ജോഷി മാത്യൂസ് , നോര്‍ത്താപ്റ്റെൻ
എസ് എസ് എല്‍ സിയ്ക്ക് പാസാകുമെന്ന പ്രതീഷ ഉണ്ടായിരിന്നില്ല . പക്ഷെ റിസള്‍ട്ട് വന്നപ്പോള്‍ സെക്കന്റ് ക്ലാസ്സ് !!. തീരെ പ്രതീഷിച്ചില്ല . എന്തായാലും കൈപ്പത്തിയിലും ചെരുപ്പേലും കുറിപ്പെഴുതി അല്‍പ്പം കോപ്പി അടിച്ചത് കാരണം ആയിരിക്കാം. റിസള്‍ട്ട് അറിഞ്ഞു വീട്ടിലെത്തിയപ്പോള്‍ അമ്മ അടുക്കള മുറ്റത്തിരുന്നു കപ്പ നുറുക്കുകയായിരുന്നു. വാര്‍ത്ത ചുടോടെ വിളമ്പി . അമ്മയ്ക്ക് സന്തോഷായി . എന്താ പരിപാടി ??. അതുവരെ ഭാവി പരിപാടിയെക്കുറിച്ച് ഒന്നും ആലോചിക്കാതെ ഇരുന്ന ഞാന്‍ ഉത്തരം മുട്ടി . എന്തെങ്കിലും ചെയ്യണം എന്ന് പറഞ്ഞു തടി തപ്പി .
പലരും ഞാന്‍ ഇനി എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് അഭിപ്പ്രായങ്ങള്‍ പറഞ്ഞു. വല്യപ്പച്ചന്‍ പറഞ്ഞു പോലിസാകാന്‍. വല്യപ്പന്‍പറഞ്ഞു തൂമ്പയെടുക്കാന്‍. അങ്ങനെ പല അഭിപ്രായങ്ങള്‍. അമ്മ തന്ന അഭിപ്രായം കൊള്ളാമെന്നു തോന്നി . സെമിനാരിയില്‍ പോകുക . ആ സമയത്ത് എസ്.എസ് .എല്‍.സി കഴിഞ്ഞവരുടെ ഒരു ഫാഷനായിരുന്നു സെമിനാരിയില്‍ പോക്ക്. ഞാന്‍ വിചാരിച്ചപ്പോള്‍ അതുചിതം ആണെന്ന് തോന്നി. കാരണം പപ്പായുടെ സാമ്പത്തികം പൂജ്യം . പുള്ളിക്കാരന്‍ അതിനെപ്പറ്റി അതുവരെ ചിന്തിച്ചു കാണില്ല . അല്പം കള്ളുകുടി കൂടി ഉണ്ടായിരിന്നത് കൊണ്ട് ബാക്കിയിരിപ്പ് ഒന്നും ഉണ്ടായിരുന്നില്ല . പപ്പാ നന്നായി അധ്വാനിക്കുമായിരുന്നു പക്ഷെ അതിന്‍റെ ഫലം വല്ലവരും കൊണ്ടുപോകും.
എന്തായാലും സെമിനാരി തന്നെ രക്ഷ . അതിനൊരു ചെറിയ ടെസ്ട്ടുണ്ട്ട്ട് . അതിനുവേണ്ടി ദിവസം നിശ്ചയിച്ചു. അതിനായി വന്ന വൈദീകന്റെ മുൻപില്‍ ഒരു ചെറിയ വിറയലോടെ ഇരുന്നു. പേരും വിവരങ്ങളൊക്കെ അറിഞ്ഞ ശേഷം ചോദിച്ചു ഇഷ്ടമുള്ള നിറം ???. ഞാന് ഒന്ന് ചിന്തിച്ചു. പെട്ടന്നു മനസിലേക്ക് വന്നു , വെളുപ്പ് !! കാരണം വെളുപ്പ് പരുശുദ്ധിയുടെ നിറം. തട്ടി . പാസ് !!!
സ്വന്തമായി ഉണ്ടായിരുന്നതെല്ലാം പായ്ക്ക് ചെയ്തു .പോകാന്‍ റെഡി . അമ്മാവന്‍ ദുബായിൽ നിന്നു കൊണ്ട് വന്ന നല്ല മണമുള്ള ഒരു ഉടുപ്പും എടുത്തു .എല്ലാവരോടും യാത്ര പറഞ്ഞു. യാത്ര പറഞ്ഞ പ്രായം കൂടിയവര്‍ക്കെല്ലാം ഒത്തിരി സന്തോഷം.അവരുടെ പാപങ്ങള്‍ നേരിട്ട് ദൈവ സന്നിധിയില്‍ എത്തിച്ചു പാപപരിഹാരം നേടാന്‍ അച്ചനാകാന്‍ പോകുന്ന എനിക്ക് അവര്‍ ചില്ലറ കൈനീട്ടം തന്നു. ഒരുതരം കൈക്കൂലി !!.ഏതെങ്കിലും ഒരു അച്ചനാവും എന്നെല്ലാവര്‍ക്കും ഉറപ്പു നല്‍കി വണ്ടി കയറി.
ആകെ ഒരു വിറയല്‍ . ആദ്യം ആയിട്ടാണ് വീട്ടിന്നു അകന്നു നില്‍ക്കുന്നത് . തിരുവനന്തപുരം ആണ് സ്ഥലം . ഒത്തിരി നിലകളുള്ള സെമിനാരി . മൂന്ന് വര്‍ഷങ്ങള്‍ ആണ് അവിടെ . സീനിയേഴ്സ് ഞങ്ങളെ എല്ലയിടവും പരിചയപ്പെടുത്തി . മൂന്ന് നേരവും സമയത്ത് ഭക്ഷണം . അതേതായാലും എനിക്കിഷ്ടപ്പെട്ടു . ഇതുവരെ കഴിക്കാത്ത ഭക്ഷണങ്ങള്‍ !! ആദ്യ ദിവസങ്ങളില്‍ നല്ല പോളിങ്ങായിരുന്നു.പ്രാര്‍ത്ഥനയും പഠിത്തവും കളിയുമായി ദിവസങ്ങള്‍ . മെല്ലെ വീടും പപ്പയെയും അമ്മയെയും ഒക്കെ മിസ്സാകാന്‍ തുടങ്ങി .അടുക്കും ചിട്ടയും ഇല്ലാതിരുന്ന ജീവിതത്തിന്‍ പെട്ടെന്ന് അതല്ലാം വന്നപ്പോള്‍ ആകെ ഒരു ശ്വാസം മുട്ടല്‍ . വീട്ടില്‍ കയറാത്ത മരങ്ങളും എടുക്കാത്ത പക്ഷി കൂടുകളും ഇല്ലായിരുന്നു . ചാടാത്ത തോടുകളും വായിക്കാത്ത പൈങ്കിളി വീക്കലികളും ഇല്ലായിരുന്നു. കശുമാവിന്‍റെ പൂക്കള്‍ കടുത്ത വേനലില്‍ ഉണങ്ങിയപ്പോള്‍ അത് പേപ്പറില്‍ തെറുക്കി പുകവലിക്കാന്‍ ശ്രമിച്ചത് അന്നത്തെ എന്‍റെ വലിയൊരു കണ്ടുപിടുത്തമായിരുന്നു. അതിന്റെ തരിപ്പ് ഇപ്പോഴും മാറിയിട്ടില്ല . അടുത്ത അമ്പലത്തിലെ ഉത്സവം അടിപൊളിയയിട്ടാണ് നടത്തുന്നത് . അതിനു പോക്കറ്റ് മണി ഇല്ല .പപ്പാ കാണാതെ കുറച്ചു ഉണങ്ങിയ കുരുമുളക് അടിച്ചു മാറ്റി വിറ്റു. പക്ഷെ പിടിക്കപ്പെട്ടു . പപ്പയുടെ മുൻപില്‍ മുട്ടുകുത്തി നിര്‍ത്തി അമ്മ വിധി വാചകം ചൊല്ലി മാപ്പ് പറയിപ്പിച്ചു. സങ്കടം സഹിച്ചില്ല . കിണറ്റില്‍ ചാടാന്‍ തീരുമാനിച്ചു . പറമ്പില്‍ ഒരു പൊട്ട കിണറുണ്ട്. ആരും കാണാതെ അതിന്‍റെ വക്കില്‍ നിന്ന് കിണറ്റിലേക്ക് നോക്കി . കിണര്‍ നിറഞ്ഞു വെള്ളം . നിറയെ തേങ്ങയുടെ വലിപ്പമുള്ള പച്ച തവളകള്‍ . പേടിച്ച് ആ ശ്രമം ഉപേഷിച്ചു. വീട്ടില്‍ നല്ല പിള്ളയാവാന്‍ കുറെ ശ്രമിച്ചു . പക്ഷെ കഴിഞ്ഞില്ല . കശുവണ്ടി സീസണായാല്‍ പഴയ തകര പാത്രത്തില്‍ വറക്കും. ഒരിക്കല്‍ അതിന്‍റെ ചെന തെറിച്ചു മുഖം വസൂരി വന്നപോലെയായി .അമ്മ വടിയും ആയി പുറകെ .
ഞാന്‍ റബ്ബര്‍ മരത്തിന്‍റെ മണ്ടയ്ക്ക് കയറി . ഇനി അടിക്കില്ല എന്ന വാക്കില്‍ താഴെ ഇറങ്ങി . അമ്മ വാക്ക് തെറ്റിച്ചു പൊതിരെ കിട്ടി . അമ്മ അടിക്കുന്നത് ചെറിയ വണ്ണം കുറഞ്ഞ വടി കൊണ്ട് . പുളച്ചിൽ അല്പം കൂടും . പപ്പാ അങ്ങനെയല്ല കൈയ്യില്‍ കിട്ടുന്നത് കൊണ്ടടിക്കും .അത് ചിലപ്പോള്‍ കപ്പക്കോല്‍, തെങ്ങിന്‍റെ മടല്‍ ചിലപ്പോള്‍ ഒന്നും കിട്ടിയില്ലെങ്കില്‍ കൈവച്ചടിക്കും . പപ്പയുടെ കൈ മരത്തടിയുടെ ഗുണം ചെയ്യും . കൃഷിപണിയെടുത്തു നല്ല കട്ടി . അതിന്‍റെ പാട് അഞ്ചു വിരലുകളുടെ രൂപത്തില്‍ പുറത്ത് ഉണ്ടാവും ഒരാഴ്ചത്തേക്ക് .
സെമിനാരിയില്‍ ജീവിതം ചിലപ്പോൾ അല്പം ബുദ്ധിമുട്ടായിട്ടു തോന്നും പ്രത്യേകിച്ചു ഈ പ്രായത്തില്‍ . ആഴ്ചയില്‍ ഒരിക്കലേ പുറത്തു പോകാന്‍ പറ്റുകയുള്ളു . അച്ചന്മാരുടെ തുണിയലക്കാന്‍ ഇടയ്ക്കു ഒരു മുസ്ലിം സ്ത്രീയും മകളും വരും .മകള്‍ സുന്ദരിയാണ് കാണാന്‍ . ഞങ്ങളുടെ കണ്ണുകള്‍ ഇടയ്ക്ക് അലക്ക് കല്ലേലും അലക്കുന്നവരിലും ആയിരിക്കും . മരുഭൂമിയില്‍ മഴ പെയ്യും പോലെ ആയിരുന്നു അത്. ഈ പ്രായമല്ലേ എന്ത് ചെയ്യാം . രാവിലെ അഞ്ചു മണിക്ക് എഴുന്നേല്‍ക്കാന്‍ മണിയടിക്കും . മണിയടിക്കുന്നവനെ പിരാകികൊണ്ടെണ്ണീക്കും ഒരുതരത്തില്‍ . പിന്നെ പ്രാര്‍ത്ഥനയും കുര്‍ബാനയും കഴിഞ്ഞു ഭക്ഷണവും കഴിഞ്ഞു അരമണിക്കൂര്‍ മോര്‍ണിംഗ് ഡ്യൂട്ടി . ആ സമയത്ത് ചെറിയൊരു ജനറല്‍ ക്ലീനിംഗ്. അന്നെനിക്ക് കിട്ടിയ പണി ഞങ്ങള്‍ ഉറങ്ങുന്ന ഹാള്‍ അടിച്ചു വാരുക. മൂന്നു വലിയ ഹാളുകള്‍. ഓരോ ഹാളിലും മത്തിയടുക്കും പോലെയാണ് എല്ലാവരും കിടക്കുന്നത്. ഹാള്‍ അടിച്ചുകൊണ്ടിരിക്കുമ്പോള്‍ ജനലില്‍ തൂങ്ങി കിടക്കുന്ന ഒരു കമ്പി . കര്‍ട്ടന്‍ തൂക്കാന്‍ വേണ്ടി . കര്‍ട്ടന്‍ ഊര്‍ന്നു താഴെ പോയി . നോക്കിയപ്പോള്‍ ആ കമ്പിയുടെ അറ്റം അല്പം വളഞ്ഞിരിക്കുന്നു . പെട്ടെന്ന് എന്‍റെ മനസിലേയ്ക്ക് വന്നത് അപ്പച്ചനും വല്യമ്മച്ചിയും ഉപയോഗിക്കുന്ന ചെവിതോണ്ടിയായിരുന്നു . അവരത് ഉപയോഗിക്കുമ്പോള്‍ അവരുടെ മുഖത്തെ പല ഭാവങ്ങളും എന്നെ രസിപ്പിച്ചിട്ടുണ്ട്. ഞാനും അരകൈ പരീഷിച്ചു അവര്‍ കാണാതെ . ഹാ..ഹാ നല്ല രസം ..പിന്നെ പലപ്പോഴും അത് പ്രയോഗിച്ചിട്ടുണ്ട് . ജനലില്‍ തൂങ്ങി കിടക്കുന്ന ആ കമ്പി കണ്ടപ്പോള്‍ എന്നെ പലപ്രാവിശം രസിപ്പിച്ച ആ ചെവിതോണ്ടിയായി തോന്നി . പിന്നെ ഒന്നും ആലോചിച്ചില്ല അത് പറിച്ചെടുത്തു ഇട്ടു വലതു ചെവിയില്‍ !! ആ കമ്പിക്കു ഏകദേശം ഒരു മുപ്പതു സെന്റീമീറ്റര്‍ നീളം കാണും . കമ്പി ചെവിയില്‍ ഇടാന്‍ എളുപ്പമായിരുന്നു പക്ഷെ സാധനം പുറത്തേക്കു വരുന്നില്ല .ചെവിക്കകത്ത് കുടുങ്ങി . പിന്നെയും ശ്രമിച്ചു നോ രക്ഷ . ആരോടെങ്കിലും പറയാതെ വയ്യ . ആകെ ഒരു ചമ്മല്‍ . അത് പിന്നെ മെല്ലെ ഒരു വിറയലായി . എന്‍റെ കര്‍ത്താവേ പണിയായോ . വീട്ടില്‍ അമ്പും വില്ലും ഉണ്ടാക്കി അര്‍ജുനനായി വിലസിയ കാലം കോഴിയായിരുന്നു ഇര . പാവം കോഴി.. എയ്ത അമ്പ് കഴുത്തേലും തൂക്കിയിട്ടു നടക്കും . ദൈവമേ ആ കോഴിയുടെ എങ്ങാനും പ്രാക്കാണോ. മെല്ലെ ഒളിച്ചും പാത്തും ഒന്ന് രണ്ടു പേരെ വിവരം അറിയിച്ചു . അവരിത് കണ്ടതും പൊട്ടി ചിരിക്കാന്‍ തുടങ്ങി . ഞാന്‍ വേദന കൊണ്ട് പുളയുമ്പോള്‍ അവരുടെ അട്ടഹാസം. തിളച്ചു വന്നു എനിക്ക് . എന്ത് ചെയ്യാം സഹിക്കുകയേ രക്ഷ. അച്ചനെ അറിയിച്ചു ആദ്യം പുള്ളി ഒന്ന് ചിരിച്ചെങ്കിലും കാര്യത്തിന്‍റെ ഗൗരവം മനസിലായി . ഉടനെ വല്യച്ചനെ അറിയിച്ചു പെട്ടെന്നു ആശുപത്രിയില്‍ പോകാന്‍ തീരുമാനമായി .പോകുന്നത് വല്യച്ചന്റെ ബുള്ളറ്റേല്‍. വേദനയിലും സന്തോഷായി. വല്യച്ചന്‍ ബുള്ളറ്റേല്‍ കുടു കുടു വെച്ച് പോകുമ്പോൾ കൊതിയോടെ നോക്കിയിരുന്നിട്ടുണ്ട്. അപ്പോള്‍ വിചാരിച്ചിട്ടുണ്ട് എത്രയും പെട്ടന്നു അച്ചനായിരുന്നെങ്കില്‍ എന്ന്. എല്ലാവരും പലവിധത്തില്‍ ശ്രമിച്ചു കമ്പി പുറത്തെടുക്കാന്‍ . റോക്കിയുടെ സഹായം വരെ തേടി . റോക്കി ..പൂന്തുറ സ്വദേശി . മുക്കുവ കുടുംബത്തില്‍ പെട്ട അവന്‍ മീന്‍ മാത്രം തിന്നു തടിച്ച ഒരു തടിമാടനായിരുന്നു . അവനും ശ്രമിച്ചിട്ട് പറ്റിയില്ല . പിന്നെ എല്ലാവരുടെയും ശ്രമം കമ്പിയുടെ നീളം കുറയ്ക്കാനായിരുന്നു . ആശുപത്രിയിലേക്ക് പോകുന്ന വഴി സൈഡ് കിട്ടണ്ടേ ?? എല്ലാവരുടെയും അമര്‍ത്തിയുള്ള ചിരിയിലും കമ്മന്റുകളിലും എന്‍റെ നെഞ്ച് നീറി . അങ്ങനെ ആശുപത്രിയിലെത്തി . ശ്രീ ചിത്തിര ഹോസ്പിറ്റല്‍ . ഓപ്പറേഷന്‍ തീയേറ്ററില്‍ കിടത്തിയ എന്‍റെ നെഞ്ച് പട പട അടിച്ചു. ഒരുപാടു മെഷിനുകള്‍ എനിക്ക് ചുറ്റും . ദൈവമേ വെറും ഒരു കമ്പി എന്നെ എത്തിച്ച സ്ഥലം !! ചെവി മരവിപ്പിച്ചു …ക്ടിന്‍ ഒരൊച്ച കേട്ട് മെല്ലെ തപ്പി നോക്കി . ഭാഗ്യം കമ്പി പോയി. പുറത്തിറങ്ങി ഒരു കസേരയിലിരുന്നു . സ്വയം ശപിച്ചു . ഏത് സമയത്ത് തോന്നി കര്‍ത്താവേ ഇങ്ങനെയൊക്കെ . വല്യച്ചന്‍ ഒരു ഡോക്ടറിന്റെ കൂടെ എന്‍റെ അരികില്‍ വന്നു. ഡോക്ടറിന്റെ കൈയില്‍ എന്‍റെ ചെവിയില്‍ നിന്നെടുത്ത കമ്പിയും ഉണ്ടായിരുന്നു . ഡോക്ടര്‍ കമ്പി എന്‍റെ നേരെ നീട്ടിയിട്ട് പറഞ്ഞു നാളെ മറ്റേ ചെവിയില്‍ ഇട്ടിട്ടു വാ !!!!. ചമ്മലും സങ്കടവും സഹിക്കാന്‍ പറ്റിയില്ല.
തിരിച്ചു സെമിനാരിയില്‍ എത്തിയ ഞാനൊരു അത്ഭുത വസ്തുവായി . പിന്നെ ഒരു മാസത്തേക്ക് ഇത് തന്നെ ആയിരുന്നു സംസാര വിഷയം . സെമിനാരിയില്‍ എല്ലാവര്‍ക്കും ഓരോ ഇരട്ട പേരുണ്ട് . എനിക്കൊരു ഇരട്ട പേരിനു അധികം തപ്പേണ്ടി വന്നില്ല …”കമ്പി” പിന്നീടുള്ള കാലം എന്‍റെ അപ്പനും അമ്മയും ഇട്ട പേര് എല്ലാവരും മറന്നു . ഞാന്‍ “കമ്പി” ആയി . കൂടെ ഉണ്ടായിരുന്നവര്‍ ചിലര്‍ അച്ചമ്മാരായി ബാക്കിയുള്ളവര്‍ അച്ഛന്മാരായി. ഇപ്പോഴും ഈ കഥ അറിയാവുന്ന എല്ലാവരും ലോകത്തിന്‍റെ നാനാ ഭാഗങ്ങളില്‍ നിന്ന് വിളിക്കുമ്പോള്‍ “ഡാ കമ്പി” എന്നാ തുടങ്ങാറ് .
യുകെയിലെ തിരക്ക് പിടിച്ച ജീവിതത്തില്‍ എന്‍റെ കമ്പി കഥ എന്നെ പഴയ കാലങ്ങളിലേക്ക് കൊണ്ട് പോകും . എന്തായാലും ജനലില്‍ കമ്പി നിരോധിച്ചു . പാരമ്പര്യത്തെ അല്പം പേടി !!
എന്നാലും ആ കമ്പിയെ മറക്കാന്‍ പറ്റുമോ . എന്നെ “കമ്പി”യാക്കിയ ആ കമ്പിയെ !!!!
Leave a Reply