ജാപ്പനീസ് (Japanese) വാഹന നിര്‍മാതാക്കളായ ടൊയോട്ട (Toyota) ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ ഇന്ധന സെല്ലില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് കാർ പുറത്തിറക്കി. ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ ഇന്ധന സെല്‍ പവേര്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍ (എഫ്സിഇവി) ആയ ‘ടൊയോട്ട മിറായി’ ആണ് കമ്പനി അവതരിപ്പിച്ചത്. കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്‍കരി ആണ് വാഹനം പുറത്തിറക്കിയത്. ഒറ്റ ചാര്‍ജില്‍ 650 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കും ഈ വാഹനത്തിന് എന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ പറയുന്നു. ചാര്‍ജ് ചെയ്യാന്‍ അഞ്ചുമിനിറ്റ് മതി. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഓട്ടോമോട്ടീവ് ടെക്‌നോളജി (ICAT)യുടെ പൈലറ്റ് പ്രോജക്ടിന്റെ ഭാഗമായിട്ടാണ് ബുധനാഴ്‍ച ഈ വാഹനത്തെ അവതരിപ്പിച്ചിരിക്കുന്നത്.

ഇന്ത്യന്‍ റോഡുകളെയും കാലാവസ്ഥയെയും കുറിച്ച് പഠിക്കാനും വിലയിരുത്താനുമാണ്, ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറും ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഓട്ടോമോട്ടീവ് ടെക്നോളജിയും (ഐസിഎടി) ചേർന്നുള്ള പൈലറ്റ് പ്രോജക്ടിന്റെ ഭാഗമായി ടൊയോട്ട മിറായി അവതരിപ്പിച്ചത്.

ഹരിത ഹൈഡ്രജന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള സാങ്കേതികവിദ്യയുടെ ആമുഖവും അവലംബവും ഇന്ത്യയുടെ ശുദ്ധവും താങ്ങാനാവുന്നതുമായ ഊർജ്ജ ഭാവി സുരക്ഷിതമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുമെന്ന് ഗഡ്‍കരി അഭിപ്രായപ്പെട്ടു. ടൊയോട്ട കിർലോസ്‌കർ മോട്ടോർ, ഇന്റർനാഷണൽ സെന്റർ ഫോർ ഓട്ടോമോട്ടീവ് ടെക്‌നോളജിയുമായി (ഐസിഎടി) ചേർന്ന് ഇന്ത്യൻ റോഡുകളിലും കാലാവസ്ഥാ സാഹചര്യങ്ങളിലും ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും നൂതനമായ എഫ്‌സിഇവി ടൊയോട്ട മിറായ് പഠിക്കാനും വിലയിരുത്താനുമുള്ള ഒരു പൈലറ്റ് പ്രോജക്‌റ്റാണ് നടത്തുന്നത്. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി, കേന്ദ്ര ഊർജ മന്ത്രി ആർ കെ സിംഗ്, ഘന വ്യവസായ മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ടൊയോട്ട മിറായി ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ ബാറ്ററി പായ്ക്ക് ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്‍താല്‍ വാഹനത്തിന് 650 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കും. എഫ്സിഇവി പൂര്‍ണ്ണമായും പരിസ്ഥിതി സൗഹൃദമാണെന്നും മലിനജലമാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നതെന്നും ഗഡ്‍കരി പറഞ്ഞു. മലിനജലം ശേഖരിക്കുകയും ഇലക്ട്രോലൈസര്‍ ഉപയോഗിച്ച് ഹരിതവാതകമായ ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുകയുമാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിലുടനീളം നെറ്റ്-സീറോ കാര്‍ബണ്‍ എമിഷൻ കൈവരിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ടൊയോട്ട പറഞ്ഞു. നേരത്തെ, അതിവേഗത്തിലുള്ള ഗതാഗത സംവിധാനങ്ങള്‍ക്കായി രാജ്യം വൈദ്യുതി അധിഷ്ഠിത സാങ്കേതികവിദ്യ തേടുകയാണെന്ന് നിതിന്‍ ഗഡ്‍കരി പറഞ്ഞിരുന്നു.

2019-ലെ ടോക്യോ മോട്ടോര്‍ ഷോയിലാണ് രണ്ടാം തലമുറ മിറായി പ്രദര്‍ശനത്തിന് എത്തിയത്. ഒരു വര്‍ഷത്തിനുള്ളില്‍ ഈ വാഹനത്തിന്റെ പ്രൊഡക്ഷന്‍ പതിപ്പ് രാജ്യാന്തര വിപണികളില്‍ എത്തിയിരുന്നു. 48,000 ഡോളറാണ് മിറായിയുടെ വിദേശ വിപണിയിലെ വില. അതേസമയം, കര്‍ണാടകയിലെ ടൊയോട്ടയുടെ പ്ലാന്റിലായിരിക്കും ഇന്ത്യയിലേക്കുള്ള വാഹനങ്ങള്‍ നിര്‍മിക്കുക. 2015-ലാണ് ടൊയോട്ട മിറായിയുടെ ആദ്യ തലമുറ മോഡല്‍ അവതരിപ്പിക്കുന്നത്.

മോഡുലാര്‍ TNGA പ്ലാറ്റ്‌ഫോമിലാണ് മിറായ് ഒരുങ്ങിയിരിക്കുന്നത്. സ്വപ്റ്റ്ബാക്ക് ഹെഡ്‌ലാമ്പ്, വീതിയേറിയ ഗ്രില്‍, സ്പ്ലിറ്റ് ടെയില്‍ ലാമ്പ്, 20 ഇഞ്ച് അലോയി വീല്‍, കൂപ്പെയ്ക്ക് സമാനമായ റൂഫ് എന്നിവയാണ് മിറായിയുടെ രണ്ടാം തലമുറ മോഡലിനെ ആദ്യ പതിപ്പില്‍ നിന്നും വ്യത്യസ്‍തമാക്കുന്നത്. വലിപ്പത്തിലും മുന്‍മോഡലിനെക്കാള്‍ മുന്നിലാണ് ഇപ്പോള്‍ വിപണിയിലുള്ള മിറായ്. 4975 എംഎം നീളവും 1885 എംഎം വീതിയും 1470 എംഎം ഉയരവും 2920 എംഎം വീല്‍ബേസുമാണ് വാഹനത്തിനുള്ളത്.

മറ്റ് രാജ്യാന്തര വിപണികളില്‍ ടൊയോട്ട എത്തിച്ചിട്ടുള്ള ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ മിറായ് കാറിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഇന്നാണ് വാഹനം അവതരിപ്പിച്ച കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്‍കരി അഭിപ്രായപ്പെട്ടത്. എന്നാല്‍, ഈ വാഹനത്തിന്റെ വില സംബന്ധിച്ച വെളിപ്പെടുത്തല്‍ ടൊയോട്ട നടത്തിയിട്ടില്ല. ഇത് പൊതുജനങ്ങള്‍ക്ക് വില്‍ക്കുന്ന കാര്യത്തിലും കമ്പനി ഇതുവരെ അന്തിമ തീരുമാനം സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.