എൻഫീൽഡ്: പാചകത്തിനിടയിൽ പൊള്ളലേറ്റ് ചികിത്സയിലിരിക്കെ സെപ്റ്റിസീമിയ ബാധിച്ചു മരണപ്പെട്ട നിഷാ ശാന്തിന് എൻഫീൽഡിൽ കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി. അകാലത്തിൽ വിടപറഞ്ഞ തങ്ങളുടെ പ്രിയ സോദരിയെ അവസാനമായി ഒരു നോക്ക് കാണുവാനും കുടുംബത്തെ ആശ്വസിപ്പിക്കുവാനും, അന്ത്യാഞ്ജലി അർപ്പിക്കുവാനുമായി ബന്ധുക്കളും സുഹൃത്തുക്കളും വിവിധ സംഘടനകളുടെ പ്രതിനിധികളുമായി നൂറുകണക്കിന് ആളുകൾ എൻഫീൽഡിൽ വന്നെത്തിയിരുന്നു.
രാവിലെ പതിനൊന്നരയോടെ എൻഫീൽഡ് ഔർ ലേഡി ഓഫ് മൌണ്ട് കാർമൽ & സെന്റ് ജോജ്ജ് ദേവാലയത്തിൽ കൊണ്ടുവന്ന മൃതദേഹം ഭർത്താവ് ശാന്തും, മക്കളായ സ്നേഹയും ഇഗ്ഗിയും, കുടുംബാംഗങ്ങളും,ബന്ധുമിത്രാദികളും ചേർന്ന് സ്വീകരിച്ചു.
മൃതദേഹം ഏറ്റുവാങ്ങിയ ഭർത്താവ് ശാന്ത് തന്റെ പ്രിയതമയയുടെ നിശ്ചലമായ വദനത്തിലെ മങ്ങാത്ത പുഞ്ചിരിയും, മക്കൾ തങ്ങളുടെ പ്രിയമാതാവിന്റെ കണ്ണടച്ചുള്ള വിടപറയലും വിങ്ങലോടെ നോക്കി നിൽക്കുമ്പോൾ, നിശ്ചലയായി കിടക്കുന്ന തന്റെ പ്രിയമോളെ അവസാനമായി ഒരുനോക്കു കാണുവാൻ നാട്ടിൽ നിന്നുമെത്തിയ നിഷയുടെ അമ്മ സുലോചന വടക്കയിൽ, സഹോദരൻ ജ്യോജി ആലുമ്മൂട്ടിൽ, വിദേശത്തുനിന്നും എത്തിയ ശാന്തിന്റെ സഹോദരരായ സ്റ്റാൻലിയും, ഡേവിഡും അവരിലെല്ലാം പൊഴിഞ്ഞ കണ്ണീർ കണങ്ങൾ കണ്ടു നിന്നവരുടെ ഹൃദയം പിളർത്തി.
ദേവാലയത്തിൽ മൃതദേഹം എത്തിച്ച ശേഷം നടത്തിയ അന്ത്യോപചാര തിരുക്കർമ്മങ്ങളിൽ പള്ളി വികാരി റെവ. ഫാ.ഡാനിയേൽ ഹംഫ്രേയ്‌സ് മുഖ്യകാർമ്മികത്വം വഹിക്കുകയും പ്രിയ ഇടവകാംഗത്തിനെ അനുസ്മരിച്ചു സന്ദേശം നൽകുകയും ചെയ്തു. കൂടാതെ സിമിത്തേരിയിൽ നടത്തിയ അന്ത്യോപചാര ശുശ്രുഷകൾക്കും ഫാ.ഡാനിയേൽ നേതൃത്വം നൽകി.
ദേവാലയത്തിൽ വെച്ച് നടത്തിയ മലയാളത്തിലുള്ള ഒപ്പീസ്സ് ഫാ. ജോസഫ് മുക്കാട്ടും, സിമിത്തേരിയിൽ നടത്തിയ അവസാന പ്രാർത്ഥനകൾ ഫാ. ജോസ് അന്ത്യാംകുളവും ചൊല്ലി.
ലിൻ, ജൊഹാൻ, എഡ്രിക് എന്നിവർ അൾത്താര ശുശ്രുഷയിലും, വായനകൾക്കു മകൻ ഇഗ്ഗിയും, റേമൾ എന്നിവരും, കാറോസൂസാ പ്രാർത്ഥനകളിൽ ഡാനി, ആൽബിൻ,ആൽഫി, സച്ചിൻ എന്നിവരും പങ്കുചേർന്നു.
ദേവാലയത്തിലെ അന്ത്യോപചാര ശുശ്രുഷകൾക്കു ശേഷം പൊതുദർശനത്തിനും, അനുസ്മരണത്തിനും അവസരം ഒരുക്കിയിരുന്നു. കുടുംബത്തെ പ്രതിനിധീകരിച്ചു മകൾ സ്നേഹയും, എൻഫീൽഡ് മലയാളി സമൂഹത്തിനു വേണ്ടി സൻജോയിയും അനുസ്മരണം നടത്തി. മകൾ സ്നേഹ, പ്രിയ മാതാവിനെ തേങ്ങലോടെ അനുസ്മരിക്കുമ്പോൾ വാക്കുകൾ പൂർണ്ണതയിലായില്ലെങ്കിലും ഒരിക്കലും തിരിച്ചു വരാത്ത കരുതലിന്റെയും, സ്നേഹത്തിന്റെയും ആ വലിയ നഷ്‌ടം വാക്കുകളിലൂടെ ഒഴുക്കിയ വിങ്ങലുകളിലും വേദനകളിലും നിഴലിക്കുന്നുണ്ടായിരുന്നു.
സാന്ത്വനവും സഹായവും,താങ്ങും തണലുമായി കുടുംബത്തിന് വേണ്ടി ഒപ്പം നിന്ന ഏവർക്കും കുടുംബത്തിന് വേണ്ടി ജോൺ രവി നന്ദി പ്രകാശിപ്പിച്ചു.
പൊതുദർശനത്തിനു ശേഷം എൻഫീൽഡ് സിമിത്തേരിയിലേക്കുള്ള നിഷയുടെ അന്ത്യമയാത്രയെ അനുഗമിച്ച ജനാവലി സംസ്കാര ശുശ്രുഷകൾക്കു വേദനയോടെ സാക്ഷ്യം വഹിച്ചു.
കണ്ണീരിൽ കുതിർന്ന യാത്രാമൊഴികൾ സ്വീകരിച്ച നിഷാ ശാന്തിന് തന്റെ കഴിഞ്ഞ ഒന്നര പതിറ്റാണ്ടു പ്രിയ കുടുംബാംഗങ്ങൾക്കൊപ്പം ജീവിച്ചു കൊതിതീരാത്ത എൻഫീൽഡിൽ തന്നെ അന്ത്യ വിശ്രമം ഒരുക്കുകയായിരുന്നു.
Leave a Reply