ന്യൂഡൽഹി ∙ പഴംതീനി വവ്വാലുകളിൽ നിന്നാണു രണ്ടാംഘട്ടത്തിലും കേരളത്തിൽ നിപ്പ വൈറസ് എത്തിയതെന്നു സ്ഥിരീകരണം. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധനാണ് ഇക്കാര്യം ലോക്സഭയിൽ അറിയിച്ചത്. പുണെയിൽ പരിശോധിച്ച 36 വവ്വാലുകളിൽ നിന്നുള്ള സാംപിളുകളിൽ 12 എണ്ണത്തിൽ നിപ്പ വൈറസിന്റെ സാന്നിധ്യം തെളിയുകയായിരുന്നു. ജീവനോടെയുള്ള 9 വവ്വാലുകളെയും ബാക്കിയുള്ളവയുടെ സ്രവങ്ങളുമാണ് പുണെയിലേക്ക് അയച്ചിരുന്നത്.

രണ്ടാം ഘട്ടത്തിൽ കേരളത്തിൽ ഒരാൾക്കു മാത്രമാണ് നിപ്പ സ്ഥിരീകരിച്ചത്. അൻപതോളം പേരെ നിരീക്ഷിച്ചതിൽ ആർക്കും നിപ്പയില്ല. ദിവസവും 330 പേരെയെങ്കിലും പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്. എന്നാൽ ആർക്കും നിപ്പ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അടൂർ പ്രകാശ്, ഹൈബി ഈഡൻ എന്നിവരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായി മന്ത്രി പറഞ്ഞു.

2018ൽ കേരളത്തിൽ നിപ്പ റിപ്പോർട്ട് ചെയ്തപ്പോൾ 52 പഴംതീനി വവ്വാലുകളെയാണു പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 10 എണ്ണത്തിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. റിയൽ ടൈം ക്യുആർടി‍–പിസിആർ ടെസ്റ്റ് വഴിയായിരുന്നു സ്ഥിരീകരണമെന്നും മന്ത്രി പറഞ്ഞു. നേരത്തേ ബംഗാളിലും (2001,2007) നിപ്പ റിപ്പോർട്ട് ചെയ്തിരുന്നു. 2001ൽ സിലിഗുരിയിൽ 66 പേർക്ക് നിപ്പ സ്ഥിരീകരിച്ചു, 45 പേർ മരിച്ചു. 2007ൽ അഞ്ചു പേരാണ് മരിച്ചത്. 2018ൽ കോഴിക്കോടും മലപ്പുറത്തുമായി 17 പേരാണു മരിച്ചതെന്നും ചോദ്യോത്തര വേളയില്‍ മന്ത്രി വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജൂൺ ആദ്യവാരം നിപ്പ സാന്നിധ്യം തിരിച്ചറിഞ്ഞതിനു പിന്നാലെ ഉറവിടം കണ്ടെത്താൻ പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഉദ്യോഗസ്ഥരെ അയച്ചിരുന്നു. വിദ്യാർഥിക്കു നിപ്പ ബാധിച്ചതു പേരയ്ക്ക കഴിച്ചതു മൂലമാണെന്ന സംശയത്തെ തുടർന്നായിരുന്നു സംഘത്തിന്റെ പരിശോധന. ഇവർ പിടികൂടിയ പഴംതീനി വവ്വാലുകളിൽ 9 എണ്ണത്തിനെ ജൂൺ 14നാണ് ജീവനോടെ പുണെയിലേക്ക് അയച്ചത്. വൈറസ് ബാധിച്ച വിദ്യാർഥിയുടെ വീടു സ്ഥിതിചെയ്യുന്ന തുരുത്തിപ്പുറത്തു നിന്നും സമീപ പ്രദേശമായ വാവക്കാട് നിന്നും പിടിച്ച പഴംതീനി വവ്വാലുകളിൽ ഒൻപതെണ്ണത്തിനെയാണു പരിശോധനകൾക്കായി വിമാനമാർഗം പുണെ വൈറോളജി ലാബിലേക്കു കൊണ്ടുപോയത്.

പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഡപ്യൂട്ടി ഡയറക്ടർ ഡോ. എ.ബി. സുദീപ്, ആലപ്പുഴ എൻഐവി ഉപകേന്ദ്രത്തിലെ അസിസ്റ്റന്റ് ഡയറക്ടർ ഡോ. ബാലസുബ്രഹ്മണ്യൻ എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ വല വച്ചാണ് ഇവയെ പിടികൂടിയത്. ഇവിടെ പഴംതീനി വവ്വാലുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു. പോസ്റ്റുകൾ സ്ഥാപിച്ചാണു വലകൾ ഘടിപ്പിച്ചത്. രണ്ടിടത്തുമായി കുടുങ്ങിയവയിൽ ഒൻപതെണ്ണത്തിനെ പുണെയിലേക്കു കൊണ്ടു പോയി. ബാക്കിയുള്ള വവ്വാലുകളെ സ്രവങ്ങൾ ശേഖരിച്ച ശേഷം സ്വതന്ത്രരാക്കി.

എയിംസിലെ ഡോ. അശുതോഷ് ബിശ്വാസിന്റെ നേതൃത്വത്തിലുള്ള മറ്റൊരു സംഘവും തുരുത്തിപ്പുറത്തു സന്ദർശനം നടത്തിയിരുന്നു.