ചെന്നൈ ∙ ‘പത്തുവർഷം നിത്യാനന്ദയ്ക്ക് ഒപ്പമുണ്ടായിരുന്നു. എന്റെ ശരീരം മുഴുവൻ അദ്ദേഹത്തിന്റെ മുഖം പച്ച കുത്തിയിട്ടുണ്ട്. അത് ഞാൻ അന്ന് എല്ലാ ഇഷ്ടത്തോടെയും ചെയ്തതാണ്. പക്ഷേ ഇന്ന് ഞാൻ പോരാടുന്നത് അയാളെ ശിക്ഷിക്കാനാണ്..’ വിവാദ ആൾദൈവം നിത്യാനന്ദയ്ക്കെതിരെ വിജയകുമാർ എന്ന യുവാവിന്റെ വാക്കുകളാണിത്. ഇതുവരെ കണ്ടതും കേട്ടതും ഒന്നുമല്ല നിത്യാനന്ദ എന്ന് തെളിവുകൾ സഹിതം വ്യക്തമാക്കുന്നു ഇൗ യുവാവ്. കലൈഞ്ജർ ടിവിക്കു നൽകിയ അഭിമുഖത്തിലാണ് നിത്യാനന്ദ ആശ്രമത്തിൽ നടക്കുന്ന കൊടുംക്രൂരതകൾ ഇയാൾ എണ്ണിയെണ്ണി പറയുന്നത്.

വിജയകുമാറിന്റെ വാക്കുകളിങ്ങനെ: നിത്യാനന്ദ എത്ര വലിയ കുറ്റവാളിയാണോ അത്ര തന്നെ ഞാനും കുറ്റവാളിയാണ്. കാരണം അയാൾക്കൊപ്പം പത്തുവർഷം ഞാനും ഉണ്ടായിരുന്നു. ചെയ്യാൻ പാടില്ലാത്ത പലതും ഞാൻ ചെയ്തു. ആ കുറ്റങ്ങളൊക്കെ ഏറ്റുപറയാൻ ഞാൻ തയാറാണ്. അതിന് നീതിപീഠം നൽകുന്ന എന്തു ശിക്ഷയും ഞാൻ ഏറ്റുവാങ്ങും. അത്രമാത്രം നടുക്കുന്ന കാര്യങ്ങളാണ് നിത്യാനന്ദയുടെ ആശ്രമത്തിൽ നടക്കുന്നത്.മൈസൂരുവിനടുത്തുള്ള നിത്യാനന്ദയുടെ ആശ്രമത്തിലായിരുന്നു ‍ഞാൻ. മൂവായിരത്തോളം അംഗങ്ങൾ അവിടെയുണ്ട്. ഇതിൽ ബഹുഭൂരിപക്ഷവും സ്ത്രീകളാണ്. പിന്നെ കുട്ടികളും. ഇവരിൽ പലരും നിത്യാനന്ദയുടെ കൊടിയ പീഡനങ്ങൾക്ക് ഇരയായിട്ടുണ്ട്. ഒന്നരവർഷം മുൻപ് തന്നെ ഇയാൾ ഇന്ത്യ വിട്ടെന്നാണ് എന്റെ വിശ്വാസം. ഇതേ ആശ്രമത്തിലെ രഹസ്യ അറയിൽ ഇപ്പോഴും നിത്യാനന്ദയുണ്ടെന്നും ചിലർ ആരോപിക്കുന്നുണ്ട്.

ഇത് കണ്ടെത്താൻ നിമിഷങ്ങൾ മതി. ആശ്രമം റെയ്ഡ് ചെയ്യണം. അവിടെയുള്ളവരെ ചോദ്യം ചെയ്യണം. അവിടെയുള്ള യുവതികളുടെ വാട്സാപ്പ് ഗ്രൂപ്പിൽ ഇപ്പോഴും സജീവമാണ് നിത്യാനന്ദ. അങ്ങനെ ഒരാളെ കണ്ടെത്താൻ എന്താണ് ബുദ്ധിമുട്ട്? 2008 മുതൽ 2018 വരെ നിത്യാനന്ദയ്ക്കൊപ്പം ഞാൻ ഉണ്ടായിരുന്നു. അയാളുടെ എല്ലാ വൃത്തികേടിനും നെറികേടിനും കൂട്ടുനിന്നു. അമ്പരപ്പിക്കുന്ന വാക്സാമാർഥ്യമാണ് അയാൾക്ക്. ആരും വീണുപോകും. ഞാനും അങ്ങനെ വീണതാണ്.

അവിടെയുള്ള സ്ത്രീകളിൽ പലരും നിത്യാനന്ദയോട് അപൂർവമായ പ്രണയം കാത്തുസൂക്ഷിക്കുന്നവരാണ്. എന്നോട് എന്താണ് അദ്ദേഹം ഇഷ്ടമാണെന്ന് പറയാത്തതെന്നു വരെ ചിന്തിക്കുന്നവരാണ് ഏറെ. രഞ്ജിതയുമായുള്ള വിഡിയോ വൈറലായതിനു പിന്നാലെയും ഇതുതന്നെയാണ്. അപ്പോൾ ഒന്ന് ഓർത്തുനോക്കൂ അയാളുടെ വാക്കുകൾ എത്രമാത്രം ശക്തമാണെന്ന്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആശ്രമത്തിൽ അമാവാസി ദിനത്തിൽ ഒരു പ്രത്യേകതരം മരുന്ന് നിത്യാനന്ദ തന്നെ തയാറാക്കി നൽകാറുണ്ട്. അത് കഴിച്ചാൽ അയാളോടു വിധേയത്വം കൂടും. സുന്ദരിമാരായ പെൺകുട്ടികൾ എപ്പോഴും ചുറ്റിൽ വേണമെന്നു നിത്യാനന്ദയ്ക്കു നിർബന്ധമാണ്. കാരണം ഇവരെ കണ്ട് ഒരുപാട് പേർ ആശ്രമത്തിലെത്തും. ഇതാണു ബിസിനസ് വിജയത്തിന്റെ തന്ത്രം. കോടിക്കണക്കിനു സ്വത്ത് ആശ്രമത്തിന് എഴുതി വച്ച് കുടുംബസമേതം അവിടെ താമസിക്കുന്ന ഒരുപാടുപേരുണ്ട്.

മോഡലുകളെ നിരത്തി പരസ്യം ചെയ്യുന്ന പോലെയാണ് സുന്ദരിമാരായ പെൺകുട്ടികളെ കാണിച്ച് ആളുകളെ വശീകരിക്കുന്നത്. ഇതിനു പുറമേ വ്യാജ ട്രസ്റ്റുകളുണ്ടാക്കി വൻ പണം തട്ടിപ്പാണ് നടന്നിരിക്കുന്നത്. അതുപോലെ ചെറിയ ആശ്രമങ്ങളെ സാമ്പത്തികമായി സഹായിക്കും. എന്നിട്ടും ഇൗ പണത്തിന് പകരമായി ആ ആശ്രമങ്ങളും അവരുടെ സ്വത്തുക്കളും പിടിച്ചെടുക്കും.

ഇത്തരത്തിൽ നാലു ആശ്രമങ്ങൾ പിടിച്ചെടുക്കാൻ എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തത് ഞാനാണ്. ഇതെല്ലാം ഞാൻ കോടതിയിൽ തുറന്നു പറയും. ആശ്രമത്തിൽ മരണപ്പെട്ട സംഗീത ഇതെല്ലാം പെൻഡ്രൈവിൽ സൂക്ഷിച്ചിരുന്നു. ആശ്രമത്തിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും തെളിവുകൾ അവൾ ശേഖരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അവളുടെ മരണം.

ഞാനും 2015 മുതൽ ലൈംഗിക പീഡനത്തിന് ഇരയായി. പുരുഷൻമാരെ വരെ ആശ്രമത്തിൽ ലൈംഗികമായി പീഡിപ്പിക്കുന്നുണ്ട്. ‍ഞാൻ അതിന് ഇരയാണ്. കേട്ടാലറയ്ക്കുന്ന തരത്തിൽ എന്നോട് അശ്ലീലമായി അയാൾ സംസാരിക്കാൻ തുടങ്ങി. ലൈംഗികവേഴ്ചയ്ക്ക് തയാറാകാതെ വന്നതോടെ എന്നെ മുറിയിൽ പൂട്ടിയിട്ട് മർദിക്കാൻ തുടങ്ങി. ഒടുവിൽ 2018ലാണ് ഞാൻ രക്ഷപ്പെടുന്നത്.അത്രനാൾ പുറത്തുപറയാൻ കഴിയാത്ത വിധമുള്ള ലൈംഗികാതിക്രമങ്ങളാണു ഞാൻ നേരിട്ടത്. എന്റെ അനുഭവം ഇതാണെങ്കിൽ അവിടെ നടക്കുന്ന മറ്റ് കാര്യങ്ങൾ നിങ്ങൾ ഉൗഹിച്ചു നോക്കൂ. എല്ലാ തെളിവുകളും എന്റെ കയ്യിലുണ്ട്. ‍ഞാൻ കോടതിയിൽ മാപ്പുസാക്ഷിയാകാനും തയാറാണ്. നിത്യാനന്ദയെ പിടികൂടണം, ശിക്ഷിക്കണം. എന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാൽ അതിന് പൂർണ ഉത്തരവാദി നിത്യാനന്ദയായിരിക്കും..’