പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 14000 കോടിയുടെ തട്ടിപ്പ് നടത്തിയ വജ്ര വ്യാപാരി നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ യുകെ കോടതിയുടെ ഉത്തരവ്. നീരവ് മോദിക്കെതിരെ മതിയായ തെളിവുണ്ടെന്ന് ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ കോടതി വ്യക്തമാക്കി. ഇന്ത്യ നല്‍കിയ ജയില്‍ ദൃശ്യങ്ങള്‍ തൃപ്തികരമെന്ന് കോടതി വ്യക്തമാക്കി.
നീരവ് മോദിക്കെതിരെ ഇന്ത്യയിലുള്ള കേസ് ശക്തമാണെന്ന് ബോധ്യപ്പെട്ടതായി കോടതി അഭിപ്രായപ്പെട്ടു. ഇന്ത്യയിലെത്തിയാല്‍ നീതി നിഷേധിക്കപ്പെടുമെന്ന നീരവിന്റെ വാദം സ്ഥാപിക്കാനായിട്ടില്ലെന്നും കോടതി പറഞ്ഞു.
ഇന്ത്യന്‍ ജയില്‍ സാഹചര്യങ്ങളില്‍ തന്റെ മാനസികാരോഗ്യം വഷളാകും എന്നതടക്കമുള്ള നീരവ് മോദിയുടെ വാദങ്ങള്‍ കോടതി തള്ളി. ‘നീരവ് മോദിയെ ഇന്ത്യയിലേക്ക് കൈമാറുന്നത് മനുഷ്യാവകാശത്തിന് അനുസൃതമാണെന്നതില്‍ സംതൃപ്തനാണ്’ ജില്ലാ ജഡ്ജി സാമുവല്‍ ഗൂസെ പറഞ്ഞു. ഉത്തരവില്‍ അപ്പീല്‍ പോകാന്‍ നീരവിന് അവകാശമുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
2019 മാര്‍ച്ചിലാണ് നീരവ് മോദി ലണ്ടനില്‍ വച്ച് അറസ്റ്റിലായത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വ്യാജ കത്തുകള്‍ സൃഷ്ടിച്ച് സ്വന്തം കമ്പനികളിലേക്ക് പണം തട്ടിയെന്നാണ് നീരവ് മോദിക്കെതിരായ കേസ്.
നീരവ് മോദിയും ബന്ധുവായ മെഹുല്‍ ചോക്‌സിയും ചേര്‍ന്ന് 14,000 ത്തോളം കോടി രൂപയുടെ വായ്പ തട്ടിയെന്ന് സിബിഐ യുകെ കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!