ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : അന്താരാഷ്ട്ര നേഴ്സുമാര്‍ക്കുള്ള ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ അറിയിക്കാൻ ഇപ്പോൾ അവസരം. ടെസ്റ്റിൽ നിർദ്ദേശിച്ചിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ആളുകൾക്ക് അഭിപ്രായം പറയാൻ അവസരം നൽകുന്ന പബ്ലിക് കൺസൾട്ടേഷൻ ആരംഭിച്ചതായി എൻഎംസി അറിയിച്ചു. കൺസൾട്ടേഷൻ ഇന്ന് മുതൽ (17 ജൂൺ 2022) എട്ട് ആഴ്ച നീണ്ടുനിൽക്കും. ഓൺലൈൻ സർവേ പൂരിപ്പിച്ചുകൊണ്ട് എല്ലാവർക്കും അവരുടെ അഭിപ്രായങ്ങൾ പങ്കിടാനാകുമെന്ന് എൻഎംസി അറിയിച്ചു. 15 മുതൽ 20 മിനിറ്റ് വരെ മാത്രം ദൈർഘ്യമുള്ള സർവേ ആണിത്. 2022 ഓഗസ്റ്റ് 12 ന് കൺസൾട്ടേഷൻ അവസാനിക്കും.
ഐഇഎല്‍ടിഎസ്, ഒഇടി ടെസ്റ്റുകളാണ് നിലവില്‍ അന്താരാഷ്ട്ര പരിശീലനം നേടി രജിസ്റ്ററില്‍ ചേരാനെത്തുന്ന നേഴ്സുമാര്‍ക്കായി എന്‍എംസി സ്വീകരിക്കുന്നത്. ഇതില്‍ നിന്നും സുപ്രധാന മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും എല്ലാവര്‍ക്കും ന്യായമായ രീതിയിലേയ്ക്ക് നയം മാറ്റണമെന്ന ആവശ്യത്തില്‍ ജൂണില്‍ പബ്ലിക് കണ്‍സള്‍ട്ടേഷന്‍ ആരംഭിക്കുമെന്ന് എന്‍എംസി നേരത്തെ അറിയിച്ചിരുന്നു. ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റ് പരിഗണിക്കുന്ന രീതിയാണ് ആദ്യം കണ്‍സള്‍ട്ടേഷന് വിധേയമാകുക. രണ്ടാമത്, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം പരിശോധിക്കാന്‍ മറ്റ് തെളിവുകള്‍ പരിഗണിക്കേണ്ടതുണ്ടോ എന്നതാണ്. എംപ്ലോയറുടെ റഫറന്‍സ്, യുകെയിലെ ഹെല്‍ത്ത്കെയര്‍ സംവിധാനങ്ങളില്‍ റെഗുലേറ്റ് ചെയ്യാത്ത പ്രാക്ടീസില്‍ നിന്നുള്ള തെളിവ്, ബിരുദാനന്തര ബിരുദം ഇംഗ്ലീഷിൽ പഠിച്ചതാണോ എന്ന് തുടങ്ങിയ പരിശോധനകളും ഇതില്‍ പെടും.
രോഗികളുമായി ഏറ്റവും കൂടുതല്‍ സമയം ചെലവിടുന്ന ഹെല്‍ത്ത് & കെയര്‍ പ്രൊഫഷണലുകളാണ് നേഴ്സുമാർ, മിഡ്വൈഫ്, നഴ്സിംഗ് അസോസിയേറ്റുകള്‍ എന്നിവർ. രോഗികളുമായുള്ള ആശയവിനിമയം പ്രധാനമായതിനാല്‍ ഇംഗ്ലീഷ് പ്രാവീണ്യം അനിവാര്യമാണെന്ന് എന്‍എംസി സ്ട്രാറ്റജി ആൻഡ് ഇൻസൈറ്റിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ മാത്യു മക്ലെലാൻഡ് പറഞ്ഞു. അതുകൊണ്ട് തന്നെ രജിസ്റ്ററില്‍ ചേരുന്നവര്‍ക്ക് ശക്തമായ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വേണമെന്ന് എന്‍എംസി വ്യക്തമാക്കി.
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് അഭിപ്രായങ്ങൾ അറിയിക്കാം.
https://www.nmc.org.uk/registration/joining-the-register/english-language-consultation/
Leave a Reply