ട്രെയിനില്‍ വെച്ച് ഒരു രാഷ്ട്രീയ നേതാവിന്റെ മകന്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷയുടെ പ്രസ്താവന വിവാദമാകുന്നു. നിഷ പറഞ്ഞ ആള്‍ പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജാണെന്ന് അഭ്യൂഹം പരന്നിരുന്നു. ഇതിനെതിരെ പിസി ജോര്‍ജ് രംഗത്തെത്തി.
പുസ്തകം ഇറക്കുന്നതിന് മുന്‍പുള്ള പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പരിപാടികളാണ് ഇതൊക്കെയെന്നാണ് പിസി ജോര്‍ജ് പറയുന്നത്. നിഷ മാണിയുടെ മരുമകളല്ലേ അപ്പോ പിന്നെ ഇതിലപ്പുറം പറഞ്ഞില്ലെങ്കിലേ അതിശയമുള്ളു. പിന്നെ ഇങ്ങനെയൊക്കെ പറയുമ്പോള്‍ അത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കും, അതിലും വലിയ പബ്ലിസിറ്റി പുസ്തകത്തിന് വേറെ വേണോ എന്നും പി സി ജോര്‍ജ് ചോദിക്കുന്നു.
ഒരു എംപി അല്ലേ ജോസ് കെ മാണി. അപ്പോള്‍ അയാളുടെ ഭാര്യയോട് ആരെങ്കിലും പൊതു സ്ഥലത്ത് വെച്ച് മോശമായി പെരുമാറുമോ, അങ്ങനെ ഏതവനെങ്കിലും അപമാനിക്കാന്‍ ശ്രമിച്ചാല്‍ ഒരു എംപി വിചാരിച്ചാല്‍ നിസ്സാരമായി അവനെ പിടിക്കരുതോ എന്നും പിസി ചോദിക്കുന്നു. ഇത്തരം ആരോപണങ്ങള്‍ ആര് വിശ്വസിക്കുമെന്നും പിസി ചോദിക്കുന്നു. ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉന്നയിച്ച് പ്രശസ്തി നേടിയാണോ പൊതുരംഗത്ത് വരേണ്ടതെന്നും പിസി ചോദിക്കുന്നു. നിഷയുടെ രാഷ്ട്രീയ മോഹമാണ് ഇതിനെല്ലാം പിന്നിലെന്നും പിസി പറയുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ പാലായില്‍ നിന്ന് മത്സരിക്കാനാണ് നിഷയുടെ പരിപാടിയെന്നും അതിന്റെ ഭാഗമാണ് ഈ പുസ്തകവും ആരോപണവുമെന്നും പിസി ജോര്‍ജ് പറയുന്നു. സത്യം പറഞ്ഞാല്‍ രണ്ട് ദിസം മുന്‍പ് ദയാവധത്തിനെ കുറിച്ച് കോടതിയുടെ ഒരു വിധി വന്നപ്പോള്‍ മുതല്‍ മാണിയെക്കുറിച്ചാണ് ചിന്ത. പാലായില്‍ മത്സരിക്കാന്‍ പലരും ആഗ്രഹിക്കുന്ന സാഹചര്യത്തില്‍ മാണിയുടെ മേല്‍ ഒരു കണ്ണുള്ളത് നന്നായിരിക്കുെമന്നും പിസി ജോര്‍ജ് പറയുന്നു. മാണിയെ അപായപ്പെടുത്താന്‍ പോലും മടിക്കാത്തവരാണ് ഇവരെന്നും ജോര്‍ജ് പറയുന്നു.സത്യം പറഞ്ഞാല്‍ ഇത്തരം ആരോപണങ്ങളോട് പ്രതികരിക്കാന്‍ പോലും പാടില്ലാത്തതാണ് പിന്നെ വെറുതെ പ്രശസ്തിക്ക് വേണ്ടി ഇതൊക്കെ പറയുന്നതിനോട് വേറെന്ത് പറയാനാണെന്നും ജോര്‍ജ് ചോദിക്കുന്നു.
‘മീ ടൂ’ പ്രചാരണത്തില്‍ താനും പങ്കുചേരുന്നുവന്ന പറഞ്ഞു കൊണ്ടാണ് നിഷാ ജോസ് തനിക്ക് നേരിടേണ്ടി ഒരു ദുരനുഭവം വെളിപ്പെടുത്തിയത്. നിഷ എഴുതിയ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരമായ ‘ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തിലാണ് ഈ തുറന്നു പറച്ചിലുണ്ടായത്. ”തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ രാത്രി വൈകി തനിയെ കോട്ടയത്തേക്കു ട്രെയിന്‍ കയറാന്‍ എത്തിയപ്പോഴാണ് അയാളെ കണ്ടത്. മെലിഞ്ഞ യുവാവ് രാഷ്ട്രീയനേതാവായ സ്വന്തം അച്ഛന്റെ പേരു പറഞ്ഞാണ് പരിചയപ്പെട്ടത്. അപകടത്തില്‍പ്പെട്ട് തിരുവനന്തപുരത്ത് ആശുപത്രിയില്‍ കിടക്കുന്ന ഭാര്യാപിതാവിനെ കാണാന്‍ വന്നതാണെന്നും പറഞ്ഞു. ട്രെയിനില്‍ കയറിയ അയാള്‍ അടുത്തു വന്നിരുന്നു സംസാരം തുടര്‍ന്നു. സഹികെട്ടപ്പോള്‍ ടിടിആറിനോട് പരാതിപ്പെട്ടു.
ടിടിആര്‍ നിസ്സഹായനായി കൈമലര്‍ത്തി. യുവാവും അയാളുടെ അച്ഛനെപ്പോലെയാണെങ്കില്‍ ഇടപെടാന്‍ എനിക്കു പേടിയാണ് എന്നായിരുന്നു ടിടിആറിന്റെ മറുപടി. ‘നിങ്ങള്‍ ഒരേ രാഷ്ട്രീയ മുന്നണിയില്‍ ഉള്‍പ്പെട്ടവരായതിനാല്‍ ഇത് ഒടുവില്‍ എന്റെ തലയില്‍ വീഴും’ ഇങ്ങനെ പറഞ്ഞ് ടിടിആര്‍ ഒഴിവായി. തിരികെ സീറ്റിലെത്തിയിട്ടും സഹയാത്രികന്‍ ശല്യപ്പെടുത്തല്‍ തുടര്‍ന്നു. മൂന്നോ നാലോ തവണ അനാവശ്യമായി തന്റെ കാല്‍പാദത്തില്‍ സ്പര്‍ശിച്ചു. അതോടെ അടുത്തുനിന്നു പോകാന്‍ അയാളോട് കര്‍ശനമായി പറഞ്ഞു. വീട്ടില്‍ എത്തിയശേഷം ഇക്കാര്യം ഭര്‍ത്താവ് ജോസ് കെ. മാണിയെ അറിയിച്ചു” പുസ്തകത്തില്‍ നിഷ പറയുന്നു.
നിഷ നല്‍കുന്ന സൂചന വെച്ച് സോഷ്യല്‍ മീഡിയയില്‍ വന്ന പ്രചരണം ഷോണ്‍ ജോര്‍ജ്ജിനെ ലക്ഷ്യമിട്ടായിരുന്നു. അപകടത്തില്‍പ്പെട്ട് തിരുവനന്തപുരത്ത് ആശുപത്രിയില്‍ കിടക്കുന്ന ഭാര്യാപിതാവിനെ കാണാന്‍ വന്നതാണെന്ന് ഉദ്ദേശിച്ചത് ജഗതിയെ കാണാന്‍ ഷോണ്‍ എത്തിയതാണെന്ന വിധത്തിലാണ് വ്യാഖ്യാനം വന്നത്. ജോസ് കെ മാണിക്കെതിരെ സോളാര്‍ കേസില്‍ ശക്തമായ ആരോപണങ്ങളുമായി രംഗത്തെത്തിയത് പി സി ജോര്‍ജ്ജായിരുന്നു. അതുകൊണ്ട് കിട്ടിയ അവസരത്തില്‍ നിഷ അവസരം മുതലെടുക്കുകയായിരുന്നു എന്നുമാണ് ആരോപണം.
Leave a Reply