കോട്ടയം: കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം പി യുടെ ഭാര്യയും പ്രമുഖ സാമൂഹ്യ പ്രവർത്തകയുമായ നിഷ ജോസ് കെ മാണി സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു. വരുന്ന പാലാ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് സ്ഥാനാർഥിയായി നിഷ ജോസ് കെ മാണി മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ ശക്തമായിരിക്കവെയാണ് പാലാ അസംബ്ലി നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന യൂത്ത് ഫ്രണ്ട് (എം )എലിക്കുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട കെഎം മാണി അനുസ്മരണ പരിപാടിയിലും അതിനെ തുടർന്ന് പൈക സെന്റ് മേരിസ് എൽ പി സ്കൂളിലെ കുട്ടികൾക്കുള്ള സൗജന്യ കുട വിതരണ പരിപാടിയിൽ മുഖ്യാതിഥി റോളിൽ തിളങ്ങിയതും നിഷ ജോസ് കെ മാണി ആയിരുന്നു.
നിഷ ജോസ് ആദ്യമായാണ് ഒരു രാഷ്ട്രീയ പരിപാടിയിൽ പങ്കെടുക്കുന്നത്. കോട്ടയത്തെയും പാലായിലെ യും സാമൂഹ്യ-സാംസ്കാരിക സന്നദ്ധസംഘടനകളുടെ പരിപാടികളിൽ വർഷങ്ങളായി നിറസാന്നിധ്യം ആണെങ്കിൽ പോലും കേരള കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക പരിപാടികളിൽ നിഷ ജോസ് ഇതുവരെ പങ്കെടുത്തിരുന്നില്ല. ഇന്നത്തെ യൂത്ത് ഫ്രണ്ട് (എം) പരിപാടിയിൽ പങ്കെടുത്തത് യാദൃശ്ചിക നീക്കമായി രാഷ്ട്രീയനിരീക്ഷകർ കരുതുന്നില്ല. വരുന്ന പാലാ ഉപതിരഞ്ഞെടുപ്പിൽ മത്സരാർത്ഥിയായി നിഷ ജോസ് രംഗത്തുണ്ടാകുമെന്ന് മുഖ്യധാര ദൃശ്യ-അച്ചടി മാധ്യമങ്ങൾ പലവുരു റിപ്പോർട്ട് ചെയ്തിരുന്നതാണ്. കേരള കോൺഗ്രസ് നേതൃത്വവും ജോസ് കെ മാണി എം പിയും നിഷ ജോസും ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചില്ലെങ്കിലും കേരള കോൺഗ്രസ് അണികൾ പറയാതെ പറയുന്ന ഏക പേര് നിഷ ജോസിന്റേതാണ് .ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി നിഷ ജോസ് കടന്ന് വരികയാണെങ്കിൽ പാലാ ഉപതെരഞ്ഞെടുപ്പിൽ തങ്ങൾക്ക് എതിർപ്പില്ല എന്ന് ജോസഫ് വിഭാഗവും പ്രസ്താവന നടത്തിയിരുന്നു.
ഓഗസ്റ്റ് മാസത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ പാലായുടെ എംഎൽഎ എന്ന നിലയിൽ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധിക്ക് ഈ സഭയിൽ ലഭിക്കുന്നത് കേവലം ഒന്നര വർഷം മാത്രമാണ്. തുടർന്നു വരുന്ന പൊതുതെരഞ്ഞെടുപ്പിൽ കെ എം മാണിയുടെ പുത്രൻ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം പി ക്ക് വേണ്ടി കേരള കോൺഗ്രസ് പ്രതിനിധി വഴിമാറിക്കൊടുക്കുകയും വേണം. ഈ ചുരുങ്ങിയ കാലയളവിൽ ലക്ഷക്കണക്കിന് രൂപ തിരഞ്ഞെടുപ്പിൽ ചെലവഴിച്ച് പാലായുടെ എംഎൽഎ ആയി കടന്നുവരുവാൻ നിലവിലെ പാലായിലെ കേരള കോൺഗ്രസ് നേതൃത്വത്തിൽ നിന്നും സാധ്യത തുലോം കുറവാണ് . കെ എം മാണിക്ക് പൂർത്തീകരിക്കാൻ പറ്റാത്ത ശേഷിക്കുന്ന കാലയളവിൽ കരിങ്ങോഴയ്ക്കൽ കുടുംബവുമായി ബന്ധപ്പെട്ട പേരാണെങ്കിൽ പാലാ നിയോജക മണ്ഡലത്തിൽ ലഭിക്കുന്ന സ്വീകാര്യത ഏറെയാണുതാനും. ഇതെല്ലാം മുന്നിൽ കണ്ടു കൊണ്ടാണ് നിഷ ജോസ് കെ മാണിയുടെ സ്ഥാനാർഥിത്വം പാലായിൽ സജീവ ചർച്ചയായി മാറുന്നത്.
Leave a Reply