പുലര്‍ച്ചെ നടപ്പാക്കിയത് രാജ്യം കാത്തിരുന്ന വിധി…..! ജയിലിന് പുറത്ത് ആഹ്ളാദാരവങ്ങളുമായി ജനക്കൂട്ടം

പുലര്‍ച്ചെ നടപ്പാക്കിയത് രാജ്യം കാത്തിരുന്ന വിധി…..! ജയിലിന് പുറത്ത് ആഹ്ളാദാരവങ്ങളുമായി ജനക്കൂട്ടം
March 20 05:43 2020 Print This Article

നിര്‍ഭയക്കേസിലെ നാലുപ്രതികളുടെ വധശിക്ഷ നടപ്പാക്കി. തിഹാര്‍ ജയിലില്‍ രാവിലെ അഞ്ചരയ്ക്കാണ് പവന്‍ ഗുപ്ത, അക്ഷയ് സിങ്, വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവരെ ഒരുമിച്ച് തൂക്കിലേറ്റിയത്. ശിക്ഷ മാറ്റിവ്ക്കണമെന്ന പവന്‍ ഗുപ്തയുടെ ഹര്‍ജി പുലര്‍ച്ചെ മൂന്നരയ്ക്ക് സുപ്രീം കോടതി തളളിയിരുന്നു. ഇതോടെ മരണവാറന്റ് അനുസരിച്ച് കൃത്യസമയത്ത് ശിക്ഷ നടപ്പാക്കി. ആറുമണിയോടെ കഴുമരത്തില്‍ നിന്ന് നീക്കിയ മൃതദേഹങ്ങള്‍ ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്ക് ശേഷം സംസ്കരിക്കും.

സുപ്രീം കോടതി തീരുമാനം വന്നതിന് പിന്നാലെ നാലരയോടെയാണ് പ്രതികളെ ഉണര്‍ത്തി ജയില്‍ അധികൃതര്‍ ശിക്ഷ നടപ്പാക്കാനുളള അന്തിമ തീരുമാനം അറിയിച്ചത്. തുടര്‍ന്ന് സെല്ലിന് പുറത്തെത്തിച്ച് വൈദ്യ പരിശോധനയ്ക്കുശേഷം അഞ്ചേകാലിന് തൂക്കുമരത്തട്ടിലെത്തിച്ചു. മജിസ്ട്രേറ്റ് മരണവാറന്റ് പ്രതികളെ വായിച്ചുകേള്‍പിച്ചു . കൃത്യം അഞ്ചരയ്ക്ക് ജയില്‍ സൂപ്രണ്ട് ശിക്ഷ നടപ്പാക്കാനുളള നിര്‍ദേശം ആരാച്ചാര്‍ക്ക് നല്‍കി. ശിക്ഷ നടപ്പാക്കിയ സമയം ജയിലിന് പുറത്ത് ജനക്കൂട്ടം ആഹ്ലാദാരവങ്ങള്‍ മുഴക്കി.

തൂക്കിലേറ്റിയതിനു തൊട്ടുമുൻപും വധശിക്ഷ ഒഴിവാക്കാൻ പ്രതികളുടെ തീവ്രശ്രമം. വധശിക്ഷ നടപ്പാക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ നിർഭയ കേസിലെ പ്രതികൾ നടത്തിയ അവസാന നീക്കവും പരാജയപ്പെട്ടു. പവൻ ഗുപ്ത നൽകിയ രണ്ടാം ദയാഹർജി തള്ളിയതിനെതിരെയാണ് പുലർച്ചെ 2.50ന് സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ആർ.ഭാനുമതി, അശോക് ഭൂഷൻ, എ.എസ്.ബൊപ്പണ്ണ എന്നിവരാണ് കേസ് പരിഗണിച്ചത്. ‌ദയാഹർജി തള്ളിയതിൽ ജുഡീഷ്യൽ പരിശോധന പരിമിതമാണ് എന്ന് കോടതി നിരീക്ഷിച്ചു.

ശിക്ഷ ഒഴിവാക്കാന്‍ കോടതികള്‍ക്ക് മുന്നില്‍ ഒട്ടേറെ തന്ത്രങ്ങള്‍ പയറ്റിയ പ്രതികള്‍ ഒടുവില്‍ ശിക്ഷ രണ്ടുദിവസം മാറ്റിവയ്ക്കണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടെങ്കിലും കോടതി വഴങ്ങിയില്ല. കുറ്റകൃത്യം നടക്കുമ്പോൾ പവൻ ഗുപ്തയ്ക്ക് പ്രായപൂർത്തി ആയില്ലെന്നും ജയിലിൽ മർദനമേറ്റതിനെത്തുടർന്ന് നൽകിയ പരാതി കർക്കർദൂമ കോടതിയിൽ പരിഗണനയിലാണെന്നുമുള്ള വാദവും കോടതി തള്ളി. ഒടുവില്‍ ശിക്ഷ നടപ്പാക്കുമെന്ന ഘട്ടത്തില്‍ പ്രതിക്ക് അവസാനമായി ബന്ധുക്കളെ കാണാന്‍ ഒരുവട്ടം കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ജയില്‍ ചട്ടം ഇതിന് അനുവദിക്കുന്നില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചതോടെ കോടതി അതും തളളി.

നിർഭയയുടെ മാതാപിതാക്കളും കോടതിയിലെത്തിയിരുന്നു. വിധിയിൽ സന്തോഷമുണ്ടെന്ന് അവർ പറഞ്ഞു. രാജ്യാന്തര കോടതിയിലും കുടുംബ കോടതിയിലുമുള്ള കേസുകൾ പ്രസക്തമല്ലെന്നു നിരീക്ഷിച്ച് ഡ‍ൽഹി കോടതി ഹർജി തള്ളിയതിനു പിന്നാലെയാണ് പ്രതിഭാഗം പുലർച്ചെ സുപ്രീം കോടതിയെ സമീപിച്ചത്. പ്രതികൾക്കു ദൈവത്തെ കണ്ടുമുട്ടാൻ സമയമായെന്നും ഡൽഹി കോടതി പറഞ്ഞു. രാജ്യത്തെ വ്യവസ്ഥകളുമായാണ് പ്രതികൾ കളിക്കുന്നത്. ദയാഹർജി സമർപ്പിക്കാൻ രണ്ടര വർഷം വൈകിയതിൽ ഗൂഢാലോചനയുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.

ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് സഞ്ജീവ് നരുല എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പ്രതികളായ അക്ഷയ് കുമാർ സിങ്, പവൻ ഗുപത്, വിനയ് ശർമ എന്നിവരാണ് കോടതിയെ സമീപിച്ചത്. വിചാരണ അസാധുവാക്കണമെന്ന പ്രതി മുകേഷ് സിങ്ങിന്റെ ഹർജി സുപ്രീംകോടതിയും തള്ളിയിരുന്നു. നേരത്തെ, അക്ഷയ് സിങ്ങിന്റെയും പവൻ ഗുപ്തയുടെയും രണ്ടാം ദയാഹർജിയും രാഷ്ട്രപതി തള്ളിയതിനാൽ പ്രതികൾക്ക് നിയമപരമായ അവകാശങ്ങൾ ഒന്നും ബാക്കിയില്ലെന്നും വധശിക്ഷ വെള്ളിയാഴ്ച തന്നെ നടപ്പാക്കാമെന്നും പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു.

2012 ൽ ഓടുന്ന ബസിൽ പെൺകുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ച് റോഡിലെറിഞ്ഞ സംഭവത്തിൽ ആറു പ്രതികളാണ് പിടിയിലായിരുന്നത്. ചികിൽസയിലിരിക്കെ പെൺകുട്ടി മരിച്ചു. പ്രതികളിൽ ഒരാളായ രാംസിങ് ജയിൽവാസത്തിനിടെ ജീവനൊടുക്കി. മറ്റൊരു പ്രതിക്ക് പ്രായപൂർത്തിയാകാതിരുന്നതിനാൽ മൂന്നു വർഷത്തെ തടവിനു ശേഷം ജയിൽമോചിതനായി. മറ്റു നാലു പ്രതികൾക്കാണ് വധശിക്ഷ ലഭിച്ചത്. 2012 ഡിസംബർ‌ 16 നായിരുന്നു രാജ്യത്തെ നടുക്കിയ ക്രൂരത. രാത്രിയിൽ സുഹൃത്തിനൊപ്പം ബസ് കാത്തുനിന്ന 26 കാരിയായ മെഡിക്കൽ വിദ്യാർഥിനി അതുവഴി വന്ന ബസിൽ കയറി.

ഡ്രൈവർ ഉൾപ്പെടെ ആറു പേരാണ് ഉണ്ടായിരുന്നത്. സുഹൃത്തിനെ മർദിച്ച് അവശനാക്കിയ സംഘം പെൺ‍കുട്ടിയെ മൃഗീയമായി പീഡിപ്പിക്കുകയായിരുന്നു. ക്രൂരബലാൽസംഗത്തിനും പീഡനത്തിനും ശേഷം അവളെയും സുഹൃത്തിനെയും റോഡിലേക്കു വലിച്ചെറിയുകയായിരുന്നു. ആശുപത്രിയിൽ ജീവനുവേണ്ടി പൊരുതിയ പെൺകുട്ടി ഡിസംബർ 29 ന് ലോകത്തോടു വിട പറഞ്ഞു. സംഭവത്തിൽ രാജ്യമെമ്പാടും ശക്തമായ പ്രതിഷേധമുയർന്നു. പിടിയിലായ പ്രതികൾക്കു വധശിക്ഷ തന്നെ നൽകണമെന്നായിരുന്നു ജനങ്ങളുടെ ആവശ്യം. പ്രതീക്ഷിച്ചതുപോലെ അവർക്കു വധശിക്ഷതന്നെ വിധിച്ചു.

ഇത്തരത്തിൽ നാലുപേരുടെ വധശിക്ഷ ഒരുമിച്ചു നടപ്പാക്കുന്നത് രാജ്യത്ത് അപൂർവ സംഭവമാണ്. ജോഷി–അഭയങ്കാർ കൊലക്കേസുകളിൽ, 1983 ഒക്ടോബർ 25ന് പുണെ യർവാഡ ജയിലിൽ കൊടുംകുറ്റവാളിസംഘത്തിലെ നാലു പേരെ തൂക്കിലേറ്റിയിരുന്നു. സംസ്കൃതപണ്ഡിതൻ കാശിനാഥ് ശാസ്ത്രി അഭയങ്കറും കുടുംബവും വിജയനഗറിലെ ജോഷിയും കുടുംബവും ഉൾപ്പടെ 1976–77 കാലഘട്ടത്തിൽ പുണെ നഗരത്തിൽ ഉണ്ടായ 10 കൊലപാതകങ്ങളുടെ പേരിൽ സംഘത്തലവൻ രാജേന്ദ്ര യെല്ലപ്പ ജക്കല്‍, ദിലീപ് സുതാർ , ശാന്താറാം ജഗ്താപ്, മുനാവർ ഹരുൺഷാ എന്നിവരെയാണ് അന്നു തൂക്കിലേറ്റിയത്.

നിർഭയക്കേസിലെ പ്രതികൾ

രാം സിങ്‌ (34)

ബസ് ഡ്രൈവർ. രാജസ്ഥാൻ സ്വദേശി. സംഭവത്തിനു രണ്ടു വർഷം മുൻപു ഭാര്യയുടെ മരണത്തെ തുടർന്നു രാംസിങ്ങിലെ ക്രൂരത വർധിച്ചെന്നു സുഹൃത്തുക്കൾ. തിഹാർ ജയിലിൽ 2013 മാർച്ച് 11നു മരിച്ചനിലയിൽ കണ്ടെത്തി. കുറ്റം ചെയ്‌തപ്പോൾ മദ്യലഹരിയിലായിരുന്നുവെന്നു മൊഴി നൽകി. തിരിച്ചറിയൽ പരേഡിനു വിസമ്മതിച്ചു. സ്റ്റിയറിങ് സഹോദരൻ മുകേഷിനെ ഏൽപ്പിച്ച ശേഷം രാം സിങ്ങാണു യുവതിയെ ആദ്യം പീഡിപ്പിച്ചത്. ഏറ്റവും ക്രൂരത കാട്ടിയതും ഇയാൾ.

പ്രായപൂർത്തിയാകാത്തയാൾ (കുറ്റകൃത്യം ചെയ്യുമ്പോൾ 17 വയസ്സും 6 മാസവും)
ഉത്തർപ്രദേശിൽനിന്ന് 11-ാം വയസ്സിൽ വീടുവിട്ടു ഡൽഹിയിലെത്തി. ബസിൽ ക്ലീനർ. പെൺകുട്ടിയെ ബസിലേക്കു വിളിച്ചുകയറ്റിയത് ഇയാൾ. സ്‌കൂൾ രേഖകൾ പരിശോധിച്ചു പ്രായപൂർത്തിയായിട്ടില്ലെന്നു ജുവനൈൽ ജസ്‌റ്റിസ് ബോർഡ് ഉത്തരവിട്ടു. ബോർഡിന്റെ തിരുത്തൽ കേന്ദ്രത്തിൽ 3 വർഷം കഴിയണമെന്നായിരുന്നു ശിക്ഷ. 2015 ഡിസംബറിൽ വിട്ടയച്ചു.

വധശിക്ഷ ലഭിച്ചവർ

മുകേഷ് സിങ് (33)

രാം സിങ്ങിന്റെ ഇളയ സഹോദരൻ. ബസിലെ ക്ലീനർ. അവിവാഹിതൻ. സുഹൃത്തിനെ മർദിച്ചെങ്കിലും പെൺകുട്ടിയെ ഉപദ്രവിച്ചില്ലെന്നു മൊഴി. തിരിച്ചറിയൽ പരേഡിൽ ഇയാളെ പെൺകുട്ടിയുടെ സുഹൃത്ത് തിരിച്ചറിഞ്ഞു. സംഭവം നടക്കുമ്പോൾ ബസ് ഓടിക്കുകയായിരുന്നെന്നു മൊഴി നൽകി.

പവൻ ഗുപ്‌ത (26)

നേരത്തെ രാം സിങ്ങിനൊപ്പം ബസിൽ ക്ലീനറായി ജോലി ചെയ്‌തിരുന്നു. ഒൻപതാം ക്ലാസിൽ പഠനം നിർത്തി. അവിവാഹിതൻ. തിരിച്ചറിയൽ പരേഡിനു വിസമ്മതിച്ചു. ക്രൂരമായ കുറ്റകൃത്യമാണു ചെയ്‌തതെന്നും തൂക്കിക്കൊല്ലണമെന്നും കോടതിയിൽ അപേക്ഷിച്ചു. എന്നാൽ വിചാരണയ്‌ക്കിടെ മൊഴിമാറ്റി.

വിനയ് ശർമ (27)

സിരിഫോർട്ടിലെ ജിംനേഷ്യത്തിൽ ഇൻസ്‌ട്രക്‌ടറായി ജോലി ചെയ്യുന്നതിനൊപ്പം ബികോം പഠനം. അവിവാഹിതൻ. തൂക്കിക്കൊല്ലണമെന്നു കോടതിയിൽ ആദ്യം പറഞ്ഞു. പിന്നീടു നിഷേധിച്ചു. തിരിച്ചറിയൽ പരേഡിനു വിസമ്മതിച്ചു.

അക്ഷയ് കുമാർ സിങ് (35)

ബസിലെ ക്ലീനർ. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവും. രാം സിങ്ങിനു ശേഷം പെൺകുട്ടിയെ പീഡിപ്പിച്ചത് അക്ഷയ് ആണെന്നായിരുന്നു പൊലീസ് മൊഴി. സംഭവത്തിനു പിന്നാലെ ഗുരുഗ്രാം നഹർപുരിലെ സഹോദരന്റെ വീട്ടിലേക്കു കടന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles