പണം കൊണ്ട് ക്ലോക്ക് വാങ്ങാം.. നേരം വാങ്ങാൻ കഴിയില്ല.. പണം കൊണ്ട് പുസ്തകം വാങ്ങാം… അറിവ് വാങ്ങാൻ കഴിയില്ല.. പണംകൊണ്ട് രക്തം വാങ്ങാം.. എന്നാൽ ആയുസ്സ് വാങ്ങാൻ കഴിയില്ല.. പണം കൊണ്ട് പദവി വാങ്ങാം.. എന്നാൽ ആദരവ് വാങ്ങാൻ കഴിയില്ല… പണം കൊണ്ട് വീട് വാങ്ങാം.. എന്നാൽ സ്നേഹമുള്ള കുടുംബം നേടാൻ സാധിക്കില്ല.. കുടുംബം എന്താണ് എന്നതിനെക്കുറിച്ചു സ്വാമി വിവേകാന്ദൻ പറഞ്ഞ വാക്കുകളാണിവ. യാത്രികമായ ജീവിതചര്യകളിൽക്കൂടി നെട്ടോട്ടമോടുന്ന യുകെയിലെ മലയാളികളുടെ പ്രവാസജീവിതത്തിൽ എത്രപേർ ഈ വാക്കുകൾക്ക് ചെവികൊടുക്കും? ഒന്ന് കിട്ടുമ്പോൾ മറ്റൊന്ന് ആഗ്രഹിക്കുന്ന മനുഷ്യൻ.. കൂടുമ്പോൾ ഇമ്പമുള്ള കുടുംബം വിട്ട് പണം ഉണ്ടാക്കാൻ പരക്കംപായുന്ന മലയാളിയുടെ പ്രവാസജീവിതം… ഇത്തരം ജീവിത തിരക്കിനിടയിലും എല്ലാവരും കൂടി ഇമ്പമുള്ള ഒരു കുടുംബമാക്കിയ ഞാവള്ളി കുടുംബക്കാരുടെ ആദ്യ കുടുംബകൂട്ടായ്‌മ എന്ന ഉദ്യമം വിജയത്തിലെത്തിച്ചപ്പോൾ വിരിഞ്ഞത് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും, സഹനത്തിന്റെയും പുതുമലരുകൾ…
ഞാവള്ളി കുടുംബക്കാരുടെ ആദ്യ കുടുംബ സംഗമം കഴിഞ്ഞ ശനിയാഴ്ച വോൾവർഹാംന്റണിലുള്ള യു കെ കെ സി എ കമ്മ്യൂണിറ്റി ഹാളില്‍ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ സഭയുടെ പ്രഥമ മെത്രാൻ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു. ഭക്തിനിർഭരമായ പരിശുദ്ധ കുർബാനയ്ക്ക് ഫാദര്‍ വില്‍ഫ്രെഡ് പെരേപ്പാടൻ നേതൃത്തം നൽകി. തുടർന്ന് കുടുംബക്കാര്‍ ഒത്തുചേര്‍ന്ന് വരും വര്‍ഷങ്ങളിലേക്കുള്ള കമ്മിറ്റിക്കാരെ തിരഞ്ഞെടുക്കുകയും എല്ലാവര്‍ഷവും കുടുംബയോഗം നടത്തുവാനും തീരുമാനിച്ചു. അതനുസരിച് അടുത്ത വർഷത്തെ യോഗം ഫെബ്രുവരിയിൽ പൂളിൽ വച്ച് നടത്തുവാനും തീരുമാനമായി. Dr. ജോൺ രക്ഷാധികാരിയായ കമ്മിറ്റിയിൽ ബിജു ജെയിംസ് -പ്രസിഡന്റ്, ബെന്നി ചാക്കോ -സെക്രട്ടറി, സതീഷ് സ്കറിയ- ട്രെഷറർ, സിൻലെറ്റ് മാത്യു- വൈസ് പ്രസിഡന്റ്, സാജി ജോസ്- ജോയിന്റ് സെക്രട്ടറി, തോമസ് ജോർജ് -കൾച്ചറൽ സെക്രട്ടറി, ജീന ജോബ് -പ്രോഗ്രാം കോഓർഡിനേറ്റർ ആയും തിരഞ്ഞെടുക്കപ്പെട്ടു. മാത്യു അലക്സാണ്ടർ, സക്കറിയ തോമസ്, ബോണി മാത്യു, സീമ സതീഷ് എന്നിവർ കമ്മറ്റിയിൽ നിയമിതരായി.
ഉച്ചയോടെ ഞാവള്ളി കുടുംബത്തിലെ തന്നെ അംഗവും ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാര്‍ രൂപതയുടെ പ്രഥമമൈത്രാനുമായ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിനെ കുടുംബാംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് സ്വീകരിക്കുകയും കുടുംബാംഗങ്ങള്‍ക്കൊപ്പം ഭക്ഷണത്തിൽ പങ്കുചേരുകയും ചെയ്തു. തുടര്‍ന്ന് കുടുംബയോഗം ഉദ്ഘാടനം ചെയ്ത് കുടുംബയോഗങ്ങളുടെ ആവശ്യകതയെ കുറിച്ചു സന്ദേശം നല്‍കുകയും ചെയ്തു. രാവിലെ വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച കൂട്ടായ്മ കുടുംബക്കര്‍ക്കെല്ലാം ഒരു പുതിയ അനുഭവം ആയിരുന്നു.
തരുന്ന സ്നേഹത്തിന് കണക്ക് പറയാതിരിക്കുകയും, കൊടുക്കുന്ന സ്നേഹത്തെ സൂക്ഷിച്ചുവയ്ക്കുകയും, പരിഭവങ്ങൾ കേൾക്കുമ്പോൾ നെഞ്ച് ഉരുകുകയും, പരിഭവങ്ങൾ പറയുമ്പോൾ ആശ്വാസമേകുകയും ചെയ്യുന്ന മുഖങ്ങൾ കാണാൻ സാധിക്കുന്ന ഒരേ ഒരു സ്ഥലം കുടുംബമാണെന്ന് നാം അറിയുക… ഇഴയറ്റുപോയ ബദ്ധങ്ങളെ ഊട്ടിയുറപ്പിക്കാൻ ഉതകുന്നതാകട്ടെ ഇത്തരം ഒത്തുചേരലുകൾ…. അങ്ങനെ പുതുതലമുറക്ക് ഒരു മാർഗദർശനമാകട്ടെ ഈ കൂടിച്ചേരലുകൾ…
Leave a Reply