്ങളുടെ സ്വഭാവം ശരിയല്ലെന്ന് വ്യക്തമാക്കുന്നതാണെന്ന് ആര്‍എസ്ഡിക്ക് നല്‍കിയ വിശദീകരണത്തില്‍ ഹോം സെക്രട്ടറി വ്യക്തമാക്കി.

തീരുമാനത്തിനെതിരെ നല്‍കിയ അപ്പീലില്‍ ഇയാള്‍ വിജയിച്ചെങ്കിലും ഒരു സീനിയര്‍ ജഡ്ജ് ഹോം സെക്രട്ടറിയുടെ തീരുമാനത്തിന് അനുകൂലമായി വിധിയെഴുതുകയായിരുന്നു. ഇമിഗ്രേഷന്‍ ആന്‍ഡ് അസൈലം ചേംബറിന്റെ അപ്പര്‍ ട്രൈബ്യൂണല്‍ ജഡ്ജിയായ ജഡ്ജ് പിറ്റ് ആണ് ഈ വിധിയെഴുതിയത്. ചൈല്‍ഡ് അബ്യൂസ് ലോയര്‍മാര്‍ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. റോച്ച്‌ഡെയിലില്‍ ഒരു കുട്ടിയെ പീഡനത്തിന് ഇരയാക്കിയ മൂന്ന് പാകിസ്ഥാന്‍ വംശജരുടെ കേസിലും ഈ വിധി ബാധിക്കും.