തിരുവനന്തപുരം: നിപ്പ വൈറസ് ബാധ സംബന്ധിച്ച് ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിന്റേതാണ് വിലയിരുത്തല്‍. കൂടുതല്‍ കേസുകള്‍ ഉണ്ടാകാത്ത സാഹചര്യത്തില്‍ ഇപ്പോള്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. രണ്ടാം ഘട്ടത്തില്‍ ചുരുങ്ങിയ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ച 18 കേസുകളില്‍ 16 പേരാണ് മരിച്ചത്. കണ്ണൂരിലും വയനാട്ടിലും ഓരോ മരണം നിപ്പ മൂലമല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ആശങ്കയുടെ സാഹചര്യമില്ലെങ്കിലും ജൂണ്‍ 30 വരെ നിരീക്ഷണം തുടരുമെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ വ്യക്തമാക്കി. വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ് ജൂണ്‍ 30 വരെ. ഇതിനിടെ ചെറിയ വീഴ്ചകള്‍ പോലും ഉണ്ടാകാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രദ്ധിക്കുന്നത്. ഭയപ്പെടേണ്ട സാഹചര്യം സംസ്ഥാനത്ത് ഇല്ലെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് നിന്നുള്ള മെഡിക്കല്‍ സംഘം കോഴിക്കോട് തുടരാന്‍ യോഗം തീരുമാനിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്, നാഷണല്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് എപ്പിഡമിയോളജി എന്നിവടങ്ങളിലെ വിദഗ്ധരും കോഴിക്കോട് തുടരും.
വൈറസ് ബാധിച്ചവരുമായി അടുത്തിടപഴകിയവരെന്ന് സംശയിക്കപ്പെടുന്ന രണ്ടായിരത്തോളം പേര്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലുണ്ട്. ഇവര്‍ക്ക് അരി ഉള്‍പ്പെടെ ഭക്ഷ്യവസ്തുക്കളുടെ കിറ്റ് സര്‍ക്കാര്‍ നല്‍കും. കോഴിക്കോട്, മലപ്പുറം ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി. വീഡിയോ കോണ്‍ഫ്രണ്‍സ് വഴിയാണ് യോഗം ഏകോപിപ്പിച്ചത്. ആരോഗ്യമന്ത്രിയും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍ സരിതയും കോഴിക്കോട് നിന്നുമാണ് യോഗത്തില്‍ പങ്കെടുത്തത്.
Leave a Reply