ന്യൂഡൽഹി ∙ ന്യൂഡല്‍ഹി: കോളിളക്കം സൃഷ്ടിച്ച നിര്‍ഭയ കൂട്ടബലാത്സംഗ കേസില്‍ പ്രതി അക്ഷയ് സിങ്ങിന്റെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. അക്ഷയ് നല്കിയ പുനഃപരിശോധനാ ഹര്‍ജി കോടതി തള്ളുകയായിരുന്നു. ജസ്റ്റിസ് ആര്. ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബെഞ്ചാണു വിധി പറഞ്ഞത്. 2017-ലെ വിധിയില്‍ തെറ്റില്ലെന്നു കോടതി പറഞ്ഞു. തിരുത്തല്‍ ഹര്‍ജി നല്കുമെന്നു പ്രതിഭാഗം അഭിഭാഷകന് അറിയിച്ചു.
രാഷ്ട്രീയ അജൻഡയെന്നും കേസിൽ വധശിക്ഷ നടപ്പാക്കാൻ സർക്കാർ അനാവശ്യ ധൃതി കാട്ടുന്നുവെന്നും പ്രതിഭാഗം ആരോപിച്ചു. കേസിന്റെ തുടക്കം മുതൽ രാഷ്ട്രീയ സമ്മർദം പ്രകടം. വിചാരണ നീതിപൂർവ്വമല്ല. ഡൽഹി ഗ്യാസ് ചേംബറായതിനാൽ ഇവിടെ പ്രത്യേക വധശിക്ഷ ആവശ്യമില്ലെന്നും പ്രതിഭാഗം ഉന്നയിച്ചു. പുരാണങ്ങൾ ഉദ്ധരിച്ചുള്ള വാദങ്ങളിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു. നിർഭയയുടെ രക്ഷിതാക്കൾ നൽകിയ ഹർജിയും കോടതിയിൽ.
അതേസമയം വിധി നടപ്പാക്കുന്നതു വൈകിപ്പിക്കാനാണു പ്രതിഭാഗം അഭിഭാഷകരുടെ ശ്രമമെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. ചിലര്‍ ദയാഹര്‍ജി നല്കി പിന്നീടു പിന്‍വലിക്കുന്നത് ഇതിനു വേണ്ടിയാണ്. എത്രയും പെട്ടെന്നു വിധി നടപ്പാക്കണമെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയോട് ആവശ്യപ്പെട്ടു.
2012 ഡിസംബര്‍ 16നു രാത്രിയാണ് പാരാ മെഡിക്കല്‍ വിദ്യാര്‍ഥിനി ഓടിക്കൊണ്ടിരുന്ന ബസില്‍ കൂട്ടമാനഭംഗത്തിനും ക്രൂര മര്‍ദനത്തിനും ഇരയായത്. സിംഗപ്പൂരില്‍ ചികിത്സയിലായിരിക്കെ രണ്ടാഴ്ചയ്ക്കു ശേഷം മരണത്തിനു കീഴടങ്ങി. പ്രയാപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ആറുപേരായിരുന്നു പ്രതികള്‍.
കേസിലെ ഒന്നാം പ്രതി റാം സിങ് 2013 മാര്‍ച്ചില്‍ തിഹാര്‍ ജയിലില്‍ വച്ച് ജീവനൊടുക്കി. പ്രതികളായ മുകേഷ് (29), വിനയ് ശര്‍മ (23), അക്ഷയ് കുമാര്‍ സിങ് (31), പവര്‍ ഗുപ്ത (22) എന്നിവര്‍ക്ക് സുപ്രീം കോടതി വധശിക്ഷ വിധിച്ചു. പ്രായപൂര്‍ത്തിയാകാത്ത പ്രതിക്കു ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മൂന്നുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. മൂന്നു പ്രതികള്‍ നല്കിയ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളുകയും ചെയ്തു.
Leave a Reply